രാമക്ഷേത്രനിർമാണത്തിനായി നാളെ ഹിന്ദു സംഘടനകളുടെ 'ധരംസഭ'; ഉദ്ധവ് താക്കറെയും അയോധ്യയിൽ; മുസ്ലിംജനത നാടു വിടുന്നു

By Web TeamFirst Published Nov 24, 2018, 4:00 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ തുടരുമ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അയോധ്യയിലെ രാമക്ഷേത്രനിർമാണം വീണ്ടും ചൂടുപിടിയ്ക്കുകയാണ്. രാമക്ഷേത്രനിർമാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തിൽ നാളെ സരയൂതീരത്ത് 'ധരംസഭ' നടക്കും. സ്ഥലത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ മുസ്ലിംജനത അയോധ്യയിൽ നിന്ന് നാടുവിടുകയാണെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫരീദാബാദ്: അയോധ്യയിൽ എത്രയും വേഗം രാമക്ഷേത്രനിർമാണം തുടങ്ങണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷദ് നടത്തുന്ന 'ധരംസഭ' നാളെ സരയൂതീരത്ത് നടക്കും. 'യുദ്ധപ്രഖ്യാപനത്തിന് മുമ്പുള്ള അവസാനകാഹള'മാകും യോഗമെന്നാണ് വിഎച്ച്പി 'ധരംസഭ'യെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ധരംസഭ വൻവിജയമാക്കാനാണ് വിഎച്ച്പിയുടെ കണക്കുകൂട്ടൽ.

ഹിന്ദുക്കൾ മഹാഭൂരിപക്ഷമായ പ്രദേശങ്ങളിലും അയോധ്യയുടെ 200 കിലോമീറ്റർ ചുറ്റളവിലും ആർഎസ്എസ്സിന്‍റെയും വിഎച്ച്പിയുടെയും സന്നദ്ധപ്രവർത്തകർ വൻപ്രചാരണപ്രവർത്തനമാണ് നടത്തുന്നത്. വീടുവീടാന്തരം കയറി പ്രചാരണപ്രവർത്തനം നടത്തിയും ബൈക്ക് റാലികൾ സംഘടിപ്പിച്ചും ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് സംഘാടനച്ചുമതലയിലുള്ളത്. 

വിട്ടുകൊടുക്കാതെ ശിവസേന

രാമക്ഷേത്രനിർമാണത്തിന് വേണ്ടിയുള്ള സമ്മർദ്ദം കടുപ്പിയ്ക്കാനാണ് ശിവസേനയുടെയും തീരുമാനം. ഹിന്ദുസംഘടനകളുടെ വൻറാലിയ്ക്ക് തൊട്ടുതലേന്ന് അയോധ്യയിലെത്തി പ്രചാരണപ്രവർത്തനം നടത്താനും സരയൂ തീരത്ത് മഹാ ആരതി നടത്താനും ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എത്തിക്കഴിഞ്ഞു. രാമക്ഷേത്രനിർമാണാവശ്യത്തിൽ നിന്ന് ശിവസേന പിന്നോട്ടുപോയിട്ടില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് ശിവസേനയുടെ ശ്രമം. രാമക്ഷേത്രനിർമാണത്തിന്‍റെ പേരിൽ പെട്ടിയിൽ വീഴുന്ന വോട്ടുകൾ നഷ്ടപ്പെടുത്താൻ ശിവസേന ഒരുക്കമല്ലെന്നർഥം. 

Shiv Sena chief Uddhav Thackeray leaves for Lakshman Kila. He is on a two-day visit to Ayodhya. Shiv Sena will hold an event in the city tomorrow over the issue of . pic.twitter.com/jZkRx1WKdL

— ANI UP (@ANINewsUP)

"ബാബ്‍റി മസ്ജിദ് പൊളിച്ചത് 17 മിനിറ്റ് കൊണ്ടല്ലേ, ആ നിലയ്ക്ക് സർക്കാരിന് രാമക്ഷേത്രത്തിനായി നിയമനിർമാണം നടത്താൻ എത്ര സമയം വേണ''മെന്ന ശിവസേനാവക്താവ് സഞ്ജയ് റാവത്തിന്‍റെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. 

