"വിലകിട്ടുന്നില്ലെങ്കില്‍ എന്തിനാ ഇച്ചായാ മീന്‍ കയറ്റുമതി ചെയ്യുന്നത്": ഒരു 200 കോടി കമ്പനി കിസ്സ

By Anoop PillaiFirst Published Oct 21, 2019, 5:04 PM IST
Highlights

"അക്കൗണ്ടന്‍റായി അനേകം ആളുകളെ ഞങ്ങള്‍ക്ക് കിട്ടും. എന്നാല്‍, ഈ വ്യവസായത്തെ കൂടുതല്‍ അടുത്തറിയാന്‍ താല്‍പര്യമുളള ഒരാളെ കിട്ടാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട് മാത്യുവിനെ ഞങ്ങള്‍ പര്‍ച്ചേസിലേക്ക് മാറ്റാമെന്ന് കരുതുകയാണ്". 

80 കളുടെ മധ്യത്തില്‍ ബിരുദപഠനത്തോടൊപ്പം ആ ഇരുപതുകാരന്‍ നാട്ടിലെ മത്സ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലിക്ക് ചേര്‍ന്നു. ലക്ഷ്യം തൊഴില്‍ ചെയ്ത് പണമുണ്ടാക്കുക മാത്രമായിരുന്നില്ല, മറിച്ച് തനിക്ക് ഏറെ ഇഷ്ടപ്പെട്ട മത്സ്യം വിപണിയെക്കുറിച്ച് അടുത്തറിയാന്‍ വേണ്ടിക്കൂടിയായിരുന്നു ഇത്. പറഞ്ഞുവരുന്നത് മാത്യു ജോസഫെന്ന 200 കോടി ടേണ്‍ ഓവറുളള ഫ്രഷ് ടു ഹോമിന്‍റെ സഹസ്ഥാപകന്‍റെ കഥയാണ്. 1986 മുതല്‍ തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു തുടങ്ങിയ മാത്യു ജോസഫിന്‍റെ ജീവിതം സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകരിക്കാവുന്ന മികച്ച മാതൃകയാണ്.      

കോള്ത്തറ എക്സ്പോര്‍ട്ടേഴ്സെന്ന കമ്പനിയിലെ ജോലി എല്ലാ ദിവസവും അഞ്ചുമണിയാകുമ്പോള്‍ കഴിയും, എന്നാലും മീനിനോടുളള താല്‍പര്യം കൊണ്ട് മാത്യു വീണ്ടും ഫാക്ടറിയില്‍ തന്നെ തുടര്‍ന്നു. ജോലിയില്‍ എല്ലാവരെയും സഹായിച്ചും മത്സ്യ സംസ്കരണത്തിന്‍റെ ഓരോ ഘട്ടവും അടുത്തറിഞ്ഞും കുറഞ്ഞകാലം കൊണ്ടുതന്നെ ആ ഇരുപതുകാരന്‍ കമ്പനിയുടെ പ്രിയപ്പെട്ടവനായി. ഒരു ദിവസം കമ്പനിയുടെ എംഡി മാത്യുവിനെ ക്യാബിനിലേക്ക് വിളിപ്പിച്ചു. "അക്കൗണ്ടന്‍റായി അനേകം ആളുകളെ ഞങ്ങള്‍ക്ക് കിട്ടും. എന്നാല്‍, ഈ വ്യവസായത്തെ കൂടുതല്‍ അടുത്തറിയാന്‍ താല്‍പര്യമുളള ഒരാളെ കിട്ടാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട് മാത്യുവിനെ ഞങ്ങള്‍ പര്‍ച്ചേസിലേക്ക് മാറ്റാമെന്ന് കരുതുകയാണ്". 

ശരിക്കും അവിടം മുതല്‍ കഥ മാറുകയായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത, ഇന്ന് ഇന്ത്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രഷ് ടു ഹോമെന്ന 'ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റിന്‍റെ' ഉദയത്തിന് കാരണമായ മാത്യു ജോസഫെന്ന ആലപ്പുഴക്കാരന്‍റെ മുന്നേറ്റം ഇവിടെ തുടങ്ങുന്നു.

