കെ ബാബു മത്സരിക്കുന്നതിനെ എതിര്‍ത്ത നേതാവിനെ പുറത്താക്കണം; തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിൽ പൊട്ടിത്തെറി

By Vishnu N VenugopalFirst Published Apr 10, 2021, 12:57 PM IST
Highlights

കെ ബാബുവിന് സീറ്റ് നൽകിയതിനെതിരെ പരസ്യ പ്രതിഷേധവുമായി, കൊച്ചി നഗരസഭ മുൻ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ എ.ബി സാബു രംഗത്തെത്തിയിരുന്നു. 

കൊച്ചി: തെരഞ്ഞെടുപ്പിന് പിന്നാലെ തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവ് എ.ബി.സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിയോട് ആവശ്യപ്പെട്ടു. കെ ബാബു മത്സരിക്കുന്നതിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിനാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കെ.ബാബുവിന്റെ പ്രതികാര നടപടിയാണിതെന്നാണ് എ.ബി.സാബുന്‍റെ പ്രതികരണം.

കെ ബാബുവിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി നേരത്തെ തന്നെ കോണ്‍ഗ്രസിൽ വലിയ കലാപം നടന്നിരുന്നു. ബാബുവിന് സീറ്റ് നൽകിയതിനെതിരെ പരസ്യ പ്രതിഷേധവുമായി, കൊച്ചി നഗരസഭ മുൻ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ എ.ബി സാബു രംഗത്തെത്തിയിരുന്നു. തൃപ്പൂണിത്തുറയിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് സാബു പരസ്യമായി പറഞ്ഞത് കോണ്‍ഗ്രസിനെ വെട്ടിലാക്കി. ഇതേത്തുടര്‍ന്നാണ് സാബുവിനെതിരെ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് മണ്ഡലം കമ്മറ്റി കെ.പി.സി.സിക്ക് കത്തയച്ചത്. ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ആരോപണം.

കെ ബാബുവിനെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സാബുവിന്റേതെന്ന പേരിലുള്ള ഫോണ്‍ സംഭാഷണവും യുഡിഎഫ് പുറത്തുവിട്ടു. എന്നാൽ യുഡിഎഫിന്റെ വാദങ്ങള്‍ തള്ളുകയാണ് സാബു. ബിജെപി വോട്ടുകൾ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പരസ്യമായി പറഞ്ഞ സ്ഥാനാര്‍ഥിയാണ് ന്യൂനപക്ഷ വോട്ടമാര്‍ക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയെതെന്നാണ് സാബുവുന്റെ ആരോപണം. പല പാര്‍ട്ടികളും തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കെപിസിസിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മതനിരപേക്ഷ പാര്‍ട്ടികളിലൊന്നിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സാബു പറ‍ഞ്ഞു.

click me!