എംഎല്‍എമാരും മന്ത്രിമാരും മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് സിഎന്‍ ജയദേവന്‍ എംപി

By Web TeamFirst Published Mar 2, 2019, 11:30 AM IST
Highlights

ജയസാധ്യത കണക്കിലെടുത്ത് മന്ത്രി വിഎസ് സുനില്‍ കുമാര്‍ മത്സരിക്കണമെന്ന ആവശ്യം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ മുന്നോട്ടുവെച്ചു., സുനില്‍കുമാറിനെ മത്സരത്തിന് ഇറക്കാനാണ് സംസ്ഥാന നേതൃത്വത്തിനും  താത്പര്യം. 

തൃശ്ശൂര്‍: സിറ്റിംഗ് എംഎല്‍എമാരും മന്ത്രിമാരും ലോക്സഭാ തെരഞ്ഞെടുപ്പില്‍  മത്സരിക്കേണ്ട അവസ്ഥ സിപിഐയ്ക്കില്ലെന്ന് തൃശ്ശൂര്‍ എംപി സിഎൻ ജയദേവൻ‍. മന്ത്രി വി എസ് സുനില്‍കുമാറിൻറെ പേര് തൃശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സിഎൻ ജയദേവന്‍റെ പ്രതികരണം. എന്നാല്‍ മത്സരിക്കാൻ താത്പര്യമില്ലെന്ന് വിഎസ് സുനില്‍കുമാര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

തൃശൂര്‍ ലോക്സഭ മണ്ഡലത്തില് സിഎൻ ജയദേവൻ, കെപി രാജേന്ദ്രൻ, രാജാജി മാത്യൂ തോമസ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. സിറ്റിംഗ്  എംപിയായ സിഎൻ ജയദേവനോടാണ് ജില്ല നേതൃത്വത്തിനും താത്പര്യം. വീണ്ടും മത്സരിക്കാനുളള സന്നദ്ധത ജയ‍‍ദേവനും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ജയസാധ്യത കണക്കിലെടുത്ത് മന്ത്രി വിഎസ് സുനില്‍ കുമാര്‍ മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ചിലര്‍ മുന്നോട്ടുവെച്ചു., സുനില്‍കുമാറിനെ മത്സരത്തിന് ഇറക്കാനാണ് സംസ്ഥാന നേതൃത്വത്തിനും  താത്പര്യം. ഈ സാഹചര്യത്തിലാണ് സിഎൻ ജയദേവൻ നിലപാട് വ്യക്തമാക്കിയത്. സിപിഐയുടെ ഏക എംപിയാണ് സിഎന്‍ ജയദേവന്‍ എന്നതിനാല്‍ തൃശ്ശൂര്‍ സീറ്റ് നിലനിര്‍ത്തേണ്ടത് സിപിഐയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. 

അതേസമയം മന്ത്രിയെന്ന നിലയില്‍ രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കെ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് വി എസ് സുനില്‍കുമാര്‍. ഇതോടെ സംസ്ഥാനനേതൃത്വം ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുയാണ് സിപിഐ ജില്ല നേതൃത്വം.

click me!