നാരായബിന്ദുവില്‍ അഗസ്‍ത്യനെ കാണാം

By അരുണ്‍ അശോകന്‍First Published Jan 3, 2018, 11:23 AM IST
Highlights

വെൺമേഘസാഗരത്തിന് നടുവിലെ ഒരുതുണ്ട് ശിലാഖണ്ഡം. ആ ശിലാഖണ്ഡത്തിന് മുകളിൽ ആകാശത്തെയും താഴെയാക്കി നിറഞ്ഞുനിൽക്കുമ്പോൾ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആയിരം ഗന്ധങ്ങളുടെ വകഭേദങ്ങളുമായി കാറ്റ് വരികയായി. തലമുടിയിൽ, മുഖത്ത് , കഴുത്തിൽ ആപാദചൂടം തഴുകി, ആ കാറ്റ്  കടന്നുപോകാതെ ചുറ്റിയങ്ങനെ നിൽക്കും. കാറ്റിനൊപ്പമെത്തുന്ന തണുത്ത മഞ്ഞുകണങ്ങൾ ത്വക്കിനോടുരസി കുശലം പറയും.  കണ്ണും കാതും മൂക്കും ത്വക്കും പിന്നെ മനസ്സും നിറയുന്ന അനുഭവം.  

പ്രകൃതി നിങ്ങളെ കൊതിക്കപ്പിക്കാറുണ്ടോ? പ്രകൃതിയുടെ നിറഭേദങ്ങൾ നിങ്ങളുടെ മനസ്സിനെ എന്തെന്നില്ലാത്ത ആനന്ദനിർവൃതിയിൽ ആറാടിക്കാറുണ്ടോ? എങ്കിൽ ഈ കുറിപ്പ് വായിക്കരുത്. ഇപ്പോൾ ഒരു കാരണവശാലും വായിക്കരുത്. കാരണം വർഷത്തിൽ 6000 പേർക്ക് മാത്രം ലഭിക്കുന്ന പ്രകൃതിയുടെ  അനുഗ്രഹത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.  ആഗസ്ത്യമുടിയുടെ നെറുകയിലേക്കുള്ള യാത്രയെക്കുറിച്ച്.

കേരളവും തമിഴ്നാടും ആന്ധ്രയും കർണാകടവുമൊക്കെ നിറയുന്ന ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമെന്ന് ഈ ഭൂമിയെ വിശേഷിപ്പിക്കാം.  ആര്യസംസ്കാരത്തിനൊപ്പം തലയുയർത്തി നിൽക്കുന്ന ദ്രാവിഡ സംസ്കാരത്തിന്റെ കുലകൂടസ്ഥനെന്ന് വിശ്വസിക്കുന്ന അഗസ്ത്യരുടെ തപോഭൂമിയാണ് അഗസ്ത്യമുടിയെന്നാണ് വിശ്വാസം.  അങ്ങനെയെങ്കിൽ ശിവനിൽ തുടങ്ങുന്ന സിദ്ധവൈദ്യത്തിന്റെയും മലയാളത്തിന്റെ മാതാവെന്ന് വിശ്വസിക്കപ്പെടുന്ന തായ്ത്തമിഴിന്റെയും തെളിനീരൊഴുകിത്തുടങ്ങുന്നതും ഇവിടെ നിന്നാകണം. വിശ്വാസങ്ങളെത്രയുണ്ടായാലും പ്രകൃതിയുടെ വരദാനമാണ് ഈ കാനനഭൂമിയെന്നത് വിശ്വാസങ്ങൾക്ക് മുകളിൽ നിൽക്കുന്ന പരമാർത്ഥം.

അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര ഒരു തീർത്ഥാടനമാണ് . കാംക്ഷിക്കുന്നത് മറ്റാരെക്കാളും പ്രകൃതിയുടെ അനുഗ്രഹവും.

സൂര്യന്റെ തണുത്ത കിരണങ്ങൾക്കൊപ്പം നടന്നുതുടങ്ങണം. അത് തുടങ്ങുന്നത് ബോണക്കാട്ടെ ഫോറസ്റ്റ് ഓഫീസിൽ നിന്നാണ്.  സ്ഥിരം തിരക്കുകളെ താത്കാലികമായി ഇവിടെ ഉപേക്ഷിച്ചേക്കുക. കൂടെ പ്ലാസ്റ്റിക്, മദ്യം , ലഹരി അങ്ങനെ ചിലത് കൂടി. ഒരുപാട് പണത്തിന്റെ ഭാരം  കൂടി ഉപേക്ഷിക്കാവുന്നതാണ്. ഒരുപാട് പണം കൊണ്ട് തുള്ളി വെള്ളം പോലും കിട്ടാത്ത ഇടമുണ്ടെന്ന തിരിച്ചറിവിന് വേണ്ടിക്കൂടിയാണല്ലോ ഈ യാത്ര.

