ബിഎസ് ഫോർ വാഹനങ്ങൾ വില്‍ക്കുന്നതിനുള്ള അവസാന തീയതി നീട്ടി

By Web TeamFirst Published Mar 27, 2020, 6:00 PM IST
Highlights

ദില്ലി ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ് അനുവദിച്ചത്. ലോക്ക് ഡൗൺ അവസാനിച്ച് പത്ത് ദിവസത്തിൽ ഇപ്പോൾ വിറ്റഴിക്കാത്ത വാഹനങ്ങളിൽ 10 ശതമാനം വില്‍ക്കാമെന്ന് സുപ്രീംകോടതി.

ദില്ലി: ബിഎസ് ഫോർ വാഹനങ്ങൾ വില്‍ക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മാർച്ച് 31 വരെയായിരുന്നു ബിഎസ് ഫോർ വാഹനങ്ങൾ വില്‍ക്കുന്നതിനുള്ള സമയപരിധി. ലോക്ക് ഡൗൺ അവസാനിച്ച് പത്ത് ദിവസത്തിൽ ഇപ്പോൾ വിറ്റഴിക്കാത്ത വാഹനങ്ങളിൽ 10 ശതമാനം വില്‍ക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇവയുടെ രജിസ്ട്രേഷൻ വാങ്ങി പത്തുദിവസത്തിൽ പൂർത്തിയാക്കണം. ദില്ലി ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ് അനുവദിച്ചത്.

മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ബിഎസ് ഫോർ വാഹനങ്ങള്‍ നിരോധിക്കുന്നത്. ബിഎസ് സിക്സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങൾ മാത്രമേ വിൽക്കാൻ സാധിക്കൂവെന്നു എന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് സുപ്രീംകോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. 

Also Read: ഈ വാഹനങ്ങളുടെ ആയുസ് ഇനി വെറും ഒന്നരവര്‍ഷം മാത്രം!

എന്താണ് ബിഎസ്?

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

Also Read: എന്താണ് ബിഎസ്-3, ബിഎസ്-4? അറിയേണ്ടതെല്ലാം

click me!