ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

By Baiju N NairFirst Published Jul 25, 2017, 3:14 PM IST
Highlights

ഇന്ത്യക്കാർ വാഹനങ്ങളുടെ ഗുണനിലവാരമെന്തെന്നറിഞ്ഞത് ജർമ്മൻ വാഹനങ്ങളിലൂടെയും ചെക്ക് റിപ്പബ്ലിക്കൻ വാഹനമായ സ്‌കോഡയിലൂടെയുമാണ്. കാഴ്ചയിൽ തന്നെ കരുത്തും സൗന്ദര്യവും വിളിച്ചോതുന്നവയാണ് ജർമ്മൻ നിർമ്മിത വാഹനങ്ങൾ. എന്നാൽ ഫോക്‌സ്‌വാഗൺ വരുന്നതുവരെ ജർമ്മൻ വാഹനങ്ങൾ സാധാരണക്കാരന് പ്രാപ്യമായിരുന്നില്ല. പോളോ എന്ന ചെറു ഹാച്ച്ബായ്ക്ക് ഫോക്‌സ്‌വാഗൺ വിപണിയിലെത്തിച്ചതോടെയാണ് ജർമ്മൻ കാറുകളുടെ ഗുണമേന്മ സാധാരണക്കാരനിലേക്കും എത്തിയത്. തുടർന്ന് വെന്റോ, അമിയോ എന്നിവ വന്നു. ഇതിനിടെ ടൂറെഗ് എന്നൊരു വലിയ എസ് യു വി കൂടി ഇന്ത്യയിലെത്തിയെങ്കിലും തീരെ ജനശ്രദ്ധ നേടിയില്ല. 2014ൽ ആ മോഡൽ ഇന്ത്യയിൽ നിന്നും പിൻവലിക്കുകയും ചെയ്തു. ഇക്കാലത്താണ് ഇന്ത്യയിൽ കോംപാക്ട് എസ്‌യുവി വിപ്ലവം വരുന്നത്. മാരുതി മുതൽ നിസാൻ വരെയുള്ള വാഹന നിർമ്മാതാക്കൾ കോപാക്ട് എസ്‌യുവി രംഗത്ത് മത്സരിക്കാനിറങ്ങി. വിജയം കൊയ്തു. ഇപ്പോഴിതാ, ഫോക്‌സ്‌വാഗണും ടിഗ്വാൻ എസ്‌യുവിയുമായി പടക്കളത്തിലിറങ്ങുന്നു.

ടിഗ്വാൻ

2007ൽ ആഗോളവിപണിയിലെത്തിയ ടിഗ്വാൻ ഇന്ത്യയിൽ വില്‍പന തുടങ്ങുന്നത് ഇപ്പോഴാണെങ്കിലും ഇതുവരെ 35 ലക്ഷം യൂണിറ്റുകൾ വിറ്റുകഴിഞ്ഞതാണ്. ഇപ്പോൾ വന്നിരിക്കുന്നത് മൂന്നാം തലമുറയിൽപ്പെട്ട ടിഗ്വാനാണ്. ഫോക്‌സ്‌വാഗന്റെ പുതിയ എംക്യുബി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ട ന്യൂജെൻ ടിഗ്വാൻ ഡിസൈന്റെ കാര്യത്തിൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണ്. പഴയ മോഡലുമായി യാതൊരു സാദൃശ്യവുമില്ല.