എംഡിയുടെ തീരുമാനത്തെ തുടര്‍ന്ന്, കോള്ത്തറ എക്സപോര്‍ട്ട് കമ്പനിയുടെ അസിസ്റ്റന്‍റ് മാനേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മാത്യു മത്സ്യത്തിന്‍റെ ഗുണമേന്മ പരിശോധിക്കുന്നതിനും വാങ്ങുന്നതിനുമായി ഇന്ത്യയിലെ കടപ്പുറങ്ങളിലൂടെ യാത്ര ചെയ്തു. ഈ യാത്രകളിലൂടെ ലഭിച്ച വലിയ സൗഹൃദ വലയമാണ് പിന്നീട് ബിസിനസില്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം മാത്യുവിനെ തുണച്ചത്. ഇന്ത്യയിലെ വിവിധ മത്സ്യ സംസ്കരണ ഫാക്ടറികള്‍ സന്ദര്‍ശിച്ചു, വിപണിയുടെ ഓരോ ചലനങ്ങളും അടുത്തുനിന്ന് പഠനവിധേയമാക്കി. അങ്ങനെ പതിനൊന്ന് വര്‍ഷം കോള്ത്തറ എക്സപോര്‍ട്ടേഴ്സ് എന്ന കമ്പനിയില്‍ മാത്യു ജോലി ചെയ്തു. ആദ്യകാലത്ത് ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി പിന്നീട് പബ്ലിക്ക് ഇഷ്യു നടത്തി മത്സ്യ കയറ്റുമതി മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലത്തുന്ന സ്ഥാപനമായി മാറി.

ആദ്യ വിദേശയാത്രയില്‍ കിട്ടിയ 'ഐഡിയ'

കോള്ത്തറ എക്സപോര്‍ട്ടേഴ്സിന്‍റെ ഓപ്പറേഷന്‍സ് വിഭാഗം മാനേജറുടെ പദവിയിലിരിക്കെ സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം മാത്യുവിലുണ്ടായി. കേരളത്തിലെ മത്സ്യ കയറ്റുമതി രംഗത്തെ ഹബ്ബെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അരൂരില്‍ കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തിന് ആവശ്യമായ മീന്‍ വിതരണം ചെയ്യുന്ന ഒരു ചെറുസംരംഭവുമായിട്ടായിരുന്നു മാത്യുവിന്‍റെ ആദ്യ ചുവടുവെയ്പ്പ്. 1997 ലായിരുന്നു ഇത്. എന്നാല്‍, പല കമ്പനികളും പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതോടെ മാത്യുവിന്‍റെ സംരംഭം സാമ്പത്തികമായി വിഷമവൃത്തത്തിലായി. തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അദ്ദേഹം സ്വന്തമായി മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു.

ഇതോടെ കയറ്റുമതി രംഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. കയറ്റുമതി രംഗത്ത് സ്വന്തമായി കമ്പനി തുടങ്ങുകയെന്നത് വലിയ ചെലവ് വരുന്ന പദ്ധതിയാണെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം നിരാശയിലായി. "അന്നൊക്കെ ശീതീകരിച്ച മത്സ്യമായിരുന്നു കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍, അതിന് ആവശ്യമായ ശീതീകരണ സംവിധാനമുളള ഫാക്ടറി പണിയണമെങ്കില്‍ അക്കാലത്ത് അഞ്ച് കോടി രൂപയെങ്കിലും വേണ്ടി വരുമായിരുന്നു. ആ ചെലവ് താങ്ങാനാകാതെ വന്നതോടെയാണ് ഞാന്‍ പദ്ധതി ഉപേക്ഷിച്ചത്" മാത്യു ജോസഫ് പറഞ്ഞു.

ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്ന മാത്യുവിനെത്തേടി ആ ഫോണ്‍ കോള്‍ എത്തി. പച്ചമീനിന് ദുബായിയില്‍ നല്ല ആവശ്യകതയുണ്ടെന്ന സുഹൃത്തിന്‍റെ വാക്കുകള്‍ അദ്ദേഹത്തിലെ ബിസിനസ്സുകാരന് പുതുജീവന്‍ നല്‍കി. അതിന്‍റെ നേരറിയാനായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ വിദേശയാത്ര. 1998 ല്‍ മാത്യു ആദ്യമായി ദുബായിലേക്ക് വച്ചുപിടിച്ചു. ദുബായ് ഫിഷ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത് ശരിക്കും വഴിത്തിരിവായി. 50 ഓളം രാജ്യങ്ങളില്‍ നിന്ന് പച്ച മത്സ്യം ദുബായ് മാര്‍ക്കറ്റില്‍ എത്തുന്നതും അത് വാങ്ങാനായി മാത്രം നിരവധി ആവശ്യക്കാരുളളതായും മനസ്സിലായി. രണ്ടാഴ്ച ദുബായിയില്‍ തന്നെ നിന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ കച്ചകടക്കാരെയും ഇറക്കുമതി കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുബായിയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്ക് വിമാനം കയറിയത് ആ നിര്‍ണായക തീരുമാനമെടുത്തുകൊണ്ടായിരുന്നു.  

