പുഴകയറി വന്ന പോതി!

By പ്രശോഭ് പ്രസന്നന്‍First Published Nov 16, 2016, 11:10 PM IST
Highlights

നൂറ്റാണ്ടുകള്‍ക്കു മുമ്പ്, അവിടെയെവിടെയോ തേവാരത്തിനിറങ്ങിയ പൂന്തോട്ടത്തെ പൂര്‍വ്വികന്‍ നമ്പൂതിരി ജലമധ്യേ ഒരു വാള്‍ ഒഴുകി വരുന്നതു കണ്ടു. അസാമാന്യ തിളക്കം. ചുഴിയില്‍പ്പെട്ടെന്നോണം അതവിടങ്ങനെ ചുറ്റിത്തിരിഞ്ഞു. നീന്തിച്ചെന്ന നമ്പൂതിരി വാള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ആദ്യതവണ അത് പിടികൊടുത്തില്ല. രണ്ടാംതവണയും തഥൈവ. എന്നാല്‍ മൂന്നാമത്തെ പ്രാവശ്യം വാള്‍ കൈപ്പിടിയിലൊതുക്കി പൂന്തോട്ടം നമ്പൂതിരി അതുമായി ഇല്ലപ്പറമ്പിലൂടെ മേല്‍പ്പോട്ടു നടന്നു.

കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞുകൊണ്ടിരുന്നു. പ്രഭ ചൊരിയുന്ന ആ വാളിനെ ഇല്ലപ്പറമ്പിലെ ആളൊഴിഞ്ഞ കോണിലെ ഒരു കല്ലുവെട്ടാം കുഴിയില്‍ പൂര്‍വികന്‍ കൊണ്ടുവച്ചതും, ശേഷം പതിവു ശാന്തി ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ജോലിക്കു പോയതും തിരികെ വരുന്ന നേരത്ത്, കല്ലുവെട്ടാംകുഴിയില്‍ താന്‍ കൊണ്ടു വച്ചത് സാക്ഷാല്‍ ഭഗവതിയെയാണെന്നു തിരിച്ചറിഞ്ഞതുമടക്കമുള്ള കഥകള്‍.

നരീക്കാംവള്ളി. കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ - മാതമംഗലം റൂട്ടിനിടയിലെ ദേശം. വണ്ണാത്തിപ്പുഴ അതിരിട്ടൊഴുകുന്ന ഗ്രാമം. അത്യുത്തരകേരളത്തിന്റെ നാട്ടുപ്രദേശം. നാടകക്കൂട്ടങ്ങളും നാട്ടുകൂട്ടായ്മകളുമൊക്കെ സമ്പന്നമായ ഗ്രാമത്തില്‍ മുമ്പും പലതവണ വന്നിരുന്നു. നരീക്കാംവള്ളിയിലെ പേരു കേട്ട ഭാവനാ തിയേറ്റേഴ്‌സിന്റെ ചരിത്രമന്വേഷിച്ചും മറ്റുമൊക്കെയായിരുന്നു ആ യാത്രകള്‍. എന്നാല്‍ കക്കര ഭഗവതിയുടെ ആരൂഢസ്ഥാനമായ പൂന്തോട്ടം ഇല്ലത്ത് ചെന്നെത്തുന്നത് ആദ്യം. നരീക്കാംവള്ളി ജംഗ്ഷനില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ അകലെയാണ് പ്രശസ്തമായ കക്കര ഭഗവതിക്കാവ്. ഒരു നട്ടുച്ച നേരത്താണ് ഇല്ലത്തേയ്‍ക്കു പടികയറിച്ചെല്ലുന്നത്. പുരാതനമായ വീടും തൊടിയും.