കാഴ്ച

പുതിയ പസാറ്റിനെ ഓർമ്മിപ്പിക്കും വിധമാണ് ഗ്രിൽ ഉൾപ്പെടുന്ന മുൻഭാഗം. പഴയ മോഡലിനെ അപേക്ഷിച്ച് 60 മി.മീ നീളവും 30 മി.മീവീതിയും കൂടുതലുണ്ടെങ്കിലും കൂടുതൽ കോംപാക്ടായി എന്നേ കാഴ്ചയിൽ തോന്നുകയുള്ളൂ. ദുർമേദസ് ഒട്ടുമില്ലാതെ, ചെത്തിയൊതുക്കിയാണ് ഓരോ ഇഞ്ചും നിർമ്മിച്ചിരിക്കുന്നത്. ഡയമണ്ട് കട്ട് എഡ്ജുകളും നേർരേഖകൾ പോലെയുള്ള ബോഡിലൈനുകളുമാണ് ടിഗ്വാനുള്ളത്. അതുപോലെ, ക്രോമിയത്തിന്റെ ഉപയോഗമൊക്കെ എത്ര സുന്ദരമായാണ് നിർവഹിച്ചിരിക്കുന്നതെന്നും കാണുക. ഗ്രില്ലിന്റെ മേലെയും താഴെയുമുള്ള ക്രോമിയം വരകൾ സ്ലീക്ക് എന്നു വിളിക്കാവുന്ന ഹെഡ്‌ലാമ്പിനോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. എൽ ഇ ഡി ടെയ്ൽ ലാമ്പുകൾ വശങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നതാണ് ടിഗ്വാന് വീതി കൂടുതൽ തോന്നിക്കാൻ കാരണം. ഹെഡ്‌ലാമ്പ് യൂണിറ്റിൽ തന്നെ ആരുടെയും ശ്രദ്ധയാകർഷിക്കുംവിധം ഡേ ടൈം റണ്ണിംഗ് ലാമ്പുകളുണ്ട്. ബോണറ്റിൽ 'വി' ഷേയ്പ്പുള്ള ക്യാരക്ടർ ലൈനുകളുണ്ട്. ഇത് ഗ്രില്ലിലേക്ക് ഇറങ്ങി നിൽക്കുന്നു.

ഗ്രില്ലിനെക്കാളും വലുതാണ് എയർഡാം. അതിനിരുവശത്തും ഫോഗ്‌ലാമ്പുകൾ കാണാം. ബമ്പറിലും ഫ്യൂച്ചറിസ്റ്റിക് ലൈനുകളാണ് കൊടുത്തിരിക്കുന്നത്. സൈഡ് പ്രൊഫൈലിൽ കസിൻ ബ്രദറായ ഓഡി ക്യു 3യെ ഓർമ്മിപ്പിക്കുന്നുണ്ട് ടിഗ്വാൻ. വീൽ ആർച്ചിനു മേലെ നിന്നാരംഭിക്കുന്ന തടിച്ച ഷോൾഡർ ലൈൻ ടെയ്ൽ ലാമ്പുവരെ നീളുന്നുണ്ട്. 18 ഇഞ്ച് മൾട്ടി സ്‌പോക് അലോയ് വീലുകൾ സുന്ദരമാണ്. വിൻഡോ ലൈനുകൾ ക്രോമിയത്തിൽ തീർത്തിരിക്കുന്നു. റൂഫ് റെയ്‌ലുകൾക്കും അലൂമിനിയം ഫിനിഷാണുള്ളത്. ബോഡിയുടെ താഴെയും ക്രോമിയം ലൈൻ കെടുത്തിട്ടുണ്ട്.

പിൻഭാഗം വളരെ 'നീറ്റാ'യി ഡിസൈൻ ചെയ്തിരിക്കുന്നു. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ റൂഫിലുണ്ട്. എൽഇഡി ടെയ്ൽ ലാമ്പുകളുടെ ഡിസൈനും ഭംഗിയായിട്ടുണ്ട്. അത്ര വലുതല്ലാത്ത ബമ്പറിനു താഴെ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ. ഒരു കാര്യം സത്യമാണ്. ആരുമൊന്ന് നോക്കി പോകുന്ന ഒരു ന്യൂജെൻ പയ്യനാണ് പുതിയ ടിഗ്വാൻ.

