കല്ലൂര്‍വഞ്ചി തേടി കല്ലാറിലേക്ക്

By പ്രിന്‍സ് പാങ്ങാടന്‍First Published Feb 26, 2018, 2:56 PM IST
Highlights

 

അവസാനത്തെ നദിയില്‍
വെള്ളമില്ലായിരുന്നു, രക്തമായിരുന്നു
ലാവയുടെ പ്രവാഹം പോലെ
അത് ചുട്ടുതിളച്ചുകൊണ്ടിരുന്നു'
                            കെ സച്ചിദാനന്ദന്‍


അടവിയ്ക്ക് സമീപം തണ്ണിത്തോട്ടിലെ വീട്ടിലിരുന്ന ഒരു ദിവസം, അതായത് കല്ലാര്‍ വറ്റിക്കിടന്ന ഒരു ദിവസമാണ് പുഴയിലൂടെ നടന്ന് കരകാണണമെന്ന ആഗ്രഹം തോന്നിയത്. കല്ലാറെന്ന് പറഞ്ഞാല്‍ അടവി ഇക്കോടൂറിസം പദ്ധതിയുടെ മടിത്തട്ട്. അടവിയ്ക്ക് കിഴക്ക് പിന്നെയും കിഴക്ക് മലമുകളില്‍ നിന്ന് ഉത്ഭവിച്ച് അത്രയൊന്നും ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ക്കൂടി ഒഴുകി ഒഴുകി അടവിയിലേക്കെത്തുന്ന പുഴ. നാട്ടിലാരും കല്ലാറിനെ പുഴയെന്ന് വിളിക്കാറില്ല. കല്ലാര്‍ 'ആറാണ് '. പുഴയോരം ആറ്റുതീരവും.

കല്ലാര്‍ വറ്റിക്കിടക്കുകയാണ്.കയങ്ങളില്‍ ഒഴികെ അവിടവിടെയായി ഇത്തിരിയിത്തിരി വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.അതുകൊണ്ട് പുഴയിലൂടെ നടന്ന് കരകാണാം. ഉരുളന്‍ കല്ലുകളാണ് കല്ലാറിന്റെ പ്രത്യേകത.എത്രയോ നൂറ്റാണ്ടുകളായി വെള്ളം ഒഴുകിയൊഴുകി രൂപമാറ്റം വന്ന കല്ലുകളാവാം അവ. പല നിറത്തില്‍. പല വലുപ്പത്തില്‍.

കണ്ടാല്‍ കൊതി തോന്നും വിധത്തിലുള്ള സുന്ദരന്‍ കല്ലുകളുണ്ട്. ഓഫീസുകളില്‍ പേപ്പര്‍ വെയ്റ്റായി ഉപയോഗിക്കാവുന്ന കുഞ്ഞന്‍ കല്ലുകള്‍ മുതല്‍ എടുത്താല്‍ പൊങ്ങാത്തത്ര വലിയ , എന്നാല്‍ എടുത്തുകൊണ്ട് പോകണമെന്ന് തോന്നുന്ന സുന്ദരന്‍ കല്ലുകളുണ്ട് കല്ലാറ്റില്‍. ഏറെ ശ്രദ്ധിച്ച് വേണം ഈ കല്ലുകളിലൂടെ നടന്ന് നീങ്ങാന്‍. ഇല്ലെങ്കില്‍ ഉരുണ്ട് താഴെ വീഴും.

