ആല്‍വാര്‍ സംഭവം: മായാവതി മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് മോദി

By Web TeamFirst Published May 12, 2019, 7:13 PM IST
Highlights

ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതിയും ആരോപിച്ചു

ലഖ്നൗ: ആല്‍വാര്‍ ബലാത്സംഗക്കേസില്‍ ബിഎസ്പി നേതാവ് മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചു. കിഴക്കന്‍ യുപിയിലെ കുശിനഗര്‍, ദിയോറിയ മണ്ഡലത്തിലും നടന്ന റാലിയിലാണ് മായാവതിക്ക് നേരെ മോദി വിമര്‍ശനമുന്നയിച്ചത്. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ മായാവതി പിന്‍വലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചു.

ആല്‍വാറില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചു. സംഭവത്തില്‍ കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ മോദിയും മായാവതിയും പ്രസ്താവന നടത്തിയിരുന്നു. ഉന സംഭവത്തിലും രോഹിത് വെമുല സംഭവത്തിലും എന്ത് നിലപാടാണ് ബിജെപിയും മോദിയും സ്വീകരിച്ചതെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എന്തുകൊണ്ടാണ് അദ്ദേഹം രാജിവെക്കാതിരുന്നതെന്നും മായാവതി ചോദിച്ചു.

ഏപ്രില്‍ 26നാണ് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിച്ച ദളിത് യുവതിയെ തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയായിരുന്നു ക്രൂരത. പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് തിരക്കാണെന്ന കാരണം പറഞ്ഞ് കേസെടുക്കാന്‍ പൊലീസ് വൈകിച്ചെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. 26ന് പരാതി നല്‍കിയെങ്കിലും മെയ് രണ്ടിനാണ് കേസ് എടുത്തത്. 

click me!