ഇല്ലത്തു നിന്നും ചെറിയൊരു കയറ്റം കയറിയാല്‍ കാവായി. കുറ്റിക്കാടുകള്‍ക്കിടയിലൂടെ കാവു തേടി നടക്കുമ്പോള്‍ കണ്ടു, പണ്ട് നമ്പൂതിരി വാള് കൊണ്ടു വച്ചെന്നു വിശ്വസിക്കപ്പെടുന്ന കല്ലുവെട്ടാംകുഴി. അതിന്ന് വലിയൊരു മൈതാനമായി രൂപാന്തരപ്പെട്ടിരിക്കുന്നു. രണ്ടു വശത്തും ഗോള്‍ പോസ്റ്റുകള്‍. മണ്‍തിട്ടയുടെ മറുവശത്ത് വള്ളിപ്പടര്‍പ്പുകള്‍ കമാനം പോലെ വളഞ്ഞു നില്‍ക്കുന്നു. കാവിലേക്കുള്ള പ്രവേശന കവാടമാണ്. ഒരു ഗുഹാമുഖം പോലെ തോന്നി.

ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും പിറവിയെടുത്ത ദേവതയാണ് കക്കരഭഗവതിയെന്നും ആരൂഡസ്ഥാനം കല്‍കുറക്കാവ് എന്ന കക്കരക്കാവാണ് എന്നും തോറ്റം പാട്ടുകള്‍.  പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന കക്കരഭഗവതിയുടെ തോറ്റം പാട്ടുകളിലെ ആ കല്‍ക്കുറക്കാവു തന്നെയാണോ ഇതെന്ന സംശയം ഉള്ളിലുടക്കി. എന്നാല്‍ മിത്തും ചരിത്രവും പഴങ്കഥകളും വാമൊഴി വഴക്കങ്ങളുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഉത്തര കേരളത്തിന്റെ നാടോടിക്കഥകളില്‍ സംശയങ്ങള്‍ക്കു തെല്ലും സ്ഥാനമില്ലെന്ന് ഉള്ളിലിരുന്നാരോ മന്ത്രിച്ചു.

അതിനിടെ, പുഴയിലൂടെ ഒഴുകി പൂന്തോട്ടത്തിന്റെ മുമ്പിലേക്കു വരുന്നതിനു മുമ്പുള്ള കക്കര ഭഗവതിയുടെ ഫ്ളാഷ് ബാക്കുമായി കൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ ചന്ദ്രേട്ടന്‍ കഥയുടെ ഇഴകള്‍ കൂട്ടിത്തുന്നി. ചന്ദ്രേട്ടന്‍ പറഞ്ഞ, കാളകാട്ടില്ലത്തു നിന്നു ഭഗവതി പുഴയിലേക്ക് എടുത്തെറിയപ്പെടാനിടയാക്കിയ കഥയില്‍ ഭീതിയും നൊമ്പരവും ഇഴചേര്‍ന്നു കിടന്നിരുന്നു. അക്കഥ ഇതാണ്.

പണ്ട്, പണ്ട് എന്നു വച്ചാല്‍ വളരെപ്പണ്ട്. പൊറക്കുന്നിലെ പ്രശസ്തമായ കാളകാട്ടില്ലം. അന്നു കാളകാട്ടിലായിരുന്നു കക്കര ഭഗവതിയുടെ സ്ഥാനം. ഒരു ദിവസം കാളകാടന്‍ പൂജ ചെയ്യുന്ന സമയം. അതിനിടെയിലാണ് അകത്തു കുഞ്ഞുണര്‍ന്നു കരഞ്ഞത്. അകത്തുള്ളവരൊക്കെ എന്തോ തിരിക്കിലാവണം. കുഞ്ഞു നിര്‍ത്താതെ കരഞ്ഞിട്ടും ആരും കരച്ചിലടക്കാനെത്തിയില്ല. നമ്പൂതിരിക്ക് ദേഷ്യം വന്നു. അടക്കാനാരുമില്ലേ എന്ന് കാളകാടന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞിന്റെ കരച്ചില്‍ നിന്നു.

പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ നമ്പൂതിരി നടുങ്ങിപ്പോയി. ഇല്ലപ്പറമ്പിലെ കാഞ്ഞിര മരത്തില്‍ കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കുഞ്ഞിന്റെ ശരീരം. കുറച്ചപ്പുറം കക്കര ഭഗവതിയുടെ സ്ഥാനത്തെ പള്ളിവാളില്‍ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍. കാളകാടനു കാര്യം മനസ്സിലായി. അടക്കാനാരുമില്ലേ എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ഭഗവതി നടപ്പിലാക്കിയിരിക്കുന്നു. കുഞ്ഞിനെ കൊന്ന് കരച്ചില്‍ അടക്കിയിരിക്കുന്നു. കോപത്താല്‍ സമനില തെറ്റിയ നമ്പൂതിരി ഭഗവതിയുടെ ശക്തി കുടിയിരിക്കുന്ന ആ വാളു വലിച്ചെടുത്ത് തൊട്ടരിരികലെ പുഴയിലേക്കെറിഞ്ഞു. ആ വാളാണ് ഊരുചുറ്റുന്ന പുഴയിലൂടെ ഒഴുകിയൊഴുകി പൂന്തോട്ടം നമ്പൂതിരിയുടെ മുന്നില്‍ പ്രഭ ചൊരിഞ്ഞെത്തിയത്.

കല്ലുവെട്ടാം കുഴിയിലെ വാളില്‍ ഭഗവതിയാണെന്നു തിരിച്ചറിഞ്ഞ പൂന്തോട്ടം വാളെടുത്ത് ഇല്ലത്തിന്റെ പടിഞ്ഞാറ്റയില്‍ എത്തിച്ചെന്നും അന്നു മുതല്‍ പൂന്തോട്ടത്തെ ഇല്ലപ്പറമ്പിലായി ഭഗവതിയുടെ ആരൂഢസ്ഥാനമെന്നുമാണ് ചന്ദ്രേട്ടന്‍ പറഞ്ഞ കഥയുടെ ചുരുക്കം. ഇന്ന് കോലത്തു നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കക്കര ഭഗവതിയുടെ നിരവധി സ്ഥാനങ്ങളുണ്ട്. നരീക്കാംവള്ളി സ്ഥിതി ചെയ്യുന്ന കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തില്‍ തന്നെ ഇരുപത്തിയഞ്ചിലധികം സ്ഥാനങ്ങളുണ്ട്. ഇവയൊക്കെ പൂന്തോട്ടത്തു നിന്നും കുടിയേറിയതാണെന്നാണ് ഇല്ലക്കാര്‍ പറയുന്നത്.


 
കാവിനകത്തു കൂടെ ചുറ്റി നടക്കുമ്പോള്‍ തെയ്യപ്രപഞ്ചത്തിലെ അന്തമില്ലാത്ത വിസ്മയ കഥകള്‍ ഉള്ളിലങ്ങനെ അലയടിച്ചു കൊണ്ടിരുന്നു. മാമ്പള്ളി ഭഗവതി,അറുംബള്ളി ഭഗവതി, ചെക്കിച്ചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പലപേരുകളില്‍ അറിയപ്പെടുന്നത് കക്കര ഭഗവതിയാണെന്ന് ചില കഥകളുണ്ട്. എന്നാല്‍ ഇവയെല്ലാം വ്യത്യസ്തമാണെന്ന് സുഹൃത്തും തെയ്യം കലാകാരനുമായ കൃഷ്ണകുമാര്‍ ഒരിക്കല്‍ പറഞ്ഞതും ഓര്‍മ്മ വന്നു. രൂപത്തില്‍ ഇവ തമ്മില്‍ നിരവധി സാദൃശ്യങ്ങളുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. മാത്രമല്ല വണ്ണാന്‍ സമുാദയാക്കാരാണ് ഈ തെയ്യങ്ങളുടെയെല്ലാം കോലധാരികള്‍ എന്നതും സമാനതയാണ്.