അധികം ഇടതൂർന്നതല്ലാത്ത വനത്തിലൂടെയാണ് യാത്രയുടെ തുടക്കം. കാടിന്റെ നനുത്തൊരു മൃദുലഭാവം. ആ മൃദുലതയുടെ കുളിരായി അധികം താമസിയാതെ വെള്ളച്ചാട്ടങ്ങൾ കുതിച്ചെത്തുകയായി. ഒന്നല്ല കുറേ എണ്ണം. വെറുതെ കണ്ട് കാലു നനച്ച് മുഖം കഴുകി നടന്നുപോകരുത്. അങ്ങനെ പോകാൻ ആർക്കുമാകില്ല. കാരണം ഈ വെള്ളച്ചാട്ടങ്ങൾക്ക് മനുഷ്യശരീരത്തെ ആകർഷിച്ചെടുക്കാനുള്ള മാന്ത്രികവിദ്യ വശമുണ്ട്. ഒരോ വെള്ളച്ചാട്ടത്തിന്റെയും മാന്ത്രികത വ്യത്യസ്തവുമാണ്. ഒരുവളിൽ മുങ്ങിയെന്ന കാരണത്താൽ അടുത്തവളെ ഉപേക്ഷിക്കാൻ ആർക്കുമാകില്ല. എല്ലാ വെള്ളച്ചാട്ടത്തിനും ശരീരത്തെ വിട്ടുനൽകണം. ഓരോന്നും തിരികെ നൽകുന്ന വ്യത്യസ്തതയുള്ള മണവും തണുപ്പും അനുഭവിച്ചറിയണം.

രണ്ടായിരത്തോളം അപൂർവ ഔഷധസസ്യങ്ങളുടെ ഉദ്യാനമാണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്കെന്ന 3500 ചതുരശ്രകിലോ മീറ്ററിൽ പരന്നുകിടക്കുന്ന വൃക്ഷ,സസ്യ സാഗരം. അതിൽ പലതും അഗസ്ത്യമുടിയുടെ താഴ്വരയിൽ മാത്രം വളരുന്നവയാണ്. അതിൽ ഏതേതിന്റെ വേരും ഇലയും കായുമൊക്കെ ആവാഹിച്ചുകൊണ്ടാണ് ഓരോ തുള്ളിവെള്ളവും ഈ മണ്ണിലൂടെ ഒലിച്ചുവരുന്നതെന്ന് നമുക്കറിയില്ലല്ലോ. അതുകൊണ്ട് തന്നെ പരമാവധി തുള്ളികളെ സ്വാംശീകരിക്കണം.

ഓരോ വെള്ളച്ചാട്ടം കഴിയുമ്പോഴും കാടിന്റെ മൃദുലഭാവം പതിയെ മാറുന്നത് കാണാം. കാട് കടുപ്പം വയ്ക്കുകയാണ്. ഈ കനംവയ്ക്കലിൽ കിലോ മീറ്ററുകൾ പിന്നിലേക്ക് മാറും. കാടിനുള്ളിൽ കിലോ മീറ്ററുകൾക്ക് എന്ത് കാര്യം. അവിടെ പച്ചപ്പിനാണ് കാര്യം.  അത് മനസ്സിലാകുന്നത് പുൽമേടുകളിൽ എത്തുമ്പോഴാണ്.  അതുവരെ കണ്ട പച്ചപ്പാകില്ല പുൽമേടുകളിൽ കാണാനാവുക. പച്ച ഒന്നല്ല, പല നിറങ്ങളോടിടകലർന്ന് അതിന് പലഭാവമാണ്. പുൽമേട്ടിൽ മഞ്ഞയും പച്ചയും ചേർന്നാണ് വിസ്മയം ഒരുക്കുന്നത്. ഒന്നിന് പുറകിൽ ഒന്നെന്ന കണക്കിൽ നിരന്നുനിൽക്കുന്ന പുൽമേടുകൾ. വരകൾ പോലെ ഓരോ മലയിലും പാത നീണ്ടുകിടക്കുകയാണ്.

