മോദിയെ തോല്‍പിക്കാന്‍ രാഹുലിനാവുമോ ? ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ഫേസ്ബുക്ക് പോള്‍ ഫലം കാണാം

By Web TeamFirst Published Feb 3, 2019, 7:54 PM IST
Highlights

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാന്‍ കോണ്‍ഗ്രസിനാവുമോ..? 29,000 പേര്‍ പങ്കെടുത്ത ഫേസ്ബുക്ക് പോളിന്‍റെ ഉത്തരം

പ്പു എന്ന പരിഹാസ കഥാപാത്രത്തില്‍ നിന്നും പക്വതയുള്ള നേതാവായുള്ള രാഹുല്‍ ഗാന്ധിയുടെ ചുവടുമാറ്റമാണ് പോയ നാലര വര്‍ഷങ്ങളില്‍ ദേശീയ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സംഭവങ്ങളിലൊന്ന്. 2017-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അമരക്കാരനായി രാഹുല്‍ ചുമതലയേല്‍ക്കുമ്പോൾ കോണ്‍ഗ്രസിന്‍റെ ഭാവിയെപ്പറ്റിയും രാഹുലിന്‍റെ നേതൃശേഷിയെപ്പറ്റിയും പാര്‍ട്ടിക്ക് അകത്തും പുറത്തും ഒരു പോലെ സംശയമുയര്‍ന്നിരുന്നു. എന്നാൽ അത്തരം സംശയങ്ങൾക്കും ആക്ഷേപങ്ങൾക്കും രാഹുൽ ഉത്തരം നൽകിയത് ഒരു വർഷത്തിനിപ്പുറം ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചു കൊണ്ടാണ്.

ലക്ഷ്യബോധമില്ലാത്ത യുവാവിൽ നിന്നും പക്വമതിയായ നേതാവായുള്ള രാഹുലിന്റെ വളർച്ച കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് കാണുന്നത്? വരാനിരിക്കുന്ന പൊതുതെര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാനും പ്രധാനമന്ത്രി സ്ഥാനം മോദിയില്‍ നിന്നും നേടിയെടുക്കാനും രാഹുലിനാവുമോ....? ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ കോൻ ബനേ​ഗാ പിഎം  പരിപാടിയുടെ ഭാ​ഗമായി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം സംഘടിപ്പിച്ച ഫേസ്ബുക്ക് പോളിൽ ഞങ്ങള്‍ ചോദിച്ചതും ഇതേ ചോദ്യമാണ്. രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്ന് നിങ്ങള്‍ കരുതുന്നുവോ...? 29,000 പേര്‍ പങ്കെടുത്ത ഫേസ്ബുക്ക് പോളില്‍ 69 ശതമാനം മലയാളികളും രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവും എന്ന മറുപടിയാണ് നല്‍കിയത്. 31 ശതമാനം പേര്‍ അതിനെ എതിര്‍ത്തും വോട്ട് ചെയ്തു. 

രാഹുൽ ​ഗാന്ധി: 2.0 
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധവികാരവും കമൽനാഥ്, ജ്യോതിരാദിത്യസിന്ധ്യ, അശോക് ​ഗെല്ലോട്ട്, സച്ചിൻ പൈലറ്റ് എന്നീ നേതാക്കളുടെ ജനപ്രീതിയും കോൺ​ഗ്രസിന് തുണയായെങ്കിൽ ചത്തീസ്​ഗഢിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി പോലുമില്ലാതെ പൂർണമായും രാഹുലിനെ മുൻനിർത്തിയാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയതും. മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി പദത്തിന് വേണ്ടി തർക്കമുയർന്നപ്പോഴും ചെളിവാരിയെറിയല്ലിന് കളമൊരുക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കാനും രാഹുലിനായി.

 പ്രതീക്ഷിച്ച ഭൂരിപക്ഷം ഇരുസംസ്ഥാനങ്ങളിലും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ പാളിച്ച ആവർത്തിച്ചാൽ സർക്കാർ തലപ്പത്ത് അഴിച്ചുപണിയുണ്ടാവുമെന്ന കർശന മുന്നറിയിപ്പ് കമൽനാഥിനും അശോക് ​ഗെല്ലോട്ടിനും രാഹുൽ​ഗാന്ധി നൽകിയതായി പിന്നീട് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

2017-ൽ ​ഗോവയിലും മണിപ്പൂരിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺ​ഗ്രസ് മാറിയെങ്കിലും രണ്ടിടത്തും സർക്കാരുണ്ടാക്കിയത് ബിജെപിയാണ്. രാഹുൽ ​ഗാന്ധിയുടേയും കോൺ​ഗ്രസ് ദേശീയ-സംസ്ഥാന നേതാക്കളുടേയും നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമായിരുന്നു അത്. എന്നാൽ അടുത്ത വർഷം അതേസമയം കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറികടന്ന് കോൺ​ഗ്രസ് സർക്കാരുണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനം ജനതാദളിന് ഉപാധികളില്ലാതെ വിട്ടു നൽകി കൊണ്ട് കോൺ​ഗ്രസ് നടത്തിയ ആ നീക്കം ദക്ഷിണേന്ത്യ പിടിക്കാനുള്ള ബിജെപിയുടെ മോഹത്തിനുള്ള താൽകാലിക തിരിച്ചടി കൂടിയായി മാറി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് പോയ ഒരു വർഷം രാഹുൽ പ്രചരണം നടത്തിയത്. റാഫാൽ വിഷയത്തിൽ മോദി സർക്കാരിനേയും ബിജെപിയും അത്യാവശ്യം സമ്മർദ്ദത്തിലാക്കാനും ഒറ്റയാൾ പോരാട്ടത്തിലൂടെ രാഹുലിന് സാധിച്ചു. പ്രധാനമന്ത്രിയായ ശേഷം അപൂർവ്വമായി മാത്രം മാധ്യമങ്ങളെ കാണുന്ന മോദിയിൽ നിന്നും വ്യത്യസ്തമായി നിരന്തരം സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുത്തും ചൗക്കീദാർ ചോർ പോലെ അത്യാവശ്യം പഞ്ച് ഡയലോ​​ഗുകൾ അടിച്ചും കളം നിറയാൻ രാഹുലിനായി. ഏറ്റവും ഒടുവിൽ യുപിയിൽ എസ്പി ബിഎസ്പി സഖ്യം രൂപീകരിച്ചതിന് പിന്നാലെ പ്രിയങ്കാ​ഗാന്ധിയെ രം​ഗത്തിറക്കി രാഹുൽ നടത്തിയ കരുനീക്കവും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. 

click me!