അയോധ്യയിൽ കനത്ത സുരക്ഷ

ധരംസഭയുടെയും ശിവസേനയുടെ പ്രചാരണപരിപാടികളുടെയും പശ്ചാത്തലത്തിൽ അയോധ്യയിൽ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംഘർഷസാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ സായുധസേനായൂണിറ്റുകളെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. അയോധ്യയെ എട്ട് മേഖലകളായി തിരിച്ച്, 16 സെക്ടറുകളായി വിഭജിച്ചാണ് സേനാവിന്യാസം ഒരുക്കിയിരിക്കുന്നത്. അതേസമയം, അയോധ്യയിൽ സൈന്യത്തെ വിന്യസിക്കണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Visuals of security in Ayodhya. VHP and Shiv Sena will hold separate events in the city tomorrow over the matter of . pic.twitter.com/cD0PPn0GHI

— ANI UP (@ANINewsUP)

പ്രകോപനപരമായ പ്രസ്താവനകളുമായി വിഎച്ച്പിയും ബിജെപിയും

'അവസാനയുദ്ധകാഹള'മായാണ് ധരംസഭയെ വിഎച്ച്പി വിശേഷിപ്പിക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പുകൾ വരാനിരിയ്ക്കുന്ന സാഹചര്യത്തിൽ രാമക്ഷേത്രനിർമാണമെന്ന ആവശ്യം ബിജെപി തള്ളില്ലെന്ന് വിഎച്ച്പിയ്ക്കും ആർഎസ്എസ്സിനും നന്നായറിയാം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തെരഞ്ഞെടുപ്പ് റാലിയിൽപ്പോലും രാമക്ഷേത്രനിർമാണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ധരംസഭയ്ക്കിടെ ആവശ്യമെങ്കിൽ 1992 ആവർത്തിയ്ക്കുമെന്നാണ് ബിജെപി എംഎൽഎ സുരേന്ദ്രസിംഗ് പറഞ്ഞത്. 'ഭഗവാൻ രാമന്‍റെ കാര്യത്തിൽ ക്രമസമാധാനമൊന്നും ഒരു പ്രശ്നമല്ല. അതൊക്കെ അദ്ദേഹം നോക്കിക്കോളു'മെന്നാണ് സുരേന്ദ്രസിംഗ് പറഞ്ഞത്. രാമക്ഷേത്രനിർമാണത്തിനുള്ള ബില്ല് അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്നായിരുന്നു ബിജെപി എംപി രവീന്ദ്ര ഖുശ്‍വാഹയുടെ ഉറപ്പ്.

മുസ്ലിംജനത നാടുവിടുന്നു

1992-ലേതു പോലെ കലാപമുണ്ടാകുമെന്ന് ഭയന്ന് മുസ്ലിംജനത അയോധ്യയിൽ നിന്നും ഫരീദാബാദിലെ മറ്റിടങ്ങളിൽ നിന്നും വീടുകൾ ഒഴിഞ്ഞുപോവുകയാണെന്നാണ് റിപ്പോർട്ട്. പലരും സ്ത്രീകളെയും കുട്ടികളെയും സ്ഥലത്തു നിന്ന് മാറ്റിപ്പാർപ്പിച്ചു. ''17 മുസ്ലിംങ്ങളാണ് അയോധ്യയിൽ 1992-ലെ കലാപകാലത്ത് കൊല്ലപ്പെട്ടത്. ഞങ്ങളത് മറന്നിട്ടില്ല. അതിലെന്‍റെ വല്യച്ഛനും സഹോദരനുമുണ്ടായിരുന്നു. പേടി കാരണം വീടൊഴിഞ്ഞ് പോവുകയാണ്.'' അയോധ്യയിൽ നിന്ന് വീടൊഴിഞ്ഞ് പോകുന്ന ഒരാൾ പറയുന്നു. 

 

click me!