ബിജെപിയോട് കൂടുതൽ സീറ്റുകൾ ചോദിക്കാനൊരുങ്ങി ബിഡിജെഎസ്

By Web TeamFirst Published Feb 18, 2021, 8:34 PM IST
Highlights

ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ പുതിയ സീറ്റുകൾ വാങ്ങി പകരം കയ്യിലുള്ള സീറ്റുകൾ വിട്ടുനൽകാനാണ് പാർട്ടി തീരുമാനം. മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ടെങ്കിലും ബിജെപിയുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് കൂടുതൽ സീറ്റുകൾ ചോദിക്കാനൊരുങ്ങി ബിഡിജെഎസ്. ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളിൽ പുതിയ സീറ്റുകൾ വാങ്ങി പകരം കയ്യിലുള്ള സീറ്റുകൾ വിട്ടുനൽകാനാണ് പാർട്ടി തീരുമാനം. മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ടെങ്കിലും ബിജെപിയുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

തെരഞ്ഞെടുപ്പുകളിൽ ബിഡിജെഎസിന് ഇതുവരെ ശക്തി തെളിയിക്കാൻ ആയിട്ടില്ലെന്ന പരാതി ബിജെപിക്കുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 37 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. എന്നാൽ ഇത്തവണ പാർട്ടിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളിലെ സീറ്റുകള്‍ വെച്ചുമാറി വേരോട്ടമുള്ള സ്ഥലങ്ങളിൽ മത്സരിക്കാനാണ് ബിഡിജെഎസ് തീരുമാനം. ആലപ്പുഴ ജില്ലയിലെ നാല് സീറ്റുകള്‍ക്ക് പുറമേ ഹരിപ്പാട് കൂടി ആവശ്യപ്പെടും. ഇതേ രീതിയിൽ തൃശ്ശൂരിലും വയനാട്ടിലും കൂടുതൽ സീറ്റുകൾ ചോദിക്കാനാണ് നേതൃത്വത്തിൻറെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിക്കുന്നത്.

മത്സരിക്കില്ലെന്ന് തുഷാര്‍ പറയുമ്പോഴും കുട്ടനാട്, കരുനാഗപ്പള്ളി, വര്‍ക്കല മണ്ഡലങ്ങളിലൊന്നിൽ പ്രസിഡന്റ് തന്നെ മത്സരത്തിന് ഇറങ്ങണമെന്നാണ് ബിഡിജെഎസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. തുഷാര്‍ മത്സരിക്കുന്നത് എൻഡിഎക്ക് കരുത്താകുമെന്നാണ് ബിജെപിയുടെയും വിലയിരുത്തൽ. എന്നാൽ ബിജെപി നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കാര്യമായ സംഭാവനകള്‍ നൽകാൻ ബിഡിജെഎസിന് കഴിഞ്ഞിരുന്നില്ല. താഴെ തട്ടിൽ ബിജെപി പ്രവര്‍ത്തകരുമായുള്ള അനൈക്യം പരിഹരിക്കാൻ കഴിയാത്തതും ബിഡിജെഎസിന് തലവേദനയാണ്.

click me!