ഐഐടിയിൽ അഡ്മിഷൻ നേടി, 15000 രൂപയില്ലാതെ പെരുവഴിയിൽ വേദനയോടെ ദളിത് വിദ്യാർഥിനി; തുണയ്ക്കെത്തി ഹൈക്കോടതി ജഡ്ജി

By Web TeamFirst Published Nov 30, 2021, 7:12 PM IST
Highlights

പൊതുവേ സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന സംസ്കൃതിയുടെ കുടുംബത്തിന് ഇരുട്ടടിയായത് അച്ഛന്‍റെ രോഗമായിരുന്നു

അലഹബാദ്: സാമ്പത്തിക പ്രയാസം കാരണം ഓരോ വർഷവും പഠനം ഉപേക്ഷിക്കേണ്ടിവരുന്നത് നിരവധി പേരാണ്. ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് അതിൽ തന്നെ ഏറിയപങ്കും. സാമ്പത്തിക പ്രയാസം നേരിടുന്നതിനിടയിൽ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം കൂടി വന്നാൽ പിന്നെ പഠനമെന്നല്ല, പട്ടിണിയെന്നതാകും പലരുടെയും അവസ്ഥ. അത്തരത്തിൽ സാമ്പത്തിക പ്രയാസം നേരിട്ട ഒരു ദളിത് വിദ്യാർത്ഥിനിക്ക് (dalit girl) സഹായ ഹസ്തവുമായെത്തിയ ഹൈക്കോടതി ജ‍ഡ്ജിയുടെ വാ‍ർത്തയാണ് ഇന്ന് രാജ്യത്ത് ശ്രദ്ധ നേടുന്നത്.

പഠിക്കാൻ മിടുക്കിയായിരുന്ന സംസ്‌കൃതി രഞ്ജനാണ് സാമ്പത്തിക പ്രയാസം കാരണം പഠനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയത്. ഐ ഐ ടിയിൽ പഠനത്തിന് യോഗ്യത നേടിയ സംസ്കൃതിക്ക് അഡ്മിഷൻ ഫീസാണ് വില്ലനായെത്തിയത്. ദളിത് വിദ്യാർത്ഥിനിയായ സംസ്‌കൃതിക്ക് ഒടുവിൽ തുണയായെത്തിയത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ദിനേശ് കുമാർ സിങായിരുന്നു (allahabad hc justice dinesh kumar).

പതിനേഴു കാരിയായ സംസ്‌കൃതി രഞ്ജൻ പഠിച്ച സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് ദേശീയ ജോയിന്‍റ് എൻട്രൻസ് പരീക്ഷ എഴുതിയത്. 92.77 ശതമാനം മാർക്ക് നേടിയ മിടുക്കി പട്ടികജാതി വിഭാഗത്തിൽ 2062-ാം സ്ഥാനത്തെത്തി. ആഗ്രഹിച്ച പോലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിംഗിലെ പഞ്ചവത്സര കോഴ്‌സിന് പ്രവേശനവും ലഭിച്ചു. അവിടെയാണ് അഡ്മിഷൻ ഫീസായ 15000 രൂപ സംസ്കൃതിയുടെ പഠനത്തിന് മുകളിൽ കരിനിഴലായി മാറിയത്.

പൊതുവേ സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന സംസ്കൃതിയുടെ കുടുംബത്തിന് ഇരുട്ടടിയായത് അച്ഛന്‍റെ രോഗമായിരുന്നു. വൃക്കരോഗിയായ അച്ഛന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർ നിർദേശിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടയിലേക്കായിരുന്നു സംസ്കൃതിയുടെ അഡ്മിഷൻ തുക കൂടിയെത്തിയത്.

പഠനത്തിൽ മിടുക്കിയായ സംസ്കൃതി പിന്നീട് പോരാട്ടമികവ് കൂടി കാട്ടുകയായിരുന്നു. പണം ഇല്ലാത്തതുകൊണ്ട് പഠനം ഉപേക്ഷിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. നീതി തേടി അലഹബാദ് ഹൈക്കോടതിയിലേക്കായിരുന്നു സംസ്കൃതി പോയത്. കോളജ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലഖ്‌നൗ ബെഞ്ചിൽ അപ്പീൽ നൽകി. അഡ്മിഷൻ ഫീസടക്കാനുള്ള സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയെ സമീപിച്ചതിന്‍റെ രേഖകളുമായാണ് സംസ്കൃതിയും അച്ഛനും കോടതിയിലെത്തിയത്.

ഹ‍ർജി പരിഗണിച്ച ജഡ്ജി ദിനേശ് കുമാർ സിങ് സംസ്കൃതിക്ക് മുന്നിൽ തണലായി മാറുകയായിരുന്നു. അഡ്മിഷൻ ഫീസടക്കാനുള്ള സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള സംസ്കൃതിയുടെയും അച്ഛന്‍റെയും ആവശ്യം ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി പരിഗണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡ്മിഷൻ ഫീസ് നൽകാമെന്നും പ്രവേശനത്തിന് തടസം നിൽക്കരുതെന്നും കോടതി അതോറിറ്റിയോട് പറഞ്ഞു. സംസ്കൃതിയുടെ ഫീസ് ജഡ്‌ജി സ്വന്തം കൈയിൽ നിന്നും നൽകി. ട്യൂഷനും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ മുഴുവൻ കോഴ്‌സ് ഫീസും തങ്ങൾ സമാഹരിച്ച് നൽകാമെന്ന് അഭിഭാഷകരും ഉറപ്പ് നൽകിയതോടെ സംസ്കൃതിക്ക് ഇനി അവളാഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് പഠിച്ച് വളരാം.

click me!