മമതാ-ടാറ്റ ഭായി ഭായി; ബംഗാളില്‍ പിണക്കം മറന്ന് തൃണമൂലും ടാറ്റയും

By Web TeamFirst Published Apr 30, 2019, 11:44 AM IST
Highlights

തങ്ങളുടെ സ്വപ്ന പദ്ധതിയ്ക്ക് തുരങ്കം വെച്ച തൃണമൂല്‍ കോണ്‍ഗ്രസിനോടും മമത ബാനര്‍ജിയോടും ടാറ്റയ്ക്ക് പിണക്കമായിരുന്നു

കൊല്‍ക്കത്ത: 11 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസും വ്യവസായ ഭീമന്മാരായ ടാറ്റയും. ബംഗളില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് അധികാരം പിടിയ്ക്കാന്‍ മമതയ്ക്ക് തുണയായത് ടാറ്റയുടെ നാനോ കാര്‍ പദ്ധതി വിരുദ്ധ സമരമായിരുന്നു. 

സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി സ്ഥാപിയ്ക്കാന്‍ ഇടതുഗവണ്‍മെന്‍റ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് കര്‍ഷകരോഷം പൊട്ടിപ്പുറപ്പെട്ടു. പൊലീസ് നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സമരം ഏറ്റെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അപ്രസക്തമാക്കി അധികാരം പിടിച്ചെടുത്തു. നാനോ കാര്‍ പദ്ധതി പിന്നീട് ഗുജറാത്തിലേക്ക് മാറ്റി. തങ്ങളുടെ സ്വപ്ന പദ്ധതിയ്ക്ക് തുരങ്കം വെച്ച തൃണമൂല്‍ കോണ്‍ഗ്രസിനോടും മമത ബാനര്‍ജിയോടും ടാറ്റയ്ക്ക് പിണക്കമായിരുന്നു. 

എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ഇരുവരും തമ്മിലുള്ള പിണക്കം മഞ്ഞുരുകി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വരെ ടാറ്റ സജീവമാണ്. 29ന് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയില്‍ വക്താവ് ഡെറിക് ഒബ്രിയാന്‍ ടാറ്റയെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതായി പറഞ്ഞിരുന്നു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയുടെ കര്‍ശന നിലപാട് സംസ്ഥാനത്ത്നിന്ന് വ്യവസായികളെ അകറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചീത്തപ്പേര് മാറ്റാനാണ് തൃണമൂല്‍ ടാറ്റയെ സ്വാഗതം ചെയ്തത്. ടാറ്റയും ഹിറ്റാച്ചിയും അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് റാഞ്ചിയില്‍നിന്ന് ബംഗാളിലേക്ക് മാറ്റിയിരുന്നു.

click me!