Latest Videos

'ഞങ്ങൾക്ക് തുടർന്ന് പഠിക്കണം'; പിജിക്ക് അവസരം ലഭിക്കുന്നില്ലെന്ന് ബയോകെമിസ്ട്രി ബിരുദ വിദ്യാർത്ഥികൾ

By Web TeamFirst Published Dec 4, 2020, 4:45 PM IST
Highlights

മികച്ച മാർക്കോടെയാണ് ഞങ്ങളിൽ പലരും ബയോകെമിസ്ട്രിയിൽ ബിരുദം നേടിയിട്ടുള്ളത്. എന്നാൽ കോളേജുകൾ ഇല്ലാത്ത സാഹചര്യത്തിൽ പിജി ചെയ്യാനുള്ള അവസരം ഇല്ല. 

തിരുവനന്തപുരം: ഉപരി പഠനത്തിന് അവസരമില്ലാതെ പ്രതിസന്ധിയിലായി ബയോ കെമിസ്ട്രി ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ. 
ബയോകെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കിയിട്ടും ബിരുദാന്തര ബിരുദത്തിന് അവസരം ലഭിക്കുന്നില്ലെന്നാണ് ഈ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധി. ഞങ്ങൾക്ക് തുടർന്ന് പഠിക്കാൻ വളരെയധികം ആ​ഗ്രഹമുണ്ട്. മികച്ച മാർക്കോടെയാണ് ഞങ്ങളിൽ പലരും ബയോകെമിസ്ട്രിയിൽ ബിരുദം നേടിയിട്ടുള്ളത്. എന്നാൽ കോളേജുകൾ ഇല്ലാത്ത സാഹചര്യത്തിൽ പിജി ചെയ്യാനുള്ള അവസരം ഇല്ല. വിദ്യാർത്ഥികളിലൊരാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 
 
സംസ്ഥാനത്തെ 47 സർക്കാർ കോളജുകളിലായി 49 ന്യൂജൻ കോഴ്സുകളാണ് പുതിയതായി അനുവദിച്ചത്. എന്നാൽ ബയോകെമിസ്ട്രി വിദ്യാർത്ഥികൾക്ക് സർക്കാർ കോളേജുകളിൽ പഠിക്കാനുള്ള അവസരം ഇത്തവണയുമില്ല. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒരു സർക്കാർ കോളേജും ഒരു  എയിഡ‍‍ഡ് കോളേജുമാണ് ബയോകെമിസ്ട്രി പിജി പഠനത്തിനായി ഉള്ളത്. ബാക്കിയുള്ളത് സ്വാശ്രയ കോളേജുകളാണ്. ഇവിടുത്ത കനത്ത ഫീസ് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി തങ്ങൾക്കില്ല. ഓരോ സെമസ്റ്ററിനും വൻഫീസാണ് അടക്കേണ്ടത്. വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറയുന്നു. 

ബയോകെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയവരിൽ 80 ശതമാനത്തിലും 90 ശതമാനത്തിലും അധികം മാർക്ക് വാങ്ങിയ വിദ്യാർത്ഥികളുമുണ്ട്. പിജി ചെയ്യാൻ സർക്കാർ കോളേജുകളിൽ അവസരം ലഭിക്കാത്തത് മൂലം ചിലർ പഠനം ബിരുദം കൊണ്ട് അവസാനിപ്പിക്കുകയോ അതല്ലെങ്കിൽ മറ്റ് മേഖലകളിൽ പഠനം തെരഞ്ഞെടുക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. ഫീസ് കൊടുത്ത് പഠിക്കാനും മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകാനും ഇവരുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല.  

'ബിഎസ്‍സി ബയോകെമിസ്ട്രി കഴിഞ്ഞു. 90 ശതമാനത്തിലധികം മാർക്കുണ്ടായിട്ടും അഡ്മിഷൻ കിട്ടിയില്ല. ആകെയുള്ളത് രണ്ട് കോളേജാണ്. അതിൽ തന്നെ സീറ്റും വളരെ കുറവാണ്. യുജിക്ക് കോളേജുണ്ട്. പക്ഷേ പിജിക്കാണ് കോളേജില്ലാത്തത്. യുജി കോഴ്സിൽ സീറ്റ് വർദ്ധിപ്പിച്ചിട്ടും. പിജി കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കാത്തതും കൂടുതൽ കോളേജുകളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കാത്തതും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.' വിദ്യാർത്ഥികളിലൊരാളുടെ വാക്കുകൾ.

സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 47 കോളേജുകളിലായി അനുവദിച്ച 49 കോഴ്സുകളിൽ അഞ്ച് കോളജുകളിൽ പൊളിറ്റിക്കൽ സയൻസും ആറ് കോളജുകളിൽ ഇംഗ്ലീഷും ആറ് കോളജുകളിൽ കൊമേഴ്സും അഞ്ച് കോളജുകളിൽ ഇക്കണോമിക്സും മൂന്ന് കോളജുകളിൽ ചരിത്രവുമാണ് അനുവദിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അനുവദിച്ച എം.എസ്.സി സ്റ്റാറ്റിറ്റിക്സ്, എറണാകുളം മഹാരാജാസ് കോളജിൽ അനുവദിച്ച എം.എസ്.സി ഇന്റഗ്രേറ്റഡ് സൈക്കോളജി, കണ്ണൂർ ഗവൺമെന്റ് വിമൻസ് കോളജിൽ അനുവദിച്ച എം.എസ്.സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി എന്നിവയാണ് പുതിയ കോഴ്സുകളിൽ സയൻസ് വിഷയങ്ങളുള്ളത്. 

​ഗവേഷണ പ്രാധാന്യമുള്ള വിഷയമാണ് ബയോ കെമിസ്ട്രി. ലാബുകളിലും മറ്റും നിരവധി തൊഴിലവസരങ്ങളുണ്ട്. തങ്ങളുടെ പ്രതിസന്ധിക്ക് എത്രയും വേ​ഗം പരിഹാരം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഒരുമിച്ചു കൂടി പരാതി നൽകാനുള്ള സാഹചര്യവും ഇവർക്കില്ല. സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

1999ൽ തിരുവനന്തപുരം വിമൻസ് കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സ് ആരംഭിച്ചിട്ടും പിജി കോഴ്സിന് അനുവാദം നൽകിയിട്ടില്ല. ഈ കോളജ് ഉൾപ്പെടെ തിരുവനന്തപുരത്ത് മാത്രം നാല് കോളജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം നടക്കുന്നുണ്ട്. എന്നാൽ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ എത്രയും വേ​ഗം എത്തിച്ചേരണമെന്നാണ് ഇവരുടെ ആവശ്യം. 
 

click me!