ആറൊഴുകിപ്പോയ വഴിയൊക്കെ ഇപ്പോള്‍ മരം പെയ്ത് കിടക്കുകയാണ്. കരിയിലകള്‍ വീണ് കിടക്കുന്നു. അതും ഏതെല്ലാം നിറത്തിലാണ്. എന്തൊരു സൗന്ദര്യമാണ് ആ കാഴ്ച്ചയ്ക്ക് പോലും. കറുത്തും വെളുത്തും ചുവന്നുമെല്ലാം കല്ലുകള്‍. അതിന് മേലെ മഞ്ഞയും പച്ചയും ചുവപ്പും നീലയും കറുപ്പുമൊക്കെയായി ഇലകള്‍. അതിനിടയിലൂടെ വളര്‍ന്നു നില്‍ക്കുന്ന പുല്‍നാമ്പുകള്‍.ഏത് കല്‍ക്കൂട്ടത്തിനിടയിലും ഒരു പുല്‍നാമ്പ് സൂക്ഷിക്കുന്നുണ്ട് എന്റെ നാട്.കല്ലാറില്‍ അവിടവിടെയായി ഉറവകള്‍ വറ്റിയിട്ടും കുളിര്‍മ ഇപ്പോഴും വറ്റിയിട്ടില്ല.അതിനുമുണ്ട് കാരണം.കല്ലാറിന്റെ ഇരുകരകളിലും നില്‍ക്കുന്ന മരങ്ങള്‍ പച്ച പിടിച്ച് തന്നെ നില്‍ക്കുകയാണ്. അപ്പുറത്തും ഇപ്പുറത്തും നില്‍ക്കുന്ന മരത്തലപ്പുകള്‍ പലയിടത്തും കൂട്ടിമുട്ടുന്നുണ്ട്.അവയ്ക്കടിയിലൂടെ നടക്കുമ്പോള്‍ മനസും ശരീരവും കുളിരും.

കല്ലാറിന്റെ നടുവില്‍ രണ്ട് സുന്ദരന്‍ തുരുത്തുകളുണ്ട്. ആറ് ഇവിടെ വെച്ച് രണ്ടായി പിരിഞ്ഞ് തുരുത്തുനെ ചുറ്റിയാണ് ഒഴുകുന്നത്. തുരുത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍, വള്ളിച്ചെടികള്‍.മരങ്ങളേക്കാള്‍ വലുപ്പമുള്ള വള്ളികളുണ്ട് ഈ തുരുത്തുകളില്‍. അവയേക്കാള്‍ പ്രായമുള്ള വേരുകളുമുണ്ട്.അവയാണ് ആറ്റിലൂടെ നടക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലൊന്ന്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേരുകളാണ് ആറ്റിലേക്ക് നീണ്ട് നീണ്ട് നില്‍ക്കുന്നത്. അതിന്റെ രൂപം തന്നെ ഓരോ സഞ്ചാരിയേയും അത്ഭുതപ്പെടുത്തും.എത്രയോ കാലമായി പുഴയോരം ഇടിഞ്ഞ് താഴാതെ സൂക്ഷിക്കുന്നതും ഈ വേരുകള്‍ തന്നെയാണ് എന്ന് മനസിലാക്കുമ്പോഴാണ് അവയുടെ ജൈവ പ്രാധാന്യവും നമുക്ക് ബോധ്യപ്പെടുന്നത്.


'നിനക്കെന്നെ ഭയമില്ലേ..?
അവസാനത്തെ നദി കുട്ടിയോട് ചോദിച്ചു.
'ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കള്‍
എന്റെ കൂടെയുണ്ട്'
സരയുവും സരസ്വതിയും
ഗംഗയും കാവേരിയും നൈലും നിളയും
ഞാന്‍ അവയോട് സംസാരിച്ചിട്ടുണ്ട്.
പോയജന്മങ്ങളില്‍ അവയാണെന്നെ
വളര്‍ത്തിയത്, കുട്ടി പറഞ്ഞു.'
                              കെ സച്ചിദാനന്ദന്‍.

 

ആറ്റില്‍ അങ്ങിങ്ങായി ചെറിയ കുളങ്ങള്‍ കുഴിച്ചിട്ടുണ്ട് നാട്ടുകാര്‍. ആ കുളങ്ങളില്‍ നിന്നാണ് കുളിക്കാനും അലക്കാനുമൊക്കെ നാട്ടുകാര്‍ വെള്ളം എടുക്കുന്നത്.ആ കുളങ്ങളാകട്ടെ കല്ല് കെട്ടി വൃത്തിയാക്കി വെച്ചിരിക്കുകയാണ്.രണ്ടോ മൂന്നോ അടി മാത്രം താഴ്ച്ചയുള്ള ഈ കുളങ്ങള്‍ വേനല്‍ക്കാലത്ത് കല്ലാറ്റില്‍ സ്ഥിരം കാഴ്ചയാണ്.

