ബുള്ളറ്റ് ട്രെയിന്‍; മോദിയുടെ സ്വപ്നപദ്ധതിയെപ്പറ്റി 10 കാര്യങ്ങള്‍

By Web DeskFirst Published Sep 13, 2017, 7:00 PM IST
Highlights

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടുകയാണ്.  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദർശിക്കാനെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേർന്നായിരിക്കും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന് തറക്കല്ലിടുക. ബുള്ളറ്റ് ട്രെയിൻ‌ പാത 2023ല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു  കഴിഞ്ഞ മാസം ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചിരുന്നു. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രധാന വാഗ്ദാനമായിരുന്ന പദ്ധതിയെപ്പറ്റി അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

1. ചിലവ്  97,636 കോടി
പദ്ധതിക്ക് 97,636 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 80 ശതമാനവും വായ്പയായി നൽകാമെന്നാണ് ജപ്പാൻറെ വാഗ്ദാനം. വര്‍ഷം 0.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപത്തിന്റെ തിരിച്ചടയ്ക്കൽ കാലവധി 50 വർഷം

2. 12 സ്റ്റേഷനുകള്‍
മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നാണ്  ബുള്ളറ്റ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. 508 കിലോമീറ്റർ ദൂരത്തിനിടെ ബുള്ളറ്റ് ടെയിനിനായി 12 സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിൽ നാലെണ്ണം മഹാരാഷ്ട്രയിലും ബാക്കി ഗുജറാത്തിലുമാകും.

3. കടലിനടിയിലൂടെയുള്ള യാത്ര  
 ബാന്ദ്ര കുർല കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന യാത്ര തുടര്‍ന്ന് കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താണെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരും.

4. മുംബൈയിലേക്ക് രണ്ട് മണിക്കൂര്‍
മുംബൈയില് നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാസമയം നിലവിൽ  ഏഴു മണിക്കൂറാണ്. ബുള്ളറ്റ് ട്രെയിനിന് വെറും രണ്ടു മണിക്കൂര്‍ മതിയാകും.

5. രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ
നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെക്കാൾ രണ്ടിരട്ടി വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക.

6. വേഗം  മണിക്കൂറില്‍ 320 കിലോമീറ്റര്‍
മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും ട്രെയിന്റെ പരമാവധി വേഗം. 12  സ്റ്റേഷനുകളിൽ നിർത്തിയാലും ശരാശരി 250 കിലോമീറ്റർ വേഗത്തിൽ‌ സഞ്ചരിക്കാൻ സാധിക്കും എന്നാണ് കണക്ക്

7. ആദ്യ ഓട്ടം 2022 ൽ
പദ്ധതി പൂര്‍ത്തീകരിക്കാന്‍ 2023 വരെയാണ് സമയപരിധി. എന്നാല്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമായ 2022 ഓഗസ്റ്റ് 15 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

8. 15 ലക്ഷം തൊഴിലവസരങ്ങള്‍  
പദ്ധതി ഏകദേശം 15 ലക്ഷം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

9. 750 യാത്രക്കാർ
ഒരു ടെയിനിൽ 750 യാത്രക്കാർക്ക് വരെയാണ് കയറാം. ദിവസവും ഒന്നിലധികം യാത്രകള്‍ നടത്താനാണ് പദ്ധതി

10. മെയ്ക് ഇൻ ഇന്ത്യ
ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്താനായി 24 ഹൈ-സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുമെങ്കിലും രണ്ടാം ഘട്ടപദ്ധതി മുതല്‍ ട്രെയിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

click me!