2000 ത്തില്‍ Atelier Exports എന്ന പേരില്‍ കമ്പനി സ്ഥാപിച്ചു. ആദ്യമായി ദുബായിയിലേക്ക് തന്നെ പച്ചമത്സ്യം കയറ്റുമതി ചെയ്തു. അഞ്ച് വര്‍ഷം കൊണ്ട് ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ മാത്യുവിന്‍റെ കമ്പനിക്ക് സ്വാധീനം വര്‍ധിച്ചു. കേരളത്തില്‍ നിന്ന് നേരിട്ട് എവിടേക്കൊക്കെ വിമാനം പോകുന്നുണ്ടോ അവിടേക്കൊക്കെ മത്സ്യം കയറ്റിവിടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള പ്രവര്‍ത്തനമായിരുന്നു ഈ വിജയം എളുപ്പമാക്കിയത്. എന്നാല്‍, ആ മുന്നേറ്റത്തിന് 2008 ല്‍ ലോകത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യം തടസ്സം സൃഷ്ടിച്ചു. 2011 ആയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ദുബായ് അടക്കമുളള നഗരങ്ങളിലേക്കുളള കയറ്റുമതി വന്‍ നഷ്ടം മാത്യുവിന് സമ്മാനിച്ചു. ആഭ്യന്തര മാര്‍ക്കറ്റില്‍ വില കുറയാതെ വിദേശ മാര്‍ക്കറ്റില്‍ വിലക്കയറ്റം ഉണ്ടായതാണ് നഷ്ടം ഭീമമാകാന്‍ കാരണം. "തലേന്ന് അഞ്ച് ഡോളര്‍ നിരക്കിലാകും മീന്‍ കയറ്റുമതി ചെയ്തത്, ആ പണം ഉപയോഗിച്ചാകും ഞാന്‍ മീന്‍ വാങ്ങി പായ്ക്ക് ചെയ്യുന്നത്. അത് എയര്‍പോര്‍ട്ടില്‍ എത്തുന്നതോടെ നിരക്ക് 4.5 ഡോളറായി കുറയും, വിമാനം കയറി ഗള്‍ഫിലെ ഏതെങ്കിലും നഗരത്തിലിറങ്ങുമ്പോഴേക്കും നിരക്ക് വെറും നാല് ഡോളറാകും." പ്രതിസന്ധിയുടെ കാലത്തെ മാത്യു ജോസഫ് ഓര്‍ത്തെടുത്ത് പറയുന്നു. 

കരുത്തായത് ഭാര്യയുടെ വാക്കുകള്‍

പ്രതിസന്ധിക്കാലത്ത് രക്ഷയായത് ഭാര്യയുടെ ഇടപെടലാണ്. ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ടിരിക്കെ അവള്‍ പറഞ്ഞ വാക്കുകളാണ് എനിക്ക് പുതിയ ജീവിതം സമ്മാനിച്ചതെന്ന് മാത്യു പറയുന്നു. 'ഈ വിലകുറയുന്ന രാജ്യത്തേക്ക് എന്തിനാണ് ഇച്ചായാ കയറ്റിവിടുന്നത്, ഇവിടെ വില കുറയുന്നില്ലല്ലോ നമുക്ക് ഇവിടെ വിറ്റാല്‍ പോരെ'. അവിടെ നിന്നാണ് ഫ്രഷ് ടു ഹോമിന്‍റെ ആദ്യ രൂപമായ സീ ടു ഹോമിന് 2012 ല്‍ മാത്യു തുടക്കം കുറിക്കുന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും സുഹൃത്തിന്‍റെ സോഫ്റ്റ്‍വെയര്‍ കമ്പനിയിലെ ടെക്നീഷ്യന്മാരുടെയും സഹായത്തോടെയായിരുന്നു സീ ടു ഹോമെന്ന വെബ്സൈറ്റ് പറക്കുന്നത്. സൈറ്റിന് അധികം പരസ്യമൊന്നും മാത്യു നല്‍കിയില്ല, എന്നാല്‍, കുറച്ചുകാലം കൊണ്ടുതന്നെ സംഭവം 'ക്ലിക്കായി'. അതോടെ സേവനം കേരളത്തിന് പുറത്ത് ബാംഗ്ലൂരേക്കും ദില്ലിയിലേക്കും വ്യാപിപ്പിച്ചു. ദിവസേന ഏതാണ് 500 കൂടുതല്‍ ആളുകള്‍ വെബ്സൈറ്റ് വഴി മീന്‍ വാങ്ങാന്‍ തുടങ്ങി.

