26 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി പിടിയില്‍

By Web TeamFirst Published Nov 9, 2020, 12:08 AM IST
Highlights

സംഘത്തിലെ പ്രധാനി കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനെ കോഴിക്കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. ഉമേഷിന്‍റെ നേതൃത്വത്തിലുളള സഘമാണ് അറസ്റ്റ് ചെയ്തത്. 

കൊയിലാണ്ടി: 26 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രധാന പ്രതി പിടിയില്‍. കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കോഴിക്കോട് സിറ്റി കോ ഓപറേറ്റീവ് ബാങ്കിലാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് കല്ലായി ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. 

നന്മണ്ട സ്വദേശി കെ.കെ വിശ്വനാഥന്‍ എന്നയാളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി വായ്പാ എടുക്കുകയായിരുന്നു. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിശ്വനാഥന്‍റെ സ്ഥലം ഈട് വച്ചായിരുന്നു ബാങ്കില്‍ നിന്ന് ലോണെടുത്തത്.

സംഘത്തിലെ പ്രധാനി കൊയിലാണ്ടി കൊല്ലം സ്വദേശി സുരേന്ദ്രനെ കോഴിക്കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. ഉമേഷിന്‍റെ നേതൃത്വത്തിലുളള സഘമാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖകള്‍ ഉണ്ടാക്കിയതും വിശ്വനാഥന്‍റെ പേരില്‍ ഒപ്പിട്ടതും ഇയാളാണ്. ബാലുശേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സുരേന്ദ്രന്‍. നേരത്തെ ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാളെ അച്ചടക്ക നടപടിയെ തുടര്‍ന്ന് പിരിച്ച് വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കടലുണ്ടി സ്വദേശി കെ.പി പ്രദീപന്‍, അത്തോളി ചാലക്കല്‍ സിജുലാല്‍ എന്നിവര്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. സ്ഥലമുടമ വിശ്വനാഥന്‍റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ സിജുലാലിന്‍റെ ഫോട്ടോയാണ് പതിച്ചിരുന്നത്.

ലോണ്‍ തിരിച്ചടവില്ലാതെ വന്നപ്പോള്‍ ബാങ്ക് വിശ്വനാഥന്‍റെ പേരില്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് ബാങ്ക് അധികൃതര്‍ വിശ്വനാഥന്‍റെ വീട് അന്വേഷിച്ച് പോയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലോണ്‍ തട്ടിപ്പിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. തട്ടിപ്പ് സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. സംഘം കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

click me!