പൊന്നാനിയില്‍ കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ട് സിപിഎം: കരുതലോടെ ലീഗ് ക്യാംപ്

By Web TeamFirst Published Mar 8, 2019, 3:37 PM IST
Highlights

പൊന്നാനിയില്‍ ബഷീറിനെ മാറ്റണമെന്ന യുത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന തരത്തില്‍ അവിടെ കോണ്‍ഗ്രസും ലീഗും അകലത്തിലാണ്. കോണ്‍ഗ്രസിന് സ്വാധിനമുള്ള നിലമ്പൂര്‍, പൊന്നാനി മേഖലകളില്‍ അവര്‍ ലീഗുമായി ഇടഞ്ഞാണ് നില്‍ക്കുന്നത്.

മലപ്പുറം: പൊന്നാനിയില്‍  കോണ്‍ഗ്രസ് വോട്ട് ചോര്‍ത്താന്‍ ലക്ഷ്യമിട്ട് സിപിഎം. പിവി അന്‍വറിനെയോ മറ്റെതേങ്കിലും കോണ്‍ഗ്രസ് വിമതനെയോ കണ്ടെത്തി പൊന്നാനിയില്‍ മത്സരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മുതലെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 

പൊന്നാനിയില്‍ പി വി അന്‍വറിന്റെ പേര് സിപിഎം ഉയര്‍ത്തിക്കാട്ടുന്നത് രണ്ട് കാരണങ്ങളാലാണ്. ഒന്ന് വി അബ്ദുറഹ്മാനെ നിര്‍ത്തി 2014-ലേത് പൊലെ പൊന്നാനിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുക. രണ്ടാമത് അന്‍വര്‍ ജയിക്കുകയും അതുവഴി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍ ഡിസിസി പ്രസിഡന്‍റ് അടക്കം മലപ്പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന അവരെ പ്രലോഭിപ്പിക്കുക. 

മലപ്പുറത്തെ കോണ്‍ഗ്രസ് ലീഗ് ബന്ധം പന്തിയല്ലെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നതാണ്. പൊന്നാനിയില്‍ ബഷീറിനെ മാറ്റണമെന്ന യുത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന തരത്തില്‍ അവിടെ കോണ്‍ഗ്രസും ലീഗും അകലത്തിലാണ്. കോണ്‍ഗ്രസിന് സ്വാധിനമുള്ള നിലമ്പൂര്‍, പൊന്നാനി മേഖലകളില്‍ അവര്‍ ലീഗുമായി ഇടഞ്ഞാണ് നില്‍ക്കുന്നത്. ആര്യാടന്‍ മുതല്‍ കോണ്‍ഗ്രസിന്റെ പ്രമുഖരായ നേതാക്കളൊക്കെ ലീഗിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നവരാണ്. 

പൊന്നാനിയില്‍ ഇടിക്കെതിരെ  മതേതരവിരുദ്ധനെന്ന പ്രചാരണത്തിന് പിന്നിലും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന സാമ്പാര്‍ മുന്നണി പല തദ്ദേശസ്ഥാപനങ്ങളിലും സമീപകാലം വരെ ഭരണത്തിലുണ്ടായിരുന്നു. ഫലത്തില്‍ ലിഗ് കോണ്‍ഗ്രസ് തര്‍ക്കം മുതലെടുത്ത് പൊന്നാനി പിടിക്കാന്‍ ഇത്തവണ സിപിഎം എല്ലാ അടവും പയറ്റാന്‍ തയ്യാറെന്ന് വ്യക്തം.

പിവി അന്‍വര്‍ അല്ലെങ്കില്‍ കോണ്‍ഗ്രസ് ക്യാംപിലെ വോട്ട് ചോര്‍ത്താവുന്ന പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളെ കണ്ടെത്താനാണ് സിപിഎമ്മിന്റെ ആലോചന.പൊന്നാനിയിലെ സിപിഎമ്മിന്റെ നീക്കം  ലീഗ് ക്യാംപില്‍ വലിയ ആശങ്കയുയര്‍ത്തിക്കഴിഞ്ഞു. ഇടിക്ക് പകരം കോണ്‍ഗ്രസിന് കൂടി സമ്മതനായ ഒരാളെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയില്‍ തര്‍‍ക്കമുണ്ടാകും. പതിവായി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുന്‍തൂക്കം നേടുന്ന ലീഗ് ഇത്തവണ അവസാനവട്ട കൂട്ടിക്കിഴിക്കലുകളിലാണ്.

click me!