ദില്ലിയില്‍ നിന്ന് മാത്യുവിന്‍റെ വിജയകഥ കേട്ടറിഞ്ഞ് ഫോബ്സ് മാഗസിന്‍ പ്രതിനിധികള്‍ കൊച്ചിയില്‍ എത്തി. മാത്യുവിനെക്കുറിച്ച് അവര്‍ ലേഖനം തയ്യാറാക്കി. അവര്‍ പ്രസിദ്ധീകരിച്ച ലേഖനം രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ സീ ടു ഹോമിന്‍റെ വെബ്സൈറ്റില്‍ മീന്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ശരിക്കും മാത്യുവിനെ മറ്റൊരു വലിയ പ്രതിസന്ധിയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...

ഒരു ദിവസം ഉച്ചയോടെ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ എണ്ണം 1,000 ത്തിന് മുകളിലേക്ക് കയറി, സൈറ്റ് പൊളിഞ്ഞു !. മാത്യു വിഷമവൃത്തത്തിലായി... ടെക്നിക്കല്‍ സപ്പോള്‍ട്ട് ടീമുകളെ സമീപിച്ചെങ്കിലും സെര്‍വറിന്‍റെ ശേഷി കൂട്ടണമെന്ന ഉപദേശമാണ് ലഭിച്ചത്. അതിനുളള പണം ചെലവഴിക്കാന്‍ ഫെഡറല്‍ ബാങ്കും തയ്യാറായി. എന്നാല്‍, തല്‍ക്കാലത്തേക്ക് സേവനം അടച്ചുപൂട്ടാനായിരുന്നു മാത്യുവിന്‍റെ തീരുമാനം!. 

ഷാന്‍ കടവില്‍ വരുന്നു...

ഈ ആശങ്കയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ ഫ്രഷ് ടു ഹോമിന്‍റെ പാര്‍ട്ട്നറും സിഇഒയുമായ ഷാന്‍ കടവിലിന്‍റെ രംഗപ്രവേശം. ഒരു പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം സിഇഒയായി ജോലി ചെയ്യുകയായിരുന്ന ഷാന്‍ മാത്യുവിനെ സഹായിക്കാമെന്ന് ഏറ്റു. 2014 ല്‍ തുടങ്ങിയ ഈ സൗഹൃദമാണ് ഫ്രഷ് ടു ഹോമിനെ ഇന്ന് കാണുന്ന ശക്തമായ കമ്പനിയാക്കി മാറ്റിയത്. ആ സൗഹൃദത്തെക്കുറിച്ച് മാത്യു പറയുന്നത് ഇപ്രകാരമാണ്. 'കോര്‍പ്പറേറ്റും മാര്‍ക്കറ്റും കണ്ടുമുട്ടി !'. ഇരുവരുടെയും സൗഹൃദത്തിന്‍റെ ഉല്‍പ്പന്നമായിരുന്നു 2015 ല്‍ ആരംഭിച്ച ഫ്രഷ് ടു ഹോം !. മാത്യു കമ്പനിയുടെ സിഒഒയും (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) ഷാന്‍ സിഇഒയുമായിട്ടായിരുന്നു (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) കമ്പനിയുടെ രൂപീകരണം. 

