മന്ത്രിമാരും പുതുമുഖങ്ങളും ഇന്നറിയാം? തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവ്വാഹക സമിതിയും

By Web TeamFirst Published May 18, 2021, 12:09 AM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ എംവി ഗോവിന്ദന്‍മാസ്റ്റര്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, കെ രാധാകൃഷ്ണന്‍, വീണാജോര്‍ജ്, വിഎന്‍ വാസവന്‍, വി ശിവന്‍കുട്ടി എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ് സിപിഎമ്മും സിപിഐയും. പാർട്ടി മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്‍റെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗവും സിപിഐ നിർവ്വാഹക സമിതിയും ഇന്ന് ചേരും. പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണ് ഇരുപാ‍ർ‍ട്ടികളിലെയും ധാരണ.

കെകെ ഷൈലജയെ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന ആലോചന സിപിഎമ്മിൽ ശക്തമാണ്. എന്നാൽ ഷൈലജയടക്കം എല്ലാവരും മാറണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ എംവി ഗോവിന്ദന്‍മാസ്റ്റര്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, കെ രാധാകൃഷ്ണന്‍, വീണാജോര്‍ജ്, വിഎന്‍ വാസവന്‍, വി ശിവന്‍കുട്ടി എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പിഎം മുഹമ്മദ് റിയാസും എംബി രാജേഷുമടക്കമുളവരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
 
സിപിഐയിലാകട്ടെ നാലുമന്ത്രിമാരും പുതുമഖങ്ങൾ എന്ന നിലയിലാണ് ചർച്ച പുരോഗമിക്കുന്നത്. പി പ്രസാദ്, കെ രാജന്‍, പിഎസ് സുപാല്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, ഇകെ വിജയന്‍ എന്നീ പേരുകളാണ് സിപിഐ പട്ടികയിലുള്ളത്. അന്തിമ തീരുമാനം നിർവ്വാഹക സമിതിയിൽ ഉണ്ടായേക്കും. രണ്ടാം പിണറായി സർക്കാർ മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!