അങ്ങകലെയായി ഉയർന്നുനിൽക്കുന്ന പച്ചക്കുന്നിന്റെ മുതുകിലെ വര കാണുമ്പോൾ ഉള്ളൊന്നു കാളും, ആ വര നമുക്ക് താണ്ടാനുള്ള പാതയാണെന്ന തിരിച്ചറിയലിന്റെ കാളൽ.

അങ്ങനെ തോന്നുമ്പോൾ ഒന്ന് കണ്ണടയ്ക്കുക, കിതപ്പടക്കിയ ശേഷം ചുറ്റിലും നോക്കുക. ഒരു ഭാഗത്തായി കോട്ടകെട്ടിയിരിക്കുന്ന പർവതനിര, താണു താണു പോകുന്ന പുൽമേടുകൾ, അതിനും താഴെ  കാട്, വേണമെങ്കിൽ ഇടയ്ക്കു കാണുന്ന കാട്ടുനെല്ലി മരത്തിൽ നിന്ന് ഒരു നെല്ലിക്ക കൂടി കഴിക്കാം. ഈ സ്വസ്ഥത വേറെ എവിടെ അനുഭവിക്കാൻ കഴിയും. ചെങ്കുത്തായ ദൂരം ഒരുപാട് താണ്ടാനുണ്ടെന്ന ബോധം പോലും ഈ സ്വസ്ഥ്യത്തിൽ അലി‍ഞ്ഞുപോകും. 

പുൽമേടുകളിലെത്തുമ്പോൾ സൂര്യൻ തീഷ്ണത കാട്ടിത്തുടങ്ങും . തലയ്ക്ക് മുകളിൽ നേരെ തന്നെ സൂര്യനെത്തുമ്പോൾ ഒരു കുന്നിൽ നിന്ന് അടുത്ത കുന്ന് തുടങ്ങുന്നിടത്ത് വളരുന്ന ചെറിയ കാടുകൾ ആശ്വാസകേന്ദ്രങ്ങളാകും.  ഇടയ്ക്കിടെ എത്തുന്ന ഇത്തരം ചെറുകാടുകളിലെ കല്ലുകളിൽ പലതിലും വിശ്രമിച്ചവരുടെ പേരുകൾ എഴുതിവച്ചിരിക്കുന്നത് കാണാം.   വഴിയിലൊരിടത്ത് ഒരു പ്രത്യേക ഗുഹയുണ്ട്. ഇതിന് മുന്നിൽ ഒരുപാട് ചന്ദനത്തിരികൾ പുകഞ്ഞുകൊണ്ടേയിരിക്കും. ഇത് കരടിയുടെ ഗുഹയാണെന്നും, യാത്രയിൽ കരടിയുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ആദരവോടെ തിരി കത്തിക്കണമെന്നുമാണ് വിശ്വാസം.

മൃഗങ്ങളുടെ വാസകേന്ദ്രങ്ങളിലേക്ക് അവരുടെ അനുവാദമില്ലാതെ കടന്നുകയറുമ്പോൾ വിശ്വാസത്തിന്റെ പേരിലായാലും അവരോട് ബഹുമാനം സൂക്ഷിക്കുന്നത് നല്ലതുതന്നെയാണ്.

 

പുൽമേടുകൾ കടന്ന ശേഷമുള്ളതാണ് ഒന്നാം ദിനയാത്രയിലെ ഏറ്റവും കടുപ്പമേറിയ ഭാഗം. കുത്തനെയുള്ള കൊടുംകാട് താണ്ടിവേണം അതിരുമലയിലെ ക്യാമ്പിലെത്താൻ. ഇടുങ്ങിയ വഴിയിലൂടെയുള്ള കയറ്റത്തിൽ വൃക്ഷമുത്തച്ഛൻമാരുടെ വേരുകൾ യാത്രികർക്ക് കൈകൊടുക്കും. ഇവരെ പിടിച്ച് പതിയെ നടന്ന് മുകളിലെത്തിയാൽ പിന്നെ നിരന്ന സ്ഥലങ്ങളിലൂടെയാകും യാത്ര. ഇവിടെ വേരുകൾക്കും പരന്ന കല്ലുകൾക്കും മുകളിലൂടെയാണ് ഓരോ കാൽവയ്പ്പും. അവിടവിടെ ആദിദൈവങ്ങളുടെ തറകളും കാണാം. പല പല രൂപത്തിൽ ദൈവാകാരം പൂണ്ട കല്ലുകൾ.

