യാദൃച്ഛികതയുടെ അമേഠി; ഗാന്ധി കുടുംബത്തെ കൈയ്യൊഴിയുന്നത് 42 വര്‍ഷത്തിന് ശേഷം

By Web TeamFirst Published May 23, 2019, 10:37 PM IST
Highlights

അമേഠിയില്‍ എംപിയായിരിക്കെയാണ് സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെടുന്നത്.

ദില്ലി:1977ന് ശേഷമുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അമേഠി ലോക്സഭാ മണ്ഡലം പ്രതീകമായിരുന്നു. ഗാന്ധി എന്ന കുടുംബത്തോടൊപ്പം ഉത്തര്‍പ്രദേശിലെ ചെറുനഗരമായ അമേഠി ചേര്‍ത്തുവെക്കപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ശരീരവും ആത്മാവുമായിരുന്ന രണ്ട് നേതാക്കള്‍, സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെടുന്നത് അമേഠിയില്‍ എംപിയായിരിക്കെയാണ്. അങ്ങനെ അമേഠി ഗാന്ധി കുടുംബത്തിന്‍റെ വൈകാരിക മണ്ഡലത്തിലും ഭാഗമായി.

1967മുതലാണ് അമേഠി ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമാകുന്നത്. 1967 മുതല്‍ 1977 വരെ കോണ്‍ഗ്രസിന്‍റെ വിദ്യധര്‍ ബാജ്പെയ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാല്‍, 1977ലെ ഇന്ദിര വിരുദ്ധ വികാരത്തില്‍ അമേഠി കോണ്‍ഗ്രസിനെ കൈവിട്ടു. ജനതാ പാര്‍ട്ടിയിലെ രവീന്ദ്ര പ്രതാപ് സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് ഗാന്ധിയെ തോല്‍പ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. അങ്ങനെ തോല്‍വിയോടെയാണ് അമേഠിയുമായുള്ള ഗാന്ധി കുടുംബത്തിന്‍റെ ബന്ധം ആരംഭിക്കുന്നത്. 

മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമേ അമേഠിയിലെ ജനതാവാഴ്ച നിലനിന്നുള്ളൂ. തോല്‍ക്കാനിഷ്ടമില്ലാത്ത സഞ്ജയ് ഗാന്ധിയെ  തന്‍റെ പിന്മുറക്കാരനായി 1980ല്‍ അമേഠിയില്‍ ഇന്ദിരാഗാന്ധി വീണ്ടും അവതരിപ്പിച്ചു. ജനതാ പാര്‍ട്ടിയില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ (128,545)സഞ്ജയ് ഗാന്ധി അമേഠിയില്‍ ഗാന്ധി കുടുംബത്തിന്‍റെ വിജയ ചരിത്രത്തിന് തുടക്കമിട്ടു. ആറുമാസത്തിന് ശേഷം 1980 ജൂണില്‍ 33ാം വയസ്സില്‍ അമേഠിയില്‍ എംപിയായിരിക്കെയാണ് സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതുവരെ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന രാജീവ് ഗാന്ധിയെ ഇന്ദിരാഗാന്ധി അമേഠിയിലേക്കാനയിച്ചു. 1981 മുതല്‍ 1991 എല്‍ടിടിഇ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നതുവരെ രാജീവ് ഗാന്ധി ജയിച്ചു കയറിയത് അമേഠിയില്‍നിന്നായിരുന്നു. 

രാജീവ് ഗാന്ധിയിലൂടെ അമേഠിക്ക് പ്രധാനമന്ത്രിയെയും ലഭിച്ചു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം അടുത്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവും വിശ്വസ്തനുമായ സതീഷ് ശര്‍മയെ കോണ്‍ഗ്രസ് അമേഠിയെ ഏല്‍പ്പിച്ചു. 1991 മുതല്‍ 98 വരെ സതീഷ് ശര്‍മ അമേഠിയെ പ്രതിനിധീകരിച്ചു. ബിജെപി ആദ്യമായി അധികാരത്തിലേറിയ 1998ലാണ് പിന്നെ അമേഠി കോണ്‍ഗ്രസിന്‍റെ കൈയില്‍നിന്ന് വഴുതുന്നത്. അന്ന് സഞ്ജയ് സിങ് സതീഷ് ശര്‍മയെ തോല്‍പ്പിച്ച് പാര്‍ലമെന്‍റിലെത്തി. എന്നാല്‍, ഒരു വര്‍ഷം മാത്രമായിരുന്നു ആയുസ്. 1999ല്‍ സോണിയാഗാന്ധിയുടെ പാര്‍ലമെന്‍ററി പ്രവേശനം അമേഠിയിലൂടെയായിരുന്നു. സഞ്ജയ് സിങ്ങിനെ തോല്‍പ്പിച്ച് സോണിയ അമേഠിയില്‍നിന്ന് വിജയിച്ചു. പിന്നീട് കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയിട്ടില്ല. 

2004ല്‍ രാഹുല്‍ ഗാന്ധിയെ ഗോദയിലിറക്കാന്‍ സോണിയ ഗാന്ധി കണ്ടുവെച്ചത് അമേഠിയെയായിരുന്നു. സോണിയ റായ്ബറേലിയിലേക്ക് മാറി അമേഠി രാഹുലിന് വിട്ടുനല്‍കി. 2004 മുതല്‍ രാഹുല്‍ അമേഠിയുടെ പ്രിയ പുത്രനായി. 2009ല്‍ മൂന്ന് ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയെ തോല്‍പ്പിച്ച രാഹുല്‍ 2014ലും സ്മൃതിക്കെതിരെ വിജയക്കൊടി പാറിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 2019ലും രാഹുല്‍ ഗാന്ധിയുടെ ആദ്യ ചോയ്സ് അമേഠിയായിരുന്നു. എന്നാല്‍, അവസാന നിമിഷത്തിലെ നാടകീയതകള്‍ക്കൊടുവില്‍ കേരളത്തിലെ വയനാട്ടിലും രാഹുല്‍ മത്സരിച്ചു. ഫലം പുറത്തു വന്നപ്പോള്‍ 42 വര്‍ഷത്തെ ചരിത്രത്തിനൊടുവില്‍ കോണ്‍ഗ്രസിന്‍റെ കപ്പിത്താനായ രാഹുല്‍ അമേഠിയില്‍ പരാജയം രുചിച്ചു. ഇനി ഒരുപക്ഷേ ഗാന്ധി കുടുംബത്തോടൊപ്പം ചേര്‍ത്തുവെക്കാന്‍ അമേഠി മണ്ഡലം തയ്യാറാകുമോ എന്ന് ചരിത്രം പറയേണ്ട മറുപടിയാണ്.

click me!