വേനലിലും ആവോളം വെള്ളം സൂക്ഷിക്കുന്ന കയങ്ങളുമുണ്ട് കല്ലാറ്റില്‍.തിരുക്കയം, ചെറിയ തൊട്ടി, വലിയ തൊട്ടി , ബംഗ്ലാവ് കടവ് എന്നിങ്ങനെ രൂപം കൊണ്ടും ഭാവം കൊണ്ടും പല പേരിലാണ് ഈ കയങ്ങള്‍ അറിയപ്പെടുന്നത്.അതില്‍ ബംഗ്ലാവ് കടവിന് സമീപത്താണ് അടവി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായ കുട്ടവള്ള സവാരി നടക്കുന്നത്.ബംഗ്ലാവ് കടവിന് സമീപത്ത് വേനല്‍ക്കാലത്ത് മാത്രം രൂപപ്പെടുന്ന തുരുത്തുണ്ട്.വെള്ളം താഴുന്നതോടെ ആ തുരുത്തിലേക്ക് കേഴമാന്‍ ഉള്‍പ്പെടെയുള്ളവയെത്തും.പുല്ലും ചെറിയ ചെടികളും കഴിക്കാം.പിന്നെ സമീപത്ത് വെള്ളവും കിട്ടും.രാവിലെ് ഇവിടെ എത്തുന്നവര്‍ക്ക് ഇവയെ കാണാനാകും.

വെള്ളം വറ്റിയ ആറിന്റെ ഇരുകരകളിലും ഈറ്റ വളര്‍ന്ന് നില്‍ക്കുന്നുണ്ട്.വെള്ളത്തിലേക്ക് ഈറ്റയുടെ വേരുകള്‍ നില്‍ക്കുന്നുണ്ട്.ആ വേരുകള്‍ കണ്ടാല്‍ തന്നെ പുരാതനമായ ഏതോ വസ്തുക്കളെന്ന് തോന്നും.പ്രത്യേക രൂപത്തിലുള്ള വേരുകളാണ് ഉള്ളത്.ഈറ്റക്കൂട്ടത്തിന്റെ ഉള്ളിലേക്ക് പോയാലാണ് ഏറെ അതിശയം.ഈറ്റകള്‍ വളഞ്ഞ് മീറ്ററുകളോളം നീളത്തില്‍ തുരങ്കം പോലെ രൂപപ്പെട്ടിരിക്കുന്നു.മുട്ടില്‍ ഇഴഞ്ഞ് മാത്രമേ മുന്നോട്ട് നീങ്ങാനാകൂ.അങ്ങനെ മീറ്ററുകളോളം നീളമുള്ള ഈറ്റ തുരങ്കത്തിലൂടെ പോയാല്‍ മാത്രമേ അപ്പുറത്തേക്ക് എത്താനാകൂ.പന്നികള്‍ യാത്ര ചെയ്യുന്ന സ്ഥിരം വഴിയാണ് ഇത്.അത്ര വെളിച്ചം പോലും കടക്കാത്ത ഈ ഈറ്റത്തുരങ്കത്തിലൂടെ മുന്നോട്ട് പോകുമ്പോള്‍ ചെറിയ പേടിയൊക്കെ തോന്നും.വല്ല പാമ്പോ , ഇഴ ജന്തുക്കള്‍ എന്തെങ്കിലുമോ ഇതിനുള്ളിലുണ്ടെങ്കില്‍ കാര്യം കഷ്ടമായത് തന്നെ.എന്നാലും മൊബൈല്‍ഫോണ്‍ ലൈറ്റിന്റെ ധൈര്യത്തില്‍ മുന്നോട്ട് തന്നെ പോയി.തുരങ്കത്തില്‍ നിന്ന് പുറത്ത് വന്നപ്പോളാണ് സത്യത്തില്‍ ശ്വാസം നേരെയായത്. തിരികെ വീണ്ടും കല്ലാറ്റിലേക്കിറങ്ങി.യാത്ര അവസാനിക്കുകയാണ്.