വലിയ വൃക്ഷങ്ങളുടെ കീഴെ മഞ്ഞൾപ്പൊടി ചൂടി അവർ ദൈവങ്ങളായി അനുഗ്രഹം ചൊരിയുന്നു.

പ്രകൃതിയുടെ മുന്നിൽ അങ്ങനെ വന്ദിച്ച് വന്ദിച്ച് നടക്കുമ്പോൾ ഒടുവിൽ ആ ബോർഡ് കൺമുന്നിലെത്തും.  ആറു കിലോ മീറ്റർ ദൂരം കാണിച്ച് അഗസ്ത്യമുടിയിലേക്ക് ചൂണ്ടുന്ന അമ്പിൻതലയും അതിരുമല ബേസ് ക്യാമ്പിലേക്ക് ചൂണ്ടുന്ന അമ്പിൻതലയും.  നാളെയുടെ സൂര്യോദയത്തിന്റെ ഉൻമേഷവുമായി മടങ്ങിവരുമെന്ന ഉറപ്പുനൽകി ഓരോ യാത്രികനും  അഗസ്ത്യമുടിയിലേക്കുള്ള അമ്പിൻതലയെ വിട്ട് ക്യാമ്പിലേക്കുള്ള വഴി പിടിക്കും. അപ്പോൾ സന്ധ്യയുടെ തണുപ്പ് നിങ്ങളെ വലയം ചെയ്യുന്നുണ്ടാകും.  താഴെ കാട്ടിലെവിടെയോ ഒരു കാട്ടാനയുടെ ചിന്നംവിളി കേട്ടെന്നുവരാം.

അഗസ്ത്യകൂടയാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു കാര്യം അതിരുമല ക്യാമ്പിൽ കാത്തിരിപ്പുണ്ട്. ക്യാമ്പിന് തൊട്ടടുത്ത് കൂടെ ഒഴുകുന്ന അരുവിയുള്ള കുളിയാണത്. തലയോളം പൊക്കത്തിൽ ഉയർന്നുനിൽക്കുന്ന പുൽനാമ്പുകളെ വകഞ്ഞുമാറ്റി വേണം അരുവിയിലെത്താൻ. കുളിച്ച് നീണ്ടയാത്രയുടെ ക്ഷീണം അകന്നാൽ തല നേരെ നിൽക്കും. അപ്പോൾ നേരെ മുന്നിൽ കാണാം സാക്ഷാൽ അഗസ്ത്യമുടി. പുൽക്കാടിന് ഇടയിൽ അവിടവിടെ പരന്ന പാറകൾ ഉണ്ട്. അതിൽ അങ്ങനെയിരിക്കുമ്പോൾ , പ്രകൃതി കൂടി കനിഞ്ഞാൽ കണ്ണുനിറയെ അഗസ്ത്യന്റെ തപോഭൂമി കാണാം. പലപ്പോഴും ആ ഗാംഭീര്യം മഞ്ഞിന്റെ പുതപ്പിനുള്ളിൽ ഒളിക്കാറാണ് പതിവ്.  ആ മറയില്ലെങ്കിൽ അഗസ്ത്യമുടിയെ നോക്കി അങ്ങനെ അറിയാതെ ഇരുന്നുപോകും. ആ ഇരുപ്പിൽ സന്ധ്യ പതിയെ മലയിറങ്ങിവരും, കൂടെ തണുപ്പിന്റെ കാഠിന്യവും. ഭാഗ്യമുണ്ടെങ്കിൽ അഗസ്ത്യമുടിക്ക് മുകളിൽ ഉയർന്നുനിൽക്കുന്ന ചന്ദ്രനെയും കാണാം. സന്ധ്യ ഇരുളായിക്കഴിഞ്ഞാൽ കഞ്ഞികുടിച്ചുള്ള ഉറക്കമാണ്.

