കോമപ്പന്റെ ഹനുമാന്‍യോഗം

By Rathnakaran mangadFirst Published Sep 5, 2019, 6:57 PM IST
Highlights

നിശ്ചലയാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം തുടരുന്നു 

പാട്ടിയമ്മ വടക്കന്‍ പാട്ടുകളുടെ ഒരു ഖനിയായിരുന്നു. അവരുടെ ശബ്ദത്തില്‍ ആ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന ആശയോടെ ഞാനൊരിക്കല്‍ കുറേ ടേപ്പുകളുമായി ദല്‍ഹിയില്‍ നിന്നും വന്നു. പാട്ടിയമ്മയുടെ വീട് ഒഴിഞ്ഞിരുന്നു. വളപ്പിന്റെ മൂലയില്‍ ഒരട്ടി മണ്ണ് പുതച്ച് അവര്‍ കിടക്കുന്നതു കണ്ടു. അവര്‍ ഇപ്പോഴും പാടുന്നുണ്ടാവണം. തച്ചോളി ഒതേനനും ആരോമല്‍ ചേകവരും പാലാട്ട് കോമനും ഉണ്ണിയാര്‍ച്ചയും മാത്രമായിരുന്നില്ല. തൃക്കണ്ണ്യാവമ്പലത്തിനടുത്ത് പണ്ട് നടന്ന ഒരു മതലഹളയുടെ ചരിത്രം, പാണ്ഡ്യന്‍ കല്ലിന്റെ ഇതിഹാസം അങ്ങനെ എന്തെല്ലാം. കൂടാതെ രതിയില്‍ ചാലിച്ച കുസൃതികളും.

വീട്ടില്‍ കൊള്ളാതെ, കല്ലില്ലാത്ത കുളിയനെപ്പോലെ * ഞാന്‍ നടന്നിരുന്ന കാലത്ത് ഒരുദിവസം വീട്ടിലെത്തിയപ്പോള്‍ അമ്മയെന്നെ ഗുണദോഷിച്ചു: 

നിന്നെപ്പെറ്റിറ്റെന്ത് കൊണം* കോമപ്പ
മട്ട്‌ല്* തച്ചിറ്റെന്റെ* പൊറവും* പോയി 
കിണ്ണം മുട്ടീറ്റെന്റെ കയ്യും പോയി* 

പാലാട്ട് കോമന്റെ അമ്മ മകനെക്കുറിച്ച് വേവലാതിപ്പെട്ടതാണ്. (വീട്ടില്‍ ആണ്‍കുഞ്ഞ് പിറന്നാല്‍ തെങ്ങിന്റെ മടല്‍കൊണ്ട് മുറ്റത്ത് അടിക്കും. പെണ്‍കുട്ടിയാണെങ്കില്‍ കിണ്ണത്തില്‍ വടികൊണ്ട് മുട്ടും. അങ്ങനെയാണ് കുട്ടി ആണോ പെണ്ണോ എന്ന വിശേഷം അയല്‍ക്കാര്‍ അറിയുക! കുട്ടിക്കാലത്ത് കിണ്ണം മുട്ടുന്നത് കേട്ടതിന്റെ മുഴക്കം നഗരത്തിന്റെ ഹുങ്കാരത്തിനിടയിലും എന്റെ ചെവിപ്പൂവിലുണ്ട്. അപ്പോള്‍ വലിയമ്മ പറഞ്ഞു. ''അക്കരമ്മലെ നാരായണി പെറ്റു. പെങ്കുഞ്ഞി*.'' 

തോക്ക് വന്നപ്പോള്‍ ഒതേനന്‍ മരിച്ചതുപോലെ കുഞ്ചാക്കോ വന്നപ്പോള്‍ നാട്ടുകാരുടെ കൂടെയുണ്ടായിരുന്ന വീരപുരുഷന്മാരും വീരാംഗനമാരും മരിച്ചു. അവരെ ഉണര്‍ത്താന്‍ ഒരു യാങ്ങ്‌ചോ മലയാള സിനിമയില്‍ അവതരിച്ചുമില്ല. സോഫിയാ ലോറന്‍ ഉര്‍സുലയായി വന്നാല്‍ അതോടെ ആ വലിയമ്മയുടെ അവസാനമായി എന്ന് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ സിനിമാസാധ്യതകള്‍ക്ക് വിലങ്ങിട്ട് മാര്‍കേസ് പറഞ്ഞുവല്ലോ. മലയാളത്തില്‍ ഷീലയായും ജയഭാരതിയായും പ്രേംനസീറായും അവര്‍ അവസാനിച്ചു. ക്യാമറ ഒരു തോക്കാണ് എന്ന് പറഞ്ഞതാരാണ്? 

ഇപ്പോള്‍ ഞാറ് നടുമ്പോള്‍ 'നീടുറ്റ വാളിന്‍ നിണപ്പുഴക്കേളികള്‍' കേള്‍ക്കാനില്ല. തലപ്പത്ത് കാറ്റുപിടിച്ച് ഞാറുകള്‍ ഇളകിയ ഇടങ്ങളില്‍ നെടുങ്ങനെ വളര്‍ന്നു മുടിയഴിച്ചിട്ടിളക്കുന്ന കവുങ്ങിന്‍ തലപ്പുകള്‍. അവയില്‍ വടക്കന്‍ പാട്ടുകളിലെ ഒരു കേന്ദ്രകഥാപാത്രമായ പഴുത്തടക്ക. ഞാന്‍, കോമപ്പന്‍, മേലോട്ടുനോക്കി ചിരിച്ചു. അപ്പോള്‍ ഞാനൊരു പാട്ടില്‍ മുങ്ങി:

''തച്ചോ-ള്യ-ല്ലോ-മ-നാ-കുഞ്ഞ്യോ-തേനന്‍ (...നന്‍)
ഊണും ക-ഴി-ഞ്ഞങ്ങു-റക്ക-മായി'' -എന്റെ വീട്ടിനടുത്തുള്ള പാട്ടിയമ്മ പാടുകയാണ്. മറ്റുള്ള സ്ത്രീകള്‍ അതേറ്റുപാടുന്നു. 