കല്ലാറില്‍ എവിടെയെങ്കിലും കല്ലൂര്‍വഞ്ചി ചെടിയുണ്ടോ എന്നുകൂടി നോക്കണം. കല്ലൂര്‍വഞ്ചി ഒരു ഔഷധച്ചെടിയാണ്. കല്ലാറ്റില്‍ വളരെ സുലഭമായിരുന്ന ചെടിയാണ് ഇത്.വെള്ളം താഴുമ്പോള്‍ എല്ലായിടത്തും കാണുമായിരുന്നു.ആറ്റിലെ പാറക്കൂട്ടത്തിനും കല്ലുകള്‍ക്കും ഇടയില്‍ ആഴത്തില്‍ വേരോടിച്ചായിരുന്നു ഇവയുടെ നില്‍പ്പ്.അതുകൊണ്ട് തന്നെ വെള്ളപ്പൊക്കമുണ്ടാകുമ്പോഴും കല്ലൂര്‍വഞ്ചികള്‍ മൂടിളകി ഒഴുകിപോയിരുന്നില്ല.എന്നിട്ടും ഇപ്പോള്‍ കല്ലാറ്റില്‍ എവിടെയും കല്ലൂര്‍വഞ്ചി ചെടികള്‍ കാണാനില്ല.വീടുകളില്‍ കുടിവെള്ളം തിളപ്പിക്കുമ്പോള്‍ അതിലിടാനും കല്ലൂര്‍വഞ്ചി ഉപയോഗിച്ചിരുന്നു.    മൂത്രാശയ സംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിച്ചിരുന്ന ചെടിയാണ് കല്ലൂര്‍വഞ്ചി.അതുകൊണ്ട് തന്നെ ഇവ തേടി നാടിനു പുറത്ത് നിന്നുപോലും ആളുകളെത്തി. വന്നവര്‍ക്കും ചോദിച്ചവര്‍ക്കുമെല്ലാം നാട്ടുകാര്‍ കല്ലൂര്‍വഞ്ചിയെന്ന ഔഷധിച്ചെടി കാണിച്ച് കൊടുത്തു.കണ്ടവര്‍ കണ്ടവര്‍ വേരുപോലും ബാക്കിവെക്കാതെ കല്ലൂര്‍വഞ്ചിയെ നാടുകടത്തി.കിഴക്കന്‍ മലയില്‍ നിന്ന് മലവെള്ളത്തിനൊപ്പം ഒഴുകിവന്ന് കല്ലാറ്റില്‍ വേരുപിടിച്ച ഔഷധച്ചെടി ഇതോടെ കിട്ടാക്കനിയായി.ആ ചെടിയാണ് ആറ്റിലൂടെ നടക്കുമ്പോള്‍ തിരഞ്ഞതേറെയും.പക്ഷേ കണ്ടുകിട്ടിയതേയല്ല.

ഓരോ ഋതുവിലും ഓരോ ഭാവമാകും നമ്മുടെ പുഴകള്‍ക്ക്.അത്തരത്തില്‍ വേനലിലെ ഭാവങ്ങള്‍ കണ്ട് മനസ് നിറഞ്ഞാണ് തിരികെ പോരുന്നത്.ഒരു വേനല്‍ക്കാലവും ഒരു പുഴയുടെയും അവസാനമല്ല.അടുത്ത മഴക്കാലത്ത് നിറഞ്ഞൊഴുകാനുള്ള ശേഷി സംഭരിക്കുകയാണ്, ജൈവികമായി ക്രമപ്പെടുകയാണ് ആ ഘട്ടത്തില്‍ ഓരോ പുഴയും ചെയ്യുന്നത്.അത്തരത്തില്‍ ഒരു മഴക്കാലം പിന്നിട്ട് സാധാരണ അവസ്ഥയില്‍ ഒഴുകി വേനലിനെ വരിച്ച കല്ലാറിലൂടെയുള്ള യാത്ര അവസാനിക്കുമ്പോള്‍ കല്ലൂര്‍വഞ്ചി കാണാനായില്ലെന്ന സങ്കടം മാത്രം ബാക്കി. പിന്നീടൊരിക്കല്‍ നാട്ടിലെത്തിയപ്പോളേക്കും സച്ചിദാനന്ദന്‍ എഴുതിയ പോലെ

മഴ പെയ്തു
നദി സ്‌നേഹം കൊണ്ടു തണുത്തു
രക്തം നീലയായി, മീനുകള്‍ തിരിച്ചു വന്നു
വൃക്ഷങ്ങള്‍ തളിര്‍ത്തു, ഘടികാരങ്ങള്‍
വീണ്ടും നടക്കാന്‍ തുടങ്ങി

 

Photos: Jobin Click Art
                    

click me!