ഇനി വാഹനാപകടങ്ങളെ പേടിക്കേണ്ട; വൈറ്റ് ബോക്സുമായി മലപ്പുറത്തെ ഒരുകൂട്ടം യുവാക്കൾ

By Web TeamFirst Published Feb 9, 2019, 12:38 PM IST
Highlights

വൈറ്റ്ബോക്സ് ഘടിപ്പിച്ച വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ ഒരു പ്രത്യേക അകലത്തില്‍ മുന്നിൽ വാഹനങ്ങളോ തടസമോ ഉണ്ടായാൽ സ്വയം ബ്രേക്ക് ചെയ്ത് നിൽക്കും. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നാല്‍ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിക്കുന്നതുപോലെ സൈറണും വൈറ്റ് ബോക്സിൽ  നിന്നും മുഴങ്ങും.

തിരൂർ: ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വാഹനാപകടങ്ങള്‍ തടയാൻ കഴിയുന്ന നൂതന ഉപകരണം നിർമ്മിച്ച് മലപ്പുറം തിരൂർ എസ് എസ് എം പോളിടെക്നിക്കിലെ പൂര്‍വ്വ വിദ്യാർത്ഥി കൂട്ടായ്മ. 'വൈറ്റ് ബോക്സ്' എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിലൂടെ വാഹനത്തിനും യാത്രക്കാര്‍ക്കും വലിയ സുരക്ഷ ലഭിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

ആ‍ഢംബര വാഹനങ്ങളിൽ മാത്രം കണ്ടുവരുന്ന നിരവധി സുരക്ഷാ മുൻകരുതലുകളാണ് വൈറ്റ് ബോക്സും വാഗ്ദാനം ചെയ്യുന്നത്. വൈറ്റ്ബോക്സ് ഘടിപ്പിച്ച വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ ഒരു പ്രത്യേക അകലത്തില്‍ മുന്നിൽ വാഹനങ്ങളോ തടസമോ ഉണ്ടായാൽ സ്വയം ബ്രേക്ക് ചെയ്ത് നിൽക്കും. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നാല്‍ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിക്കുന്നതുപോലെ സൈറണും വൈറ്റ് ബോക്സിൽ  നിന്നും മുഴങ്ങും.

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയാലും പ്രശ്നമില്ല. വാഹനം തനിയെ ബ്രേക്ക് ചെയ്ത് നിർത്തും. അപകടമുണ്ടായാൽ ബന്ധപ്പെട്ടവർക്ക് മൊബൈലിലൂടെ സന്ദേശമയക്കാനും വൈറ്റ് ബോക്സിന് കഴിയും. അപകടങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ഇത്തരം ഒട്ടേറെ സവിശേഷതകളുമായെത്തുന്ന വൈറ്റ് ബോക്സ് വാഹനങ്ങളിൽ ഘടിപ്പിക്കാൻ 25000 രൂപയില്‍ താഴെ മാത്രമേ ചെലവ് വരുകയുള്ളു.

മൂന്നു വർഷം കൊണ്ടാണ് എസ് എസ് എം പോളിടെക്നിക്കിലെ പൂർവ വിദ്യാര്‍ത്ഥികള്‍ വൈറ്റ് ബോക്സ് നിര്‍മ്മിച്ചത്. പദ്ധതി സർക്കാരിന് സമർപ്പിച്ചപ്പോൾ  കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ നിന്നും 2 ലക്ഷം രൂപയുടെ ഗ്രാന്‍റ് ലഭിച്ചിരുന്നു. ഈ തുക കൊണ്ട് ഒരു പഴയ മാരുതി കാര്‍ വാങ്ങിയാണ് വൈറ്റ് ബോക്സിനായുള്ള പരീക്ഷണങ്ങൾ തുടങ്ങിയത്. എല്ലാ വാഹനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന വൈറ്റ്ബോക്സിലൂടെ വാഹനാപകടങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയുമെന്നാണ് തിരൂർ എസ് എസ് എം പോളിടെക്നിക്കിലെ പൂര്‍വ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതീക്ഷ. 
 

click me!