508 കിമീ പായാന്‍ വെറും ഒരു മണിക്കൂര്‍; ഇത് നിരത്തിലെ റോക്കറ്റ്!

By Web TeamFirst Published Oct 26, 2020, 3:38 PM IST
Highlights

ആദ്യ ശ്രമത്തില്‍ മണിക്കൂറില്‍ 484.53 കിലോമിറ്ററും രണ്ടാം ശ്രമത്തില്‍ മണിക്കൂറില്‍ 532.93 കിലോമിറ്റര്‍ വേഗവുമാണ് എസ്എസ്സി റ്റുവാറ്റാര കൈവരിച്ചത്.
 

ലോകത്തിലെ ഏറ്റവും വേഗതയുള്ള കാര്‍ എന്ന പേര് സ്വന്തമാക്കി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ എസ്എസ്‌സിയുടെ  റ്റുവാറ്റാര. മണിക്കൂറില്‍ 508 കിലോമീറ്റര്‍ എന്ന മാന്ത്രിക സംഖ്യയാണ് എസ്എസ്സി റ്റുവാറ്റാര സ്വന്തമാക്കിയതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണിഗ്‌സെഗ്ഗിന്റെ അഗെര ആര്‍എസ് സ്ഥാപിച്ച മണിക്കൂറില്‍ 457.94 കിലോമീറ്റര്‍ എന്ന റെക്കോഡ് ആണ് എസ്എസ്സി റ്റുവാറ്റാര തകര്‍ത്തത്. 1,350 എച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 5.9 ലിറ്റര്‍ വി8 എന്‍ജിന്‍ ആണ് എസ്എസ്സി റ്റുവാറ്റാരയുടെ ഹൃദയം. 1,735 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ലാസ് വെഗാസ് നെവാഡയിലെ പഹ്റുമ്പ് എന്ന സ്ഥലത്തെ 11.2 കിലോമീറ്റര്‍ നെടുനീളന്‍ റോഡിലൂടെയാണ് എസ്എസ്സി റ്റുവാറ്റാര തലങ്ങും വിലങ്ങും പാഞ്ഞ് മണിക്കൂറില്‍ 508 കിലോമീറ്റര്‍ വേഗ റെക്കോര്‍ഡ് സ്ഥാപിച്ചത്. ആദ്യ ശ്രമത്തില്‍ മണിക്കൂറില്‍ 484.53 കിലോമിറ്ററും രണ്ടാം ശ്രമത്തില്‍ മണിക്കൂറില്‍ 532.93 കിലോമിറ്റര്‍ വേഗവുമാണ് എസ്എസ്സി റ്റുവാറ്റാര കൈവരിച്ചത്. ഇതിന്റെ ശരാശരിയാണ് മണിക്കൂറില്‍ 508 കിലോമീറ്റര്‍ വേഗം.

നേരത്തെ മണിക്കൂറില്‍ 490 കിലോമീറ്റര്‍ ബുഗാട്ടി ഷിറോണ്‍ പാഞ്ഞിരുന്നു. പക്ഷെ ഇതുവരെയിത് റെക്കോര്‍ഡ് ആയി അംഗീകരിച്ചിട്ടില്ല. ഒരേ ട്രാക്കില്‍ ഇരു ഭാഗത്തേക്കും ഡ്രൈവ് ചെയ്ത് രണ്ട് പ്രാവശ്യത്തെയും ശരാശരി വേഗമാണ് റെക്കോര്‍ഡ് ആയി അംഗീകരിക്കുക. ബുഗാട്ടി ഷിറോണ്‍ മണിക്കൂറില്‍ 490 കിലോമീറ്റര്‍ വേഗം ഇത്തരത്തില്‍ തെളിയിച്ചിട്ടില്ല. മാത്രമല്ല ഇത് ബുഗാട്ടിയുടെ സ്വന്തം ടെസ്റ്റ് ട്രാക്കില്‍ ആയിരുന്നു. അതുകൊണ്ട് ഇത് റെക്കോര്‍ഡ് ആയി അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!