ഹർത്താലിൽ പണിയെടുക്കാൻ തൊഴിലാളികളില്ല: സാധാരണ സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി

By Web TeamFirst Published Sep 26, 2021, 2:06 PM IST
Highlights

ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസമായ നാളെ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.  ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ  ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.  

ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവുമാണ് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ കാരണം.

അവശ്യ സർവ്വീസുകൾ വേണ്ടി വന്നാൽ പോലീസിന്റെ നിർദ്ദേശ പ്രകാരവും ആവശ്യം അനുസരിച്ചും മാത്രം രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെ സർവീസ് നടത്തും. കെഎസ്ആർടിസിയിലെ വിവിധ യൂണിറ്റുകൾ, അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന പാതയിൽ പരിമിതമായ  ലോക്കൽ സർവ്വീസുകൾ മാത്രമേ നടത്തൂ.

ദീർഘദൂര സർവ്വീസുകൾ അടക്കം എല്ലാ സ്റ്റേ സർവ്വീസുകളും ആറ് മണിക്ക് ശേഷം കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും  ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവ്വീസുകൾ അയക്കുന്നതിന് ജീവനക്കാരെയും ബസ്സുകളും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.  

click me!