വയനാട്; യുഎന്‍എ ചെയര്‍മാന്‍ ജാസ്മിന്‍ ഷായെ മത്സരിപ്പിക്കാന്‍ സിപിഐ

By Web TeamFirst Published Feb 9, 2019, 7:56 AM IST
Highlights

നഴ്സുമാരെ സംഘടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്യുന്ന ജാസ്മിൻ ഷായെ മികച്ച സംഘാടകനായാണ് സിപിഐ വിലയിരുത്തുന്നത്. യുഎൻഎയുടെ എല്ലാ സമരങ്ങള്‍ക്കും പരിപാടികള്‍ക്കും സിപിഐ പൂര്‍ണ്ണ പിന്തുണയും നല്‍കിയിരുന്നു. മണ്ഡലത്തില്‍ നഴ്സുമാര്‍ക്കും കുടുംബത്തിനുമായി ഏതാണ്ട് 50,000 വോട്ടുകളാണുളളത്. 

വയനാട്: വയനാട് മണ്ഡലത്തില്‍ നഴ്സുമാരുടെ സംഘടനയായ യുഎൻഎ ചെയര്‍മാന്‍ ജാസ്മിൻ ഷായെ മത്സരിപ്പിക്കാൻ സിപിഐ നീക്കം. ഇക്കാര്യത്തില്‍ ആദ്യ ഘട്ട ചര്‍ച്ച  നടത്തിയതായി യുഎൻഎ പ്രതിനിധികള്‍ അറിയിച്ചു.വയനാട് സീറ്റില്‍ രാഷ്ട്രീയത്തിനപ്പുറം പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തമെന്നാണ് സിപിഐയിലെ അഭിപ്രായം. യുഡിഎഫിൻറെ ഉറച്ച മണ്ണാണെങ്കിലും എം ഐ ഷാനവാസിൻറെ ഭൂരിപക്ഷം 2009 നെ അപേക്ഷിച്ച് 2014 ല്‍ പകുതിയിലേറെ കുറഞ്ഞത് സിപിഐയ്ക്ക് പ്രതീക്ഷ നല്‍കുന്നു. 

നഴ്സുമാരെ സംഘടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്യുന്ന ജാസ്മിൻ ഷായെ മികച്ച സംഘാടകനായാണ് സിപിഐ വിലയിരുത്തുന്നത്. യുഎൻഎയുടെ എല്ലാ സമരങ്ങള്‍ക്കും പരിപാടികള്‍ക്കും സിപിഐ പൂര്‍ണ്ണ പിന്തുണയും നല്‍കിയിരുന്നു. മണ്ഡലത്തില്‍ നഴ്സുമാര്‍ക്കും കുടുംബത്തിനുമായി ഏതാണ്ട് 50,000 വോട്ടുകളാണുളളത്. പ്രളയസമയത്ത് ജാസ്മിൻ ഷായുടെ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ ഉള്‍പ്പെടെ യുഎൻഎ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. മാത്രമല്ല ജാസ്മിൻ ഷായ്ക്ക് ഗീതാനന്ദൻ ഉള്‍പ്പെടെ  പ്രാദേശിക നേതാക്കളുടെ പിന്തുണയുമുണ്ട്. 

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുളള അടുത്ത ബന്ധവും ജാസ്മിൻ ഷായ്ക്ക് ഗുണം ചെയ്യും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജാസ്മിൻ ഷാ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ബിജെപി ഒഴികെ ആരുമായും സഹകരിക്കാമെന്നാണ് യുഎൻഎയുടെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജാസ്മിൻ ഷായെ മത്സരിപ്പിക്കാൻ സിപിഐ ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. ഈ മാസം 14 ന് തിരുവനന്തപുരത്ത് നടക്കുന്ന യുഎൻഎയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കാനം രാജേന്ദ്രനാണ്. അതിന് ശേഷം സംസ്ഥാനതലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 

click me!