തമിഴ്നാട്ടില്‍ റെയ്ഡ് തുടരുന്നു; എഎംഎംകെ ഓഫീസില്‍ നിന്നും 1.48 കോടി രൂപ പിടികൂടി

By Web TeamFirst Published Apr 17, 2019, 11:45 AM IST
Highlights

പണം വിതരണം ചെയ്യേണ്ട, വാര്‍ഡ് നമ്പറുകളുടേയും വോട്ടര്‍മാരുടെയും പേരുകള്‍ അടങ്ങുന്ന ലിസ്റ്റും പിടികൂടിയതായി, ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

തേനി: തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ, എഎംഎംകെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത 1.48 കോടി രൂപ പിടികൂടി. ടിടിവി ദിനകരന്‍റെ പാര്‍ട്ടിയായ എഎംഎംകെയുടെ ഓഫീസില്‍  നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടികൂടിയത്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നാണ് പണം പിടികൂടിയത്. 94 പാക്കറ്റുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു പണം. 

ഇതോടൊപ്പം പണം വിതരണം ചെയ്യേണ്ട, വാര്‍ഡുകളുടേയും വോട്ടര്‍മാരുടെയും പേരുകള്‍ അടങ്ങുന്ന ലിസ്റ്റും പിടികൂടിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 300 രൂപ വീതം ഒരോ വോട്ടര്‍ക്കും വിതരണം ചെയ്യാനാണ് പണമെന്ന് രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. റെയ്‍ഡ് നടക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചെങ്കിലും പൊലീസിടപെട്ട് പ്രവര്‍ത്തകരെ നീക്കം ചെയ്തു. പണം പിടികൂടിയ സംഭവത്തില്‍ നാല് എഎംഎംകെ പ്രവര്‍ത്തകര്‍ പിടിയിലായതായി പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

റെയ്ഡ് ഇന്ന് പുലര്‍ച്ചവരേ നീണ്ടു നിന്നു. പിടിച്ചെടുത്ത പേപ്പറുകളില്‍ രേഖപ്പെടുത്തിയ വാര്‍ഡുകള്‍ ആണ്ടിപ്പട്ടി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. ഈ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് നടക്കുന്നത്. ആണ്ടിപ്പട്ടി നിയമസഭാ മണ്ഡലത്തില്‍ എഎംഎംകെ സ്ഥാനാര്‍ത്ഥിക്ക് വേട്ടു ചെയ്തതിന്‍റെ പോസ്റ്റല്‍ ബാലറ്റ് പേപ്പറും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. എഎംഎംകെ, വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ടു വാങ്ങുന്നതിന്‍റെ തെളിവാണിതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നേരത്തെ കണക്കില്‍ പെടാത്ത 11.5 കോടി രൂപ കണ്ടെത്തിയതിനെത്തുടര്‍ന്ന്, തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്, ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നായിരുന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. 

click me!