മതില്‍ക്കെട്ടിനു സമീപത്താണ് വിഷ്ണു മൂര്‍ത്തിയുടെ സ്ഥാനം. ചട്ട്യോളിലെ കണിയേരി തറവാട്ടുകാരാണ് കോലധാരികള്‍. ആദ്യകാലത്ത് മലയന്‍ സമുദായക്കാര്‍ക്കായിരുന്നത്രെ കോലാധികാരം. അപ്പോഴാണ് വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടിയാടിച്ചു തുടങ്ങിയത്. പിന്നീടെപ്പോഴോ മലയന്മാര്‍ക്ക് ആ അധികാരം നഷ്ടമായി. അങ്ങനെ മലയരുടെ വിഷ്ണുമൂര്‍ത്തിയുടെ പ്രതിഷ്ഠ കാവിന് അകത്തുമല്ല, പുറത്തുമല്ല എന്ന നിലയില്‍ മതിലിനോട് ചേര്‍ന്നായതെന്നും കഥകളുണ്ട്.

കാവിന്‍റെ ഒരു കോണിലായി അണിയലപ്പുര. തെയ്യത്തിന്‍റെ രൂപത്തിലേക്ക് കോലക്കാരന്‍ അണിഞ്ഞൊരുങ്ങുന്ന ഇടമാണ് അണിയലം. കക്കരക്കാവിലെ അണിയലപ്പുരയുടെയും അരികില്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന ഒരു ചെമ്പകത്തിന്‍റെയും കഥ പറഞ്ഞു തന്നത് ചന്ദ്രേട്ടന്‍റെ ഭാര്യ ജയശ്രീ ടീച്ചര്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പൊരു കളിയാട്ടക്കാലം. കക്കരപ്പോതിയായി പകര്‍ന്നാടെനെത്തിയതാണ് കോലക്കാരന്‍. പ്രായമേറെച്ചെന്ന ഒരു വയോധികനായിരുന്നു അയാള്‍. ഭഗവതിയുടെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞയുടന്‍ പൂന്തോടനോട് ആ വയോധികന്‍ ചോദിച്ചു. ആറടി മണ്ണ് തരാമോ എന്ന്. തെയ്യമാണ് ചോദിക്കുന്നത്. തരാമെന്നു പൂന്തോടന്‍. പകര്‍ന്നാട്ടത്തിനൊടുവില്‍ തെയ്യം അണിയലപ്പുരയില്‍ പോയി കിടന്നു.

തെയ്യ വേഷത്തില്‍ തന്നെ അയാള്‍ മരിച്ചു. ജഡം എടുക്കാന്‍ നോക്കി. പക്ഷേ പൊങ്ങിയില്ല. ഒടുവില്‍ അവിടെത്തന്നെ അടക്കി. ഒരു ചെമ്പകവും നട്ടു. ഇന്നും കളിയാട്ടക്കാലത്ത് മരിച്ചവന്റെ കാലില്‍  തല വച്ചു കിടന്നാണ് കോലധാരി കക്കരഭഗവതിയായി മാറുന്നത്.

പണ്ടവിടെ നട്ടം ചെമ്പകം പിന്നെപ്പോഴോ നശിച്ചുപോയി. പിന്നെ അവിടെ കിളുര്‍ത്ത ചെമ്പകങ്ങളൊക്കെ കരിഞ്ഞേ പോയി. വീണ്ടും വീണ്ടും വച്ചു. പക്ഷേ ഒന്നും അവശേഷിച്ചില്ല. ടീച്ചര്‍ പറഞ്ഞത് ശരിയാണ്. ഒരു ചെമ്പകമരം അവിടെ പാതിയുണങ്ങി നില്‍ക്കുന്നത് കണ്ടു.