സീ ടു ഹോമിന് സ്വാധീനമുണ്ടായിരുന്ന കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചേര്‍ത്തല, ബാംഗ്ലൂര്‍, ദില്ലി തുടങ്ങിയ വിപണികളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഫ്രഷ് ടു ഹോമും ആരംഭിച്ചത്. മത്സ്യത്തോടൊപ്പം ഇറച്ചിയും മറ്റ് ഭക്ഷ്യ വിഭവങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. ഇതിനിടെ നിരവധി ഏയ്ഞ്ചല്‍ ഫണ്ടിങ് കേന്ദ്രങ്ങളില്‍ നിന്ന് ഫ്രഷ് ടു ഹോമിലേക്ക് നിക്ഷേപം എത്തി. ഇത് കമ്പനിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിച്ചു. "നിലവില്‍ 200 കോടി രൂപ ടേണ്‍ ഓവറുളള കമ്പനിയാണ് ഫ്രഷ് ടു ഹോം. ഈ വര്‍ഷം അവസാനത്തോടെ ടേണ്‍ ഓവര്‍ 300 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ" മാത്യു പറഞ്ഞു. സീ ടു ഹോമായിരുന്നപ്പോള്‍ രണ്ട് ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് മാത്യുവിനോടൊപ്പം 1044 പേര്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് ദുബായിയില്‍ ഫാക്ടറി തുടങ്ങുകയും ഗള്‍ഫ് വിപണിയില്‍ വ്യാപനം തുടരുകയും ചെയ്യുന്നു. "പച്ചമത്സ്യ വിതരണ രംഗത്ത് കേരളം, ബാംഗ്ലൂര്‍, ദില്ലി എന്നിവടങ്ങളിലെ ശക്തമായ ബ്രാന്‍ഡാണ് ഞങ്ങള്‍. മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ സാന്നിധ്യവും ഫ്രഷ് ടു ഹോമിനുണ്ട്" മാത്യു അഭിപ്രായപ്പെട്ടു. 

"അമോണിയയും, ഫോര്‍മാലിനും ഇല്ലാത്ത പച്ച മത്സ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു എന്നതാണ് ഫ്രഷ് ടു ഹോമിനെ മറ്റുളള സേവന ദാതാക്കളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒപ്പം ഞങ്ങളുടെ സേവന ശൃംഖലയുടെ വ്യാപ്തിയും കമ്പനിയെ ഉപഭോക്താക്കളുടെ ഇഷ്ടക്കാരാക്കുന്നു. പ്രധാന സ്വകാര്യ എയര്‍ലൈനുകളായ സ്പൈസ് ജെറ്റുമായും ഗോ എയറുമായും മീനും ആട്ടിറച്ചിയും കയറ്റിവിടാന്‍ ദേശീയ തലത്തില്‍ കരാര്‍ ഒപ്പിടാന്‍ സാധിച്ചത് ഫ്രഷ് ടു ഹോമിന്‍റെ വിജയക്കുതിപ്പ് വേഗത്തിലാക്കി" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം 1,500 കോടി !

നിലവില്‍ ഏഴ് ലക്ഷം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് ഫ്രഷ് ടു ഹോമിനുളളത്. ഉപഭോക്താക്കള്‍ കൂടിയതോടെ ഗുണമേന്മയുളള മത്സ്യം കിട്ടാനില്ലാതായി. അതിനാല്‍ അമ്പലപ്പുഴയിലും കര്‍ണാടകയിലും ആവശ്യത്തിനുളള മീനിനെ സ്വന്തമായി ഉല്‍പാദിപ്പിക്കാനുളള പദ്ധതികള്‍ നടപ്പാക്കി വരുകയാണ് ഞങ്ങള്‍. കടല്‍ മീന്‍ ലഭിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് അടിസ്ഥിത സംവിധാനമാണ് ഉപയോഗിക്കുന്നത്. ദിവസവും 125 ഓളം കടപ്പുറങ്ങളെയാണ് ഈ ആപ്പ് വഴി ബന്ധിപ്പിക്കുന്നതെന്നും മാത്യു ജോസഫ് പറയുന്നു.

അടുത്ത ഘട്ടത്തില്‍ ഹൈദരാബാദിലേക്കും കേരളത്തിലെ മറ്റ് 20 നഗരങ്ങളിലേക്കും കൂടി സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ആലോചന. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്രഷ് ടു ഹോമിനെ 1,500 കോടി ടേണ്‍ ഓവറുളള കമ്പനിയാക്കി മാറ്റുകയാണ് മാത്യുവിന്‍റെയും ഷാനിന്‍റെയും ലക്ഷ്യം.      

click me!