ബംഗാളില്‍ കോണ്‍ഗ്രസ് സഹകരണത്തിനുള്ള സാധ്യതകള്‍ തേടി സിപിഎം

By Web TeamFirst Published Feb 7, 2019, 11:44 AM IST
Highlights

ബ്രിഗേഡ് മൈതാനിയിലെ സമ്മേളനത്തിനെത്തിയ ആള്‍ക്കൂട്ടം സിപിഎം ബംഗാള്‍ ഘടകത്തില്‍ കാര്യമായ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ബിജെപിയേയും തൃണമൂലിനേയും മറികടന്ന് മുന്നോട്ട് പോകണമെങ്കില്‍ ശക്തമായ രാഷ്ട്രീയസഖ്യങ്ങള്‍ കൂടി ആവശ്യമാണെന്നാണ് ബംഗാള്‍ ഘടകത്തിലെ പൊതുവികാരം. 

കൊല്‍ക്കത്ത: തൃണമൂലും ബിജെപിയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യതകള്‍ തേടി ബംഗാളിലെ ബിജെപി ഘടകം. കോണ്‍ഗ്രസുമായി പരസ്യമായ സഖ്യത്തിനോ അതിന് പറ്റയില്ലെങ്കില്‍ ശക്തികേന്ദ്രങ്ങളില്‍ പരസ്പരധാരണയോടെ മത്സരിക്കാനോ ആണ്  സിപിഎം ബംഗാള്‍ ഘടകം ശ്രമിക്കുന്നത്. 

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും പരാജയപ്പെടുത്താന്‍ പതിനേഴ് കക്ഷികളുടെ സഖ്യവുമായി പാര്‍ട്ടി മുന്നോട്ട് പോകുകയാണെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയേയും തൃണമൂലിനേയും പരാജയപ്പെടുത്താന്‍ ഉചിതമായ സഖ്യങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിഗേഡ് മൈതാനിയിലെ സമ്മേളനം വലിയ വിജയമായത് സിപിഎം ബംഗാള്‍ ഘടകത്തില്‍ കാര്യമായ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ബിജെപിയേയും തൃണമൂലിനേയും മറികടന്ന് പരമാവധി സീറ്റുകള്‍ ജയിച്ചാല്‍ മാത്രമേ സിപിഎമ്മിന് മുന്നോട്ട് പോകാനവുള്ളൂ. ഈ സാഹചര്യത്തില്‍ മതേതരകക്ഷിയായ കോണ്‍ഗ്രസുമായി സഖ്യമാവാം എന്ന വികാരമാണ് ബംഗാളിലെ സിപിഎം നേതാക്കള്‍ പങ്കുവയ്ക്കുന്നത്. നിലവില്‍ പതിനേഴ് കക്ഷികളുടെ മഹസഖ്യമുണ്ടാക്കിയാണ് സിപിഎം മത്സരിക്കുന്നത്. ഇതേ മാതൃകയില്‍ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ചില മണ്ഡലങ്ങളില്‍ അവരുമായി ധാരണയുണ്ടാക്കി മത്സരിക്കാം എന്നാണ് ബംഗാള്‍ ഘടകം വാദിക്കുന്നത്. 

നാളെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ബംഗാളിലെ സ്ഥിതിഗതികള്‍ അവിടെ നിന്നുള്ള നേതാക്കള്‍ പോളിറ്റ് ബ്യൂറോയ്ക്ക് മുന്നില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള അനുമതി പോളിറ്റ് ബ്യൂറോയില്‍ നിന്നും നേടിയെടുക്കാം എന്ന പ്രതീക്ഷയിലാണ് ബംഗാളിലെ സിപിഎമ്മുകാര്‍. 
 

click me!