'കാപ്പൻ പോയത് തകരുന്ന കപ്പലിലേക്ക്', പശ്ചാത്തപിക്കേണ്ടി വരുമെന്നും സിപിഐ

By Web TeamFirst Published Feb 14, 2021, 1:03 PM IST
Highlights

യുഡിഎഫ് എന്ന തകരുന്ന കപ്പലിലേക്കാണ് കാപ്പൻ പോയതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഐ ചർച്ചകൾ നടത്തുന്നതിനിടെയാണ് കാപ്പൻ തീരുമാനമെടുത്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

കോട്ടയം: മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനത്തിന് തൊട്ടുപിന്നാലെ ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ ജാഥാ ഇന്ന് കൊച്ചിയിൽ തുടങ്ങും. ടിപി പീതാംബരൻ അടക്കമുളള എൻസിപി ഔദ്യോഗിക പക്ഷ നേതാക്കൾ ജാഥയിൽ പങ്കാളികളാകും. കാപ്പൻ പോയതുകൊണ്ട് മുന്നണിക്കൊന്നും സംഭവിക്കില്ലെന്നും എൻസിപി എൽഡിഎഫിനൊപ്പമെന്ന പ്രചാരണം ശക്തമാക്കാനുമാണ് ഇടതു തീരുമാനം.

ഇടത് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പൻ പശ്ചാത്തപിക്കേണ്ടി വരുമെന്ന നിലപാടിലാണ് സിപിഐ. യുഡിഎഫ് എന്ന തകരുന്ന കപ്പലിലേക്കാണ് കാപ്പൻ പോയതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഐ ചർച്ചകൾ നടത്തുന്നതിനിടെയാണ് കാപ്പൻ തീരുമാനമെടുത്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

നിയമസഭയിലേക്ക് മൂന്ന് വട്ടം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടന്നത് സിപിഐ പാർട്ടി തീരുമാനമാണെന്നും ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അത് അക്ഷരം പ്രതി നടപ്പാക്കും. താനും അത്തരം തീരുമാനത്തിന്റെ ഭാഗമായി മത്സര രംഗത്ത് നിന്നും മാറിയതാണെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേർത്തു. 

അതിനിടെ പാലാ നഗരത്തിലൂടെ ആവേശകരമായ റോഡ് ഷോക്ക് ശേഷം മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേർന്നു. നൂറ് കണക്കിന് വാഹനങ്ങളുടേയും പ്രവര്‍ത്തകരുടെ അകമ്പടിയോടെയുമാണ് കാപ്പൻ ഐശ്വര്യ കേരള യാത്രക്കെത്തിയത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കൾ ചേർന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.

click me!