'വാ തുറക്കരുത്'; പ്രഗ്യ സിങ് ഠാക്കൂറിന് മുന്നറിയിപ്പ്

By Web TeamFirst Published Apr 22, 2019, 10:54 AM IST
Highlights

ഹേമന്ത് കര്‍ക്കരെ, ബാബരി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഗ്യസിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

ഭോപ്പാല്‍: പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിന് ബിജെപി നിര്‍ദേശം. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ, ബാബരി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഗ്യ സിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിവാദപരമായ പരാമര്‍ശങ്ങളില്‍നിന്ന് ഒഴിവാകാന്‍ പ്രഗ്യാ സിങ്ങിന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരയെ അധിക്ഷേപിച്ചത് ബിജെപിക്ക് ക്ഷീണമായെന്ന വിലയിരുത്തലിലാണ് നടപടി. പ്രഗ്യാ സിങ്ങിന്‍റെ പരാമര്‍ശം വ്യക്തപരമാണെന്ന് നേരത്തെ ബിജെപി വിശദീകരിച്ചിരുന്നു. എന്നാല്‍, പ്രഗ്യാസിങ്ങിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഹിന്ദു പാരമ്പര്യത്തെ കോണ്‍ഗ്രസ് അവഹേളിച്ചെന്നും അതിനുള്ള മറുപടിയാണ് പ്രഗ്യ സിങ് ഠാക്കൂറിന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്നുമായിരുന്നു വിശദീകരണം. മേയ് 12നാണ് ഭോപ്പാലിലെ തെരഞ്ഞെടുപ്പ്. 

click me!