അടുത്ത ദിവസം രാവിലെ തുടങ്ങുന്ന യാത്ര അധികം താമസിയാതെ ഈറ്റക്കാടുകളുടെ ഇടയിലേക്ക് മാറും. ഓരോ കാടിനു പിന്നിലും കരിവീരൻ മറഞ്ഞുനിൽക്കുന്നുണ്ടോയെന്ന ജാഗ്രതയോടെയാകും ഓരോ കാൽവയ്പ്പും. ജാഗ്രതയുടെ യാത്രക്കൊടുവിൽ പൊങ്കാലപ്പാറയ്ക്ക് താഴെയെത്താം. അവിടെയെത്തുമ്പോൾ അഗസ്ത്യമുടി മുന്നിലങ്ങനെ ഭീമാകാരത്വത്തോടെ കയ്യെത്തുന്ന ദുരത്തെന്ന് തോന്നും. അഗസ്ത്യന്റെ നെറുകയിൽ എത്തുന്നതിന് മുൻപുള്ള അവസാന കുളിക്കുള്ള അവസരം ഇവിടെയാണ്.

ഇവിടെ എത്തുന്നതോടെ താഴ്ചകളെക്കുറിച്ചുള്ള ഭയം യാത്രികരെ ഗ്രസിച്ചുതുടങ്ങും.

എങ്ങോട്ട് തിരിഞ്ഞാലും വലിയ താഴ്ചകൾ. കോടമഞ്ഞ് ഇടയ്ക്കിടെ വന്ന് തഴുകിയാത്രപറഞ്ഞ് പിന്നിലേക്ക് പോകും.  പൊങ്കാലപ്പാറയും കടന്നാൽ മരുന്നുചെടികളുടെ കുഞ്ഞുകാടായി. ഒന്ന് കഴിഞ്ഞ് ഒന്നെന്ന കണക്കിൽ പല പല കാടുകൾ. ഒടുവിൽ കീഴ്ക്കാംതൂക്കായ പാറയിലൂടെയുള്ള സാഹസിക യാത്ര. മുകളിൽ നിന്ന് താഴേക്കിട്ടിരിക്കുന്ന ഇരുമ്പ് വടങ്ങളിൽ പിടിച്ചാണ് ഈ കയറ്റം. ഒന്നിന് പുറകെ ഒന്നെന്ന തരത്തിൽ പലതുകടക്കണം. ഒന്നു കാൽതെറ്റിയാൽ പതിക്കുക വലിയ താഴ്ചയിലേക്കായിരിക്കും.  

പലപ്പോഴും കനത്ത കാറ്റും കടുത്ത മഞ്ഞുമാകും യാത്രികരെ സ്വീകരിക്കുക. ഇത്രയും ആകുമ്പോൾ അഗസ്ത്യന്റെ മസ്തകം കാണാനുള്ള മോഹം ചിലരെങ്കിലും ഉപേക്ഷിക്കാറുണ്ട്. ഭയത്തിന്റെ അവസാന പരീക്ഷണവും താണ്ടിയാൽ ലക്ഷ്യത്തിലെത്താം.  ലോകത്തിന് മുകളിലെന്നോണം ഉയർന്നുനിൽക്കുന്ന അഗസ്ത്യമുടിയുടെ മസ്തകം. ആദ്യം പറഞ്ഞത് ഓർമ്മയില്ലെ ചുറ്റിലും വെളുത്ത മേഘങ്ങൾക്ക് നടുവിൽ ഉയർന്നുനിൽക്കുന്ന ശിലാഖണ്ഡം. അധികം വീസ്ത്രീർണമില്ലാത്ത ചെറിയൊരു പരന്ന പ്രതലം. അതിന്റെ ഒരുഭാഗത്ത് ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന ചെറുവൃക്ഷങ്ങളെന്ന് തോന്നിക്കുന്ന ചെടികളുണ്ട്.  ആ ചെടികൾക്കു നടുവിലാണ് സാക്ഷാൽ അഗസ്ത്യമുനിയുടെ പൂർണകായ പ്രതിമ.

പീഠത്തിന് മുകളിൽ ദ്രാവിഡസംസ്കാരത്തിന്റെ കുലഗുരു. അഗസ്ത്യന്റെ അനുഗ്രഹമായാലും പ്രകൃതിയുടെ അനുഗ്രഹമായാലും അഗസ്ത്യകൂടത്തിന് മുകളിലെ അനുഭവം എത്ര വാക്കുകൊണ്ടും പറഞ്ഞുഫലിപ്പിക്കുകവയ്യ.

ആ സുന്ദരമായ അനുഭവം ലഭിക്കാതെ പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണ്.

 

click me!