ചിലവായ 80 ശതമാനം തുകയും തിരിച്ചു കിട്ടി പക്ഷേ പാലിയേക്കര ടോൾ പ്ലാസ 10 വർഷം കൂടി

By Web TeamFirst Published Oct 16, 2018, 10:07 AM IST
Highlights

ദിനംപ്രതി ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. വാഹനങ്ങള്‍‍ പെരുകുന്നതും ടോള് നിരക്ക് ഇടയ്ക്കിടെ കൂട്ടുന്നതും മൂലം കമ്പനിയ്ക്ക് ചെലവായതിൻറെ നാലു മടങ്ങ് പണം തിരികെ കിട്ടും. 

തൃശ്ശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിന്‍റെ 80 ശതമാനം തുകയും  കരാര്‍ കമ്പനി  ഇതിനകം  പിരിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ടോള്‍ പിരിവിൻറെ കാലാവധി തീരാൻ ഇനിയും 10 വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിൻറെ നാലു മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നു

2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്.ഇതിനകം പിരിച്ചെടുത്തത് 569.51 കോടി രൂപയാണ്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം  2028 ജൂലായ് 21 വരെ ടോള്‍ പിരിക്കാം. മണ്ണുത്തി-ഇടപ്പള്ളി  4 വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിയ്ക്ക് ചെലവായത് 721.17 കോടി തുക രൂപയാണ്.അതായത് 151.66 കോടി  രൂപ കൂടി കിട്ടിയാല് ചെലവായ തുക കമ്പനിക്ക് കിട്ടും. 

ദിനംപ്രതി ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. വാഹനങ്ങള്‍‍ പെരുകുന്നതും ടോള് നിരക്ക് ഇടയ്ക്കിടെ കൂട്ടുന്നതും മൂലം കമ്പനിയ്ക്ക് ചെലവായതിൻറെ നാലു മടങ്ങ് പണം തിരികെ കിട്ടുമെന്ന് പൊതുപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ടോള്‍ കമ്പനിയ്ക്ക് മുടക്കുമുതല്‍ തിരിച്ചുകിട്ടിയാല്‍ കരാര്‍ കാലാവധി തികയും മുമ്പു തന്നെ  ദേശീയപാത അതോറിറ്റി പാത ഏററെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെ ആവശ്യം.

click me!