സ്ഥാനാർത്ഥി നിർണ്ണയം: തമ്മിലടിച്ച് അമിത് ഷായും വസുന്ധര രാജെയും; പരിഹാരം കാണാന്‍ പ്രധാനമന്ത്രി

By Web TeamFirst Published Nov 8, 2018, 9:17 PM IST
Highlights

സിറ്റിങ്ങ് എംഎല്‍എ മാരിൽ ഭൂരിപക്ഷത്തിനും സീറ്റ് നല്‍കേണ്ടെന്ന് അമിത് ഷാ നിലപാട് എടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് വസുന്ധര രാജെ. തര്‍ക്കപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നാണ് സൂചന.
 

ദില്ലി: രാജസ്ഥാനിൽ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി പാര്‍ട്ടി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിൽ രൂക്ഷമായ തര്‍ക്കം.
സിറ്റിങ്ങ് എംഎല്‍എ മാരിൽ ഭൂരിപക്ഷത്തിനും സീറ്റ് നല്‍കേണ്ടെന്ന് അമിത് ഷാ നിലപാട് എടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് വസുന്ധര രാജെ. തര്‍ക്കപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നാണ് സൂചന.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ നിയമനത്തെ ചൊല്ലിയുണ്ടായ അമിത് ഷാ വസുന്ധരെ രാജെ പോര് സ്ഥാനാര്‍ഥി നിര്‍ണയത്തിലും തുടരുകയാണ്. രാജസ്ഥാനിലെ ബി.ജെ.പിക്കാര്യം വസുന്ധരെയുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കാൻ പാര്‍ട്ടി അധ്യക്ഷൻ ഒരുക്കമല്ല. 85 സീറ്റുകളിലേയ്ക്ക് വസുന്ധര രാജെ നിര്‍ദേശിച്ച സ്ഥാനാര്‍ഥി പട്ടിക അമിത് ഷാ തള്ളി. 162 സിറ്റിങ് എം.എല്‍.എമാരിൽ ബഹു ഭൂരിപക്ഷത്തിനും സീറ്റ് കൊടുക്കേണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍റെ തീരുമാനം. വസുന്ധര വിരുദ്ധ ചേരിയിലെ നേതാക്കുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തുളള സ്ഥാനാര്‍ഥി പട്ടികയ്ക്കായാണ് അമിത് ഷായുടെ നീക്കം. സ്ഥാനാര്‍ഥി മോഹികളും പ്രവര്‍ത്തകരും സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നതോടെ രാജസ്ഥാനില്‍ സാഹചര്യം വഷളാവുകയാണ്. 

അതേ സമയം സിറ്റിങ് എം.എല്‍.എമാരിൽ ഭൂരിപക്ഷവും അനുയായികളായതിനാൽ മുഖ്യമന്ത്രി വസുന്ധര രാജെ അമിത് ഷായുടെ നിര്‍ദേശം അംഗീകരിക്കുന്നില്ല. സിറ്റിങ് എം.എല്‍.എമാരെ ഒറ്റയടിക്ക് മാറ്റുന്നത് വിമതശല്യം രൂക്ഷമാക്കുമെന്നാണ് വസുന്ധരയുടെ പക്ഷം. 70 സീറ്റിൽ ഒറ്റപ്പേരും 50 സീറ്റിൽ രണ്ടു പേരുകളും 80 സീറ്റുകളിൽ മൂന്നോ അതിലധികമോ പേരുകളുമായി കോര്‍ കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അമിത് ഷാ മടക്കി. പകരം 50 സീറ്റിൽ ഒറ്റപ്പേരും ബാക്കി 150 സീറ്റിൽ മൂന്നു പേരുകളുള്ള സാധ്യത പട്ടികയും സമര്‍പ്പിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍റെ നിര്‍ദേശം.

വസുന്ധര വിരുദ്ധര്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ് കോര്‍ കമ്മിറ്റി. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവേദക്കര്‍ സ്ഥാനാര്‍ഥി തര്‍ക്കം തീര്‍ക്കാൻ നിലവില്‍ ജയ്പൂരിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ദില്ലിയിൽ യോഗം ചേരുമെന്നാണ് സൂചന. 

click me!