ഉള്ളിൽ

വളരെ ഭംഗിയായും വൃത്തിയായും ക്രമീകരിച്ച ഉൾഭാഗമാണ് ടിഗ്വാന്റേത്. ആദ്യം കണ്ണിൽ പെടുക ഡാഷ് ബോർഡിലെ ഈ വലിയ ടച്ച് സ്‌ക്രീനാണ്. 12.3 ഇഞ്ച് വലിപ്പമുള്ള ഈ സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റത്തിന്റെ ജോലിയാണ് നിർവഹിക്കുന്നത്. ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമൊക്കെ ഇതിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. 8 സ്പീക്കർ എന്റർടെയ്ൻമെന്റ് സിസ്റ്റവും ഇതിലുണ്ടെങ്കിലും ഇന്ത്യയിലെത്തിയ മോഡലിൽ നാവിഗേഷൻ സിസ്റ്റം കൊടുത്തിട്ടില്ല.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകൾക്കു താഴെയായി ചെറിയ സ്റ്റോറേജ് സ്‌പേസ് കൊടുത്തിട്ടുണ്ട്. ഗിയർ ലിവറിന്റെ ഇരുവശവുമുള്ള സ്വിച്ചുകൾ ട്രാക്ഷൻ കൺട്രോളിന്റെയും ഹാൻഡ്‌ബ്രേക്കിന്റെയും മറ്റുമാണ്. അതിനു താഴെയായി ഓൾടൈം ഫോർവീൽ ഡ്രൈവിന്റെ മോഡ് മാറ്റുന്ന സ്വിച്ചുകൾ. ഓടിക്കുന്ന ടെറെയ്ൻ അനുസരിച്ച് വാഹനം സ്വയം ഫോർവീൽ ഡ്രൈവായി മാറുമെങ്കിലും ഈ സ്വിച്ച് ഉപയോഗിച്ച് ഹിൽടെറെയ്ൻ, സ്‌നോ, ഇൻഡിവിജ്വൽ എന്നീ മോഡുകൾ കൂടി കൈവരിക്കാൻ കഴിയും. ഫ്‌ളാറ്റ്‌ബോട്ടം സ്റ്റിയറിംഗ് വീലിൽ വോളിയം കൺട്രോളുകളും ക്രൂയിസ് കൺട്രോളുമുണ്ട്.

ബ്ലാക്ക് വിയന്ന ലെതറിലാണ് സീറ്റുകളും സോഫ്റ്റ് ടച്ച് ഭാഗങ്ങളുമെല്ലാം പൊതിഞ്ഞിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, ഡ്രൈവർസീറ്റ് മെമ്മറി അഡ്ജസ്റ്റുമെന്റുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, പുഷ്ബട്ടൺ സ്റ്റാർട്ട്, ഹീറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ഓപ്പണിങ് പവർസ് ടെയ്ൽ ഗേറ്റ് എന്നിവയൊക്കെ ടിഗ്വാനിലുണ്ട്.

എഞ്ചിൻ

ഇന്ത്യയിൽ 2 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ മോഡൽ മാത്രമേ ഉള്ളൂ ടിഗ്വാന്. ഇത് 143 ബിഎച്ച്പിയാണ്. 340 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 7 സ്പീഡ് ഡി സിഎസ്ജി ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സാണ് ടിഗ്വാനെ ചലിപ്പിക്കുന്നത്. 2000 ആർപിഎമ്മിനു ശേഷം കുതിച്ചുപായുന്ന അനുഭവം സമ്മാനിക്കുന്ന ടിഗ്വാന്റെ ഗിയർ, ഷിഫ്റ്റുകളൊന്നും അറിയാത്തവിധം സ്മൂത്താണ്.

ഒന്നാന്തരമാണ് സസ്‌പെൻഷൻ. എസ്‌യുവിയാണെങ്കിലും ബോഡിറോൾ നാമമാത്രമാണ്. മികച്ച  എൻ വി എച്ച് ലെവലുകൾ ഉള്ളതിനാൽ കാബിനുള്ളിൽ ശബ്ദശല്യവുമില്ല. സ്റ്റെബിലിറ്റി കൺട്രോൾ, സെൽഫ് സീലിങ് ടയറുകൾ, എബിഎസ്, ഹിൽ ഡിസന്റ്- അസന്റ് കൺട്രോൾ എന്നിങ്ങനെ നിരവധി സുരക്ഷാസംവിധാനങ്ങളുണ്ട്. കൂടാതെ, വഴിയാത്രക്കാരനെ വാഹനം ഇടിച്ചാൽ ബോണറ്റിന്റെ പിൻഭാഗം ഉയർന്നു പൊങ്ങി ഇടിയുടെ ആഘാതം കുറയ്ക്കുന്ന 'ആക്ടിവ് ഹുഡ്' സംവിധാനവുമുണ്ട്.

ഇത്രയും ഫീച്ചേഴ്‌സുള്ള ഒരു ജർമ്മൻ ആഡംബര എസ് യുവി ലഭിക്കാൻ ഏകദേശം 40-50 ലക്ഷം രൂപയാകും. എന്നാൽ അതിനെക്കാൾ വിലകുറച്ച് അതേ സൗകര്യമുള്ള ഒരു എസ്‌യുവി. അതാണ് ടിഗ്വാൻ

 

click me!