ഇന്നസെന്‍റ് ഇനി 'സ്വതന്ത്രനല്ല'; അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നം നല്‍കി സിപിഎം

By Web TeamFirst Published Mar 10, 2019, 2:38 PM IST
Highlights

പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും  ഇന്നസെന്‍റിനെ  മത്സരിപ്പിക്കുന്നതിനെതിരെ  വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഇത്തവണ ഇന്നസെന്‍റ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.
 

തിരുവനന്തപുരം: നാലുവര്‍ഷം മുമ്പ് ചാലക്കുടിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്‍റ് ഇത്തവണ മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നനത്തില്‍. അന്ന് 13884 വോട്ടുകള്‍ക്കാണ് പി സി ചാക്കോയെ കുടം ചിഹ്നത്തില്‍ മത്സരിച്ച ഇന്നസെന്‍റ് പരാജയപ്പെടുത്തിയത്. പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും  ഇന്നസെന്‍റിനെ  മത്സരിപ്പിക്കുന്നതിനെതിരെ  വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഇത്തവണ ഇന്നസെന്‍റ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം പരിതാപകരമാണെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു. അതുപോലെ നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നസെന്‍റ് എടുത്ത കടുത്ത സ്ത്രീ വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി ഇങ്ങനെയുള്ള ആളെ ഇടതുപക്ഷ പാര്‍ട്ടി എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്ന് സംവിധായകനായ ഡോക്ടര്‍ ബിജുവും ചോദിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടി പരമ്പരാഗത വോട്ടുകള്‍ കിട്ടുന്നതിനായാണ് ഇന്നസെന്‍റിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.  അതുപോലെ സ്വതന്ത്രരെ കുറച്ച് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച് ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമാകാതിരിക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണമുണ്ട്.

2014 ല്‍ അഞ്ച് സ്വതന്ത്രരെയാണ്  സിപിഎം മത്സരിപ്പിച്ചത്. ചാലക്കുടി, ഇടുക്കി, പൊന്നാനി. പത്തനംതിട്ട, എറണാകുളം എന്നീ മണ്ഡലങ്ങളിലായാണ് അഞ്ച് സ്വതന്ത്രര്‍ മത്സരിച്ചെങ്കിലും രണ്ടുപേര്‍ മാത്രമാണ് വിജയം കണ്ടത്. ഇത്തവണ വെറും രണ്ട് സ്വതന്ത്രരെ മാത്രമാണ് സിപിഎം മത്സരിപ്പിക്കുന്നത്. പൊന്നാനിയില്‍ പി വി അന്‍വര്‍ , ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജ് എന്നിവരാണ് ഇത്തവണത്തെ സിപിഎം പട്ടികയിലുള്ള സ്വതന്ത്രര്‍. 

click me!