അമിത് ഷാ തമിഴ്നാട്ടില്‍; പൊതുയോഗങ്ങളും, സീറ്റ് ചര്‍ച്ചകളും നടത്തും

By Web TeamFirst Published Feb 28, 2021, 7:45 AM IST
Highlights

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ നേട്ടം പ്രതീക്ഷിക്കുന്ന തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദർശിക്കുന്നത്.

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. പൊതുയോഗങ്ങളില്‍ ഷാ പങ്കെടുക്കും. അണ്ണാഡിഎംകെയുമായുള്ള സീറ്റ് വിഭജനവും ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച തമിഴ്നാട്ടിലെത്തും.

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ നേട്ടം പ്രതീക്ഷിക്കുന്ന തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദർശിക്കുന്നത്.അണ്ണാഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം കൂടുതൽ സീറ്റ് നേടി തമിഴ്‌നാട്ടിൽ നിർണായക ശക്തിയാവുകയാണ് ബിജെപി ലക്ഷ്യം.

രാവിലെ കാരയ്ക്കലിൽ എത്തുന്ന അമിത് ഷാ വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കും. പുതുച്ചേരിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ എത്തുന്ന അമിത് ഷാ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി ചർച്ച നടത്തും.

തിരഞ്ഞെടുപ്പു തന്ത്രങ്ങൾ, സഖ്യ തീരുമാനം, സ്ഥാനാർഥി നിർണയം തുടങ്ങിയവ ചർച്ചയാവും. 35 മുതൽ 40 സീറ്റ് വരെ ബിജെപി എഐഎഡിഎംകെയോട് ആവശ്യപ്പെടും. എന്നാൽ 23 സീറ്റ് വരെ ബിജെപിക്ക് നൽകാനാണ് സാധ്യത.വണ്ണിയാർ സമുദായത്തിന് സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെ പട്ടാളി മക്കൾ കക്ഷി എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 23 സീറ്റുകളിൽ പട്ടാളി മക്കൾ കക്ഷി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

click me!