കേരളാ ബാങ്ക് പൂട്ടുമെന്ന ചെന്നിത്തലയുടെ നിലപാട് വിനാശകരം: എ വിജയരാഘൻ

By Web TeamFirst Published Feb 14, 2021, 10:54 AM IST
Highlights

പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് വെച്ചാണ് നരേന്ദ്രമോദി കേരളത്തിലെത്തിയത്. കേരളത്തിന്റെ വികസന കാര്യങ്ങളിൽ ഇടപെടുന്നതിനേക്കാൾ ബിജെപി കോർ കമ്മിറ്റി യോഗത്തിനാണ് മോദി മുൻഗണന നൽകുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. 

കാസർകോട്: കേരളത്തിന്റെ വികസന മുന്നേറ്റത്തെ തകർക്കാനുള്ള ഗൂഢാലോചന ബിജെപിയും കോൺഗ്രസും നടത്തുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘൻ. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളാ ബാങ്ക് പൂട്ടുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച വിജയരാഘൻ എൽഡിഎഫ് ജാഥയിലെ വലിയ ബഹുജന പങ്കാളിത്തം മുഖ്യമന്ത്രിയെ  ജനങ്ങൾക്ക് വിശ്വാസമാണെന്നാണ് കാണിക്കുന്നതെന്നും പറഞ്ഞു. 

യുഡിഎഫ്, ബിജെപിക്കെതിരെ അർധ മനസോടെ മാത്രമേ സംസാരിക്കുകയുള്ളു. വോട്ടുകച്ചവടമാണ് അവരുടെ ലക്ഷ്യം. നാടിന്റെ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന നയങ്ങളാണുണ്ടാകേണ്ടത്. കേരളാ ബാങ്ക് പൂട്ടുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് കേരളത്തിന് വിനാശകരമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. സർക്കാർ സ്ഥാപനങ്ങൾ കോടികൾ മുടക്കി നവീകരിച്ച ശേഷം വിൽക്കുകയാണ് മോദി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷകനായെത്തി വിൽപ്പന നടത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കേരളത്തിന്റെ വികസന കാര്യങ്ങളിൽ ഇടപെടുന്നതിനേക്കാൾ ബിജെപി കോർ കമ്മിറ്റി യോഗത്തിനാണ് മോദി മുൻഗണന നൽകുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. 

എൽഡിഎഫ് ജാഥയിലെ വലിയ ബഹുജന പങ്കാളിത്തം മുഖ്യമന്ത്രിയെ ജനങ്ങൾക്ക് വലിയ വിശ്വാസമാണെന്നാണ് സൂചിപ്പിക്കുന്നത്. ഒരു എൻസിപി എംഎൽഎ സ്വാർത്ഥ താൽപര്യം സംരക്ഷിക്കാൻ  പോയത് കൊണ്ട് ഇടത് മുന്നണിക്ക് ഒരു പ്രശ്നവും സംഭവിക്കില്ലെന്നും മാണി സി കാപ്പന്റെ മുന്നണി മാറ്റത്തെക്കുറിച്ച് വിജയരാഘവൻ പ്രതികരിച്ചു. 

click me!