ആഴക്കടല്‍: മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു, ത്സാന്‍സി സംഭവം ഒറ്റപ്പെട്ടത്: കെ സുരേന്ദ്രന്‍

By Web TeamFirst Published Mar 25, 2021, 9:19 AM IST
Highlights

ഒരു ധാരണയും രണ്ട് മണ്ഡലത്തിലും ഇല്ല. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദേശം പാര്‍ട്ടി അണികള്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

തിരുവനന്തപുരം: ആഴക്കടല്‍ മത്സബന്ധനക്കരാറില്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി ദിനം തോറും അഴിഞ്ഞുവീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ഏറ്റവും വലിയ കാപട്യക്കാരനെന്നതിന്റെ തെളിവാണിത്. തട്ടിപ്പു കമ്പനിയുമായുള്ള കരാറെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ട് ചെയ്തതാണ്. കരാര്‍ അറിഞ്ഞില്ലെന്ന് ജനങ്ങളോട് കള്ളം പറഞ്ഞത് എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം. എല്ലാ തട്ടിപ്പിനും കൂട്ടുനിന്ന് തെളിവ് പുറത്തു വന്നപ്പോള്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരാറിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയും ഇ പി ജയരാജനുമാണെന്നും പ്രശാന്തല്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. കേരളത്തില്‍ ചര്‍ച്ചയാവില്ല. സാമൂഹ്യ വിരുദ്ധര്‍ ചെയ്യുന്നത് രാഷട്രീയവുമായി കൂട്ടിക്കെട്ടരുതെന്നും ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
 

ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രിക തള്ളിയ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാനവസരമുണ്ടാകുമെന്ന്  കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ടിടത്തും പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. ഒരു ധാരണയും രണ്ട് മണ്ഡലത്തിലും ഇല്ല. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദേശം പാര്‍ട്ടി അണികള്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്രിക തള്ളിയത് വരണാധികാരികളുടെ അവിവേക തീരുമാനമാണ്. അഡ്ജസ്റ്റ് ചെയ്യണമെങ്കില്‍ ഗുരുവായൂരില്‍ എന്തിന് ചെയ്യണം. വേറെ എത്ര മണ്ഡലം ഉണ്ട്.

ഇത്തരം ആരോപണങ്ങളിലൊന്നും അടിസ്ഥാനമില്ല. സാങ്കേതിക പിഴവ് സംഭവിച്ചതെങ്ങനെയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അന്വേഷിക്കും. കോടതി വിധി, തെറ്റായ തീരുമാനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥരെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

click me!