രാജസ്ഥാനിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മാറ്റി കോൺഗ്രസ്

By Web TeamFirst Published Nov 7, 2018, 10:39 PM IST
Highlights

മധ്യപ്രദേശിൽ ബി.എസ്.പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചപ്പോഴും രാജസ്ഥാനിൽ ആരുമായും കൂട്ടു കെട്ടു വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്ന സംസ്ഥാന ഘടകം.ഇതോടെ 200 സീറ്റിലും ഒറ്റയ്ക്ക് മല്‍സരിക്കാൻ ബി.എസ്.പി തീരുമാനിച്ചു. 

ദില്ലി: രാജസ്ഥാനിൽ ഒറ്റയ്ക്കു ബിജെപിയെ നേരിടുമെന്ന വാശി കോണ്‍ഗ്രസ് ഉപേക്ഷിച്ചു. അജിത് സിങ്ങിന്‍റെ രാഷ്ട്രീയ ലോക്ദളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. മധ്യപ്രദേശിൽ ബി.എസ്.പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചപ്പോഴും രാജസ്ഥാനിൽ ആരുമായും കൂട്ടു കെട്ടു വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്ന സംസ്ഥാന ഘടകം.ഇതോടെ 200 സീറ്റിലും ഒറ്റയ്ക്ക് മല്‍സരിക്കാൻ ബി.എസ്.പി തീരുമാനിച്ചു. 

മല്‍സരം തങ്ങളും ബി.ജെ.പിയും തമ്മിലെന്ന് പറഞ്ഞ് നിലവിൽ മൂന്ന് എം.എൽ.എമാരുള്ള ബി.എസ്.പിയെ എഴുതി തള്ളി. പക്ഷേ ഇപ്പോള്‍ നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത അര്‍.എൽ.ഡിയുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നു. ആറു സീറ്റാണ് രാഷ്ട്രീയ ലോക്ദളിന് വിട്ടു കൊടുത്തത്. പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടാണ് സഖ്യമുണ്ടാക്കിയത്. ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്കൊപ്പം പോകാനൊരുങ്ങിയെ ആര്‍.എൽ.ഡിയെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ജാട്ട് വോട്ടുകളാണ്. 

സ്വതന്ത്ര എം.എല്‍.എയും ജാട്ട് നേതാവുമായ ഹനുമാൻ ബനിവാളിന്‍റെ നേത‍‍‍ൃത്വത്തിലുണ്ടാക്കിയ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി പടിഞ്ഞാറൻ രാജസ്ഥാനിൽ കോണ്‍ഗ്രസിന്‍റെ ജാട്ട് വോട്ടുകള്‍ ചോര്‍ത്തുമെന്ന് ആശങ്കയിലാണ് നീക്കം. മുഖ്യമന്ത്രി വസുന്ധര രാജയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്നതും ജാട്ടുകളാണ്. രാജസ്ഥാനിലെ സഖ്യത്തിലൂടെ ആര്‍.എൽ.ഡിക്ക് സ്വാധീനമുള്ള യു.പിയിലും കൂട്ടു കെട്ട് നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.2019 ൽ മഹാസഖ്യം യാഥാര്‍ഥ്യമാക്കാൻ കൂടിയാണ് കോണ്‍ഗ്രസ് പിടിവാശി ഉപേക്ഷിക്കുന്നത്. 

click me!