മകരം 20,21,22 തീയ്യതികളിലാണ് കളിയാട്ടം. നരമ്പില്‍ ഭഗവതി, പൂതം, വിഷ്ണു മൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങളും കക്കര ഭഗവതിയുടെ ഒപ്പം പുറപ്പെടും. ഇല്ലത്തെ പടിഞ്ഞാറ്റയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന പഴയവാള്‍ കാവിലെത്തിക്കുന്നതോടെ കളിയാട്ടം തുടങ്ങും. ഉഗ്രമൂര്‍ത്തിയായ കക്കര ഭഗവതിയുടെ നൃത്തച്ചുവടുകള്‍ ചടുലമാണ്. ചെണ്ടയുടെ ആസുരിക താളത്തില്‍ ഉറഞ്ഞുതുള്ളുന്ന ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും. ഉടയില്‍ കുത്തി നിര്‍ത്തിയ തീപന്തവും കൊണ്ട് കാഴ്ചക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കക്കരഭഗവതി ക്രോധഭാവം വളരെയധികമുള്ള ഉഗ്രമൂര്‍ത്തികളില്‍ ഒന്നാണ്. 

എന്നാല്‍ പൂന്തോട്ടത്തെ തെയ്യക്കോലം മറ്റിടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. സൗമ്യഭാവത്തിലാണ് ഇവിടെ തെയ്യം പുറപ്പെടുന്നത്. കാളകാട്ടു നിന്നും പുഴയിലേക്ക് എടുത്തെറിയപ്പെട്ടതും പിന്നീട് പുഴയിലൂടെ ഒഴുകിയലഞ്ഞതിലുമുള്ള ക്ഷീണമാവാം ഈ ഭാവത്തിനു പിന്നിലെന്നാണ് വിശ്വാസം.

ഭഗവതി പുഴയിലൂടെ വന്നതിനു ശേഷം കാളകാട്, പൂന്തോട്ടം ഇല്ലങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായതും ആ വിദ്വേഷം ഇന്നും നിലനില്‍ക്കുന്നതും മറ്റൊരു കൗതുകമാണ്. കാളകാട്ടുകാര്‍ പങ്കെടുക്കുന്ന കല്ല്യാണങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു/ സ്വകാര്യ പരിപാടികളിലൊക്കെ അവര്‍ പോയി എന്ന് ഉറപ്പാക്കിയ ശേഷമേ പൂന്തോട്ടക്കാര്‍ പങ്കെടുക്കൂ എന്ന് ചന്ദ്രേട്ടന്‍ പറയുന്നു. തിരിച്ചും അങ്ങനെ തന്നെ. കാളകാട്ടില്ലം സ്ഥിതി ചെയ്യുന്ന പുറക്കുന്നിലും പരിസരപ്രദേശങ്ങളിലും താന്‍ ജീവിതത്തില്‍ ഇന്നേവരെ പോയിട്ടില്ലെന്നും പോകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും എല്‍ഐസി ഏജന്‍റ് കൂടിയായ ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ കൗതുകം ഇരട്ടിച്ചു.

മടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഭഗവതി കരകയറി വന്ന പുഴ നേരില്‍ കാണാനിറങ്ങുന്നത്. കഥകളുടെ ഭാണ്ഡവുമായി ഊരുചുറ്റി വരുന്ന പുഴ. ഇരുകരകളിലും ഗഹനമായ വള്ളിപ്പടര്‍പ്പുകള്‍. കവുങ്ങിന്‍ തടിയില്‍ പിടിച്ച് വെള്ളത്തിലേക്ക് വെറു നോക്കി നിന്നു. അല്‍പ്പം ഭയം തോന്നി.

പണ്ട് പൂന്തോട്ടത്തിനു മുന്നില്‍ ആ വാളു കിടന്നു ചുറ്റിത്തിരിഞ്ഞു എന്നു കരുതുന്ന ഇടത്ത് കാറ്റിലൊടിഞ്ഞു വീണ ഒരു പടുകൂറ്റന്‍ വൃക്ഷത്തിന്‍റെ ശിഖരാവശിഷ്ടങ്ങള്‍ ജലത്തിനു മുകളിലേക്ക് തുറിച്ചു നിന്നു. അതിന്മേലിരുന്ന് ഒരു കരിങ്കാക്ക ചാഞ്ഞും ചെരിഞ്ഞുമൊക്കെ നോക്കി.


 

 

 

 

 

click me!