പാട്ടിയമ്മ വടക്കന്‍ പാട്ടുകളുടെ ഒരു ഖനിയായിരുന്നു. അവരുടെ ശബ്ദത്തില്‍ ആ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന ആശയോടെ ഞാനൊരിക്കല്‍ കുറേ ടേപ്പുകളുമായി ദല്‍ഹിയില്‍ നിന്നും വന്നു. പാട്ടിയമ്മയുടെ വീട് ഒഴിഞ്ഞിരുന്നു. വളപ്പിന്റെ മൂലയില്‍ ഒരട്ടി മണ്ണ് പുതച്ച് അവര്‍ കിടക്കുന്നതു കണ്ടു. അവര്‍ ഇപ്പോഴും പാടുന്നുണ്ടാവണം. തച്ചോളി ഒതേനനും ആരോമല്‍ ചേകവരും പാലാട്ട് കോമനും ഉണ്ണിയാര്‍ച്ചയും മാത്രമായിരുന്നില്ല. തൃക്കണ്ണ്യാവമ്പലത്തിനടുത്ത് പണ്ട് നടന്ന ഒരു മതലഹളയുടെ ചരിത്രം, പാണ്ഡ്യന്‍ കല്ലിന്റെ ഇതിഹാസം അങ്ങനെ എന്തെല്ലാം. കൂടാതെ രതിയില്‍ ചാലിച്ച കുസൃതികളും.

കണ്ടമ്പരമ്പത്തെ* ചിണ്ടന്‍ പോമ്പൊ*
എന്ത്യേന* മാക്കേ നീ താണ്വോക്ക്‌ന്നേ* 
കോണം*  കറുത്തതും കൂട്ടാക്കണ്ട 
കുറിവെച്ച* കോണോന്റെ* പെട്ടീലിണ്ട്

ഉറുമിയുടെ വായ്ത്തല പോലെ തിളങ്ങുന്ന നാടന്‍ നര്‍മ്മം. 'കന്നിക്കൊയ്ത്തി'ന്റെ കവി പാടിയതു പോലെ,

ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍ 
നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടം


2
എന്റെ അച്ഛന്‍, കെ വി കൃഷ്ണന്‍ നായര്‍ എന്റെ ഉറ്റ സുഹൃത്തായ കുഞ്ഞിരാമന്‍ എന്ന ജ്യോത്സ്യരോട് ചോദിച്ചത്രെ, ജ്യോത്സ്യന്‍ തന്നെ എന്നോട് പറഞ്ഞതാണ്.

''കുഞ്ഞിരാമാ, എന്റെ മകന് ഹനുമാന്‍യോഗം ഉണ്ടോ?''

''ഞാന്‍ പഠിച്ച ജോത്സ്യത്തിലൊന്നും അങ്ങനെയൊരു യോഗത്തെക്കുറിച്ച് കേട്ടിട്ടില്ലല്ലോ കൃഷ്‌ണേട്ടാ''

''എന്നാല്‍ അങ്ങനെയൊരു യോഗം ഉണ്ട്. ഹനുമാന്‍ ശ്രീരാമനെ ഭജിക്കുന്നു. മല അടര്‍ത്തി മൃതസഞ്ജീവനിയുമായി പറന്നുവരുന്നു. സീതയെത്തേടിപ്പോകുന്നു. കടല്‍ ചാടിക്കടക്കുന്നു. ലങ്കയ്ക്ക് വാല്‍കൊണ്ട് തീ കൊളുത്തുന്നു. എല്ലാം ശരി. ഹനുമാന്റെ അച്ഛനുമമ്മയ്ക്കും ഹനുമാനെക്കൊണ്ട് കാല്‍ക്കാശിന്റെ ഗുണമുണ്ടായോ? ഇല്ല. '' അച്ഛന്‍ പൊട്ടിച്ചിരിച്ച് തുടര്‍ന്നത്രെ.

''അതാണ് ജ്യോത്സ്യരേ ഹനുമാന്‍യോഗം!"

...

 

1. കുളിയന്‍-ഗുളികന്‍
2. കൊണം-ഗുണം
3. മട്ട്‌ല്-തെങ്ങിന്റെ മടല്‍
4. തച്ചിറ്റ്-തല്ലിയിട്ട്
5. പൊറം-പുറം
6. കയ്യും പോയി-കൈ കഴച്ചു
7. പെങ്കുഞ്ഞി-പെണ്‍കുട്ടി
8. കണ്ടമ്പരമ്പത്തെ-വയല്‍വരമ്പിലൂടെ
9. പോമ്പൊ-പോകുമ്പോള്‍
10. എന്ത്യേന-എന്തിനാണ്
11. താണ്വോക്ക്‌ന്നേ-താണുനോക്കുന്നത്
12. കോണം-കോണകം
13. കുറിവെച്ച-കഞ്ഞിപിഴിഞ്ഞ് അലക്കിമടക്കിയ
14. കോണോന്റെ-കോണകം അവന്റെ

 

നിശ്ചലയാത്രകള്‍:

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

 

click me!