അടിമുടി മാറ്റവുമായി പിഎസ്‍സി; അപേക്ഷകര്‍ കൂടുതലുള്ള പ്രധാന തസ്തികകള്‍ക്ക് ഇനി രണ്ടുഘട്ട പരീക്ഷ

By Web TeamFirst Published May 22, 2020, 2:25 PM IST
Highlights

പൊതുവിജ്ഞാനത്തിലെ മാത്രം മികവനുസരിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കുന്ന സമ്പ്രദായത്തിന് മാറ്റം വരുത്തുന്ന രീതിയാണ് ഇതിലൂടെ പി.എസ്.സി. ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഇതിന് തുടക്കമിടുമെങ്കിലും ഏത് തസ്തിക മുതല്‍ നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

തിരുവനന്തപുരം: പുതിയ പരീക്ഷാ പരിഷ്കാര നടപടികളുമായി പിഎസ്‍സി. ഈ വർഷം തന്നെ മാറ്റം ആരംഭിക്കാനാണ് പിഎസ്‍സിയുടെ തീരുമാനം. കൂടുതൽ പേർ അപേക്ഷിക്കുന്ന പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തും. എലിമിനേഷന്‍ മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ.  ഒ.എം.ആര്‍. രീതിയിലായിരിക്കും ആ പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷയിൽ നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവര്‍ക്ക് മാത്രമാണ് രണ്ടാമത്തെ പരീക്ഷ. 

സംവരണവിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം മുഖ്യപരീക്ഷയിൽ ഉറപ്പാക്കും. പ്രാഥമിക പരീക്ഷയ്ക്ക് സംവരണവിഭാഗക്കാര്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ ഇളവ് അനുവദിച്ച് പ്രത്യേകം പട്ടിക തയ്യാറാക്കും. റാങ്ക് നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുന്നത് മുഖ്യപരീക്ഷയുടെ മാര്‍ക്കായിരിക്കും. അഭിമുഖം ഉള്ള തസ്തികകള്‍ക്ക് അതിന്റ മാര്‍ക്ക് കൂടി റാങ്ക് നിര്‍ണയിക്കാന്‍ പരിഗണിക്കും. പ്രാഥമികപരീക്ഷയുടെ മാര്‍ക്ക് റാങ്കിങ്ങിന് ഉപയോഗിക്കില്ല. യോഗ്യതയനുസരിച്ച് തസ്തികകള്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെ ഏകീകരിച്ച തസ്തികകള്‍ക്കാണ് പൊതുവായി പ്രാഥമിക പരീക്ഷ നടത്തുന്നത്. 

പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയായിരിക്കും ആദ്യ പരീക്ഷ. മുഖ്യപരീക്ഷയുടെ പാഠ്യപദ്ധതിയില്‍ തസ്തികയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചിലതിന് വിവരണാത്മകപരീക്ഷ വേണ്ടിവരും. ഇക്കാര്യങ്ങളില്‍ അതത് സമയത്ത് യോജിച്ച തീരുമാനം പി.എസ്.സി. കൈക്കൊള്ളും. പൊതുവിജ്ഞാനത്തിലെ മാത്രം മികവനുസരിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കുന്ന സമ്പ്രദായത്തിന് മാറ്റം വരുത്തുന്ന രീതിയാണ് ഇതിലൂടെ പി.എസ്.സി. ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഇതിന് തുടക്കമിടുമെങ്കിലും ഏത് തസ്തിക മുതല്‍ നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

അപേക്ഷകള്‍ പെരുകുന്നതും പരീക്ഷകള്‍ നടത്താനാകാതെ വരുന്നതും പി.എസ്.സിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നിലവില്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വിവിധ തസ്തികകള്‍ക്കായി 48 ലക്ഷം അപേക്ഷകളാണ് പി.എസ്.സിയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും പൊതു അപേക്ഷകരാണ്. തസ്തിക പരിഗണിക്കാതെ അപേക്ഷകരെ ഏകീകരിച്ചപ്പോള്‍ എണ്ണം 21 ലക്ഷമായി കുറഞ്ഞു. ഈ 21 ലക്ഷം പേര്‍ക്കായിരിക്കും ഏകീകൃത പ്രാഥമികപരീക്ഷ നടത്തുന്നത്. അതിലൂടെ പരീക്ഷ നടത്തുന്ന ചെലവ് കുറയ്ക്കാനാകും.

click me!