കൊറോണക്കാലത്ത് സുരക്ഷിത യാത്രാമാർ​ഗമായി സൈക്കിൾ മാറി, വിൽപ്പന കൂടി: എന്നാൽ പിന്നീട് സംഭവിച്ചത്...

By Web TeamFirst Published Jul 5, 2020, 11:23 PM IST
Highlights

“മാത്രമല്ല, ഈ കാലയളവിൽ ഞങ്ങളുടെ തൊഴിലാളികളുടെ ചെലവ് ഞങ്ങൾക്ക് വഹിക്കേണ്ടിവന്നു. വൈദ്യുതി, സ്വത്ത്നികുതി, മറ്റ് സമാന നിരക്കുകൾ എന്നിവപോലും ഞങ്ങൾ അടയ്‌ക്കേണ്ടി വന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്ത്യ -ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് രാജ്യത്തെ സൈക്കിൾ നിർമാണ വ്യവസായവും ആശങ്കയിലേക്ക് നീങ്ങി. 7,000 കോടിയുടെ വ്യവസായമാണ് പ്രതിസന്ധിയിലായതെന്ന് പ്രമുഖ ദേശീയ മാധ്യമമായ എൻഡി‌ടിവി റിപ്പോർട്ട് ചെയ്യുന്നു. സൈക്കിൾ നിർമാണത്തിനാവശ്യമായ ചൈനയിൽ നിന്നുളള ഘടകങ്ങളു‌ടെ ഇറക്കുമതി കുറഞ്ഞതാണ് ആശങ്കയ്ക്ക് കാരണം. 

മാരകമായ കൊവിഡ്-19 രോഗം പടരുന്നത് തടയാൻ സർക്കാർ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെ തുടക്കത്തിൽ സൈക്കിളുകളുടെ ആവശ്യകത വർധിച്ചു, സാമൂഹിക അകലം പാലിച്ച് സഞ്ചരിക്കാൻ അനേകം വ്യക്തികൾ സൈക്കിൾ കൂടുതലായി ഉപയോ​ഗിച്ചതാണ് വിൽപ്പന കൂടാൻ കാരണം. പിന്നീട് സമ്പദ്‌വ്യവസ്ഥയെ സർക്കാർ അൺലോക്ക് ചെയ്യാൻ തുടങ്ങിയപ്പോഴും സാമൂഹ്യ അകലം പാലിക്കുന്ന നിലവിലെ സാഹചര്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമായതിനാൽ, സൈക്കിളിന് ഡിമാൻഡ് കുറയാതെ നിന്നു. 

സൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന വിൽപ്പന മൂലം വിപണി സാന്നിധ്യത്തിൽ മുന്നിലുളള ഹീറോ സൈക്കിൾസിന്റെ വിപണി വിഹിതം 40 ശതമാനത്തിൽ നിന്ന് 50 അല്ലെങ്കിൽ 60 ശതമാനമായി ഉയർന്നേക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, പിന്നാലെ അതിർത്തി സംഘർഷം ഉണ്ടായതോടെ സൈക്കിൾ നിർമാതാക്കളുടെ ഇടയിൽ ആശങ്ക വർധിച്ചു. 

"ജിമ്മിൽ പോകാൻ കഴിയാത്തവർ സൈക്ലിംഗ് തിരഞ്ഞെടുക്കുന്നു. ആവശ്യം വർദ്ധിച്ചു. നേരത്തെ ഞങ്ങൾ പ്രതിദിനം 18,000 സൈക്കിളുകൾ നിർമ്മിച്ചിരുന്നു, ഇത് ഇപ്പോൾ പ്രതിദിനം 20,000 സൈക്കിളുകളായി ഉയർന്നു," ഹീറോ സൈക്കിൾസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജൽ പറഞ്ഞു.

സൈക്കിൾ നിർമ്മാണ കേന്ദ്രമായ പഞ്ചാബിലെ ലുധിയാനയിൽ നിർമാണത്തിന് ആവശ്യമായ 70-76 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് വരുന്നത്. ഘടകങ്ങൾ നിർമ്മിക്കുന്ന പ്രാദേശിക മൈക്രോ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ (എം‌എസ്‌എം‌ഇ) ഇപ്പോഴും കൊവിഡ് -19 മൂലമുളള സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുകയോ അവസാനിക്കുകയോ ചെയ്യുമ്പോഴുളള വിടവ് നികത്താൻ അവർക്ക് ഇതുമൂലം കഴിയുന്നില്ല. ഇത് സൈക്കിൾ നിർമാണത്തിലെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. 

"ലോക്ക്ഡൗൺ വ്യവസായത്തെ ബാധിച്ചതിനാൽ ഞങ്ങളുടെ ഉൽപാദനം വെറും 20 ശതമാനം മാത്രമാണ്. തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലേക്ക് പോകാൻ അനുവദിച്ചു. സർക്കാർ ഞങ്ങൾക്ക് നികുതി ഇളവുകളൊന്നും നൽകിയിട്ടില്ല, ”ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രിയൽ കൊമേഴ്‌സ്യൽ ഓർഗനൈസേഷൻ പ്രസിഡന്റ് ​ഗുർമീത് സിംഗ് കുൽഹാർ പറഞ്ഞു. 

“മാത്രമല്ല, ഈ കാലയളവിൽ ഞങ്ങളുടെ തൊഴിലാളികളുടെ ചെലവ് ഞങ്ങൾക്ക് വഹിക്കേണ്ടിവന്നു. വൈദ്യുതി, സ്വത്ത്നികുതി, മറ്റ് സമാന നിരക്കുകൾ എന്നിവപോലും ഞങ്ങൾ അടയ്‌ക്കേണ്ടി വന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ 75 ശതമാനം സൈക്കിൾ ഉൽപാദനവും പഞ്ചാബിലാണ് നടക്കുന്നത്. ഇവിടെ പ്രതിവർഷം 18 ദശലക്ഷം സൈക്കിളുകൾ ഉണ്ടാക്കുന്നു.

ചൈനയിൽ നിന്നുള്ള സൈക്കിളിന്റെയും ഭാഗങ്ങളുടെയും ഇറക്കുമതിയുടെ പങ്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മൊത്തം 70 ശതമാനത്തിൽ നിന്ന് 76 ശതമാനമായി മാറുകയും ചെയ്തു. 

click me!