ഫ്രീറൈഡര്‍ എന്ന പേരിന് ട്രേഡ്‍മാര്‍ക്ക് നേടി ബജാജ്

By Web TeamFirst Published Jul 5, 2021, 8:49 PM IST
Highlights

ഈ വര്‍ഷം ആദ്യം ബജാജ് ഫ്‌ളൂവര്‍, ബജാജ് ഫ്‌ളൂയിര്‍ എന്നീ പേരുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് പേരുകളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് കിംവദന്തി. 

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഫ്രീറൈഡര്‍ എന്ന പേരിന് ഇന്ത്യയില്‍ ട്രേഡ്‍മാര്‍ക്ക് നേടിയതായി റിപ്പോർട്ട്. റഷ് ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് ട്രേഡ്മാര്‍ക്ക് അവകാശത്തിന് അപേക്ഷ സമര്‍പ്പിച്ചതെന്നും ജൂണ്‍ 21 ന് ഇതേ പേരിന് അംഗീകാരം ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഏത് ഉല്‍പ്പന്നത്തിന് ആണ് രജിസ്റ്റര്‍ ചെയ്‍ത പുതിയ പേര് നല്‍കുക എന്ന് ഇപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

ഈ വര്‍ഷം ആദ്യം ബജാജ് ഫ്‌ളൂവര്‍, ബജാജ് ഫ്‌ളൂയിര്‍ എന്നീ പേരുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് പേരുകളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് കിംവദന്തി. ബാറ്ററി കരുത്തേകുന്ന മോട്ടോര്‍സൈക്കിളിന് ഫ്രീറൈഡര്‍ എന്ന പേരിടുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അല്ലെങ്കില്‍ മോട്ടോര്‍സൈക്കിള്‍ ആകാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങള്‍ എന്ന വിഭാഗത്തിന് കീഴില്‍ ടൂ വീലേഴ്‌സ്, മോട്ടോര്‍സൈക്കിള്‍സ്, സ്‌കൂട്ടേഴ്‌സ്, ത്രീ വീലേഴ്‌സ്, ഫോര്‍ വീലേഴ്‌സ് എന്നീ ടാഗുകള്‍ ചേര്‍ത്താണ് ഫ്രീറൈഡര്‍ എന്ന പേരിന്റെ പേറ്റന്റ് രേഖ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് ഓട്ടോയുടെ നിരയില്‍ നിലവില്‍ ഒരു ഇലക്ട്രിക് വാഹനം മാത്രമാണുള്ളത്. ചേതക് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണിത്. ഈ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമായി മാറിയിരുന്നു.

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്.   പ്രീമിയം, അര്‍ബന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ സ്‌കൂട്ടറിന് യഥാക്രമം 1.44 ലക്ഷം രൂപ, 1.42 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറും വില. നിലവില്‍ ബെംഗളൂരു, പൂണെ എന്നീ നഗരങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ചേതക് വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. അധികം വൈകാതെ തന്നെ ഇ-ചേതക് ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല, ഈ സ്‌കൂട്ടര്‍ അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട 24 നഗരങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് ബജാജ് നേരത്തെ അറിയിച്ചിരുന്നു.

കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. 

click me!