സ്ത്രീകൾക്ക് അർഹമായ പരിഗണ നൽകാൻ പ്രായോഗിക പരിമിതികളുണ്ടെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ

By Web TeamFirst Published Mar 6, 2019, 12:01 AM IST
Highlights

തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിനാണ് ആദ്യത്തെ പരിഗണന നൽകുന്നത്. എത്ര പുരോഗമന നിലപാട് സ്വീകരിച്ചാലും അതിനപ്പുറം പോകാൻ രാഷ്ട്രീയ കക്ഷികൾക്കാവില്ലെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ.

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളുടെ നിർണായക സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് പരിമിതികളുണ്ടെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. സ്ത്രീസമത്വവും തുല്യനീതിയും അടിസ്ഥാനപരമായ തത്വങ്ങളാണ്. പക്ഷേ പലപ്പോഴും വിജയസാദ്ധ്യതയുള്ള സ്ത്രീകളെ കണ്ടെത്തുന്നത് ദുഷ്കരമാകും. ചിലപ്പോൾ ബിനാമി എന്ന ആരോപണം വരും. ഇതൊക്കെയാണെങ്കിലും സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പട്ടികയിൽ മിനിമം രണ്ട് സ്ത്രീ സ്ഥാനാർത്ഥികളെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് അവർ ചർച്ചക്കിടെ ആയിരുന്നു സെബാസ്റ്റ്യൻ പോളിന്‍റെ പ്രതികരണം.

വിജയിക്കുമെന്ന് ഉറപ്പുള്ള നിരവധി സ്ത്രീ സ്ഥാനാ‍ർത്ഥികളെ തെരഞ്ഞെടുപ്പുകളിൽ പതിവായി നിർത്തിയിട്ടുള്ള പാ‍ർട്ടിയാണ് സിപിഎം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിയമപരമായി 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കിയാൽ മതിയായിരുന്നു. എന്നാൽ കേരളത്തിൽ അത് 50 ശതമാനമായി തീരുമാനിച്ചത് ഇടതുപക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്ഥാനാർത്ഥി നിർണയം മാത്രം അടിസ്ഥാനമാക്കി ഇടതുപക്ഷത്തിന്‍റെ സ്ത്രീപക്ഷ നിലപാട് പരിശോധിക്കുന്നത് ശരിയല്ലെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളുടെ നിർണായക സാന്നിദ്ധ്യം ഉറപ്പാക്കാനാകാത്തത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കുറ്റമല്ല. രാഷ്ട്രീയ പാർട്ടികളുടെ നിലപാട് എന്നതിനേക്കാൾ ചരിത്രപരമായ പല കാരണങ്ങളും അതിന് തടസമാകുന്നുണ്ടെന്ന് അദ്ദേഹം പറ‌ഞ്ഞു. 

തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിനാണ് ആദ്യത്തെ പരിഗണന നൽകുന്നത്. വലിയ തോതിലുള്ള സ്ത്രീസാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് പ്രായോഗിക തലത്തിൽ വൈഷമ്യങ്ങളുണ്ട്. നിയമപരമായി സ്ത്രീസംവരണം ഉറപ്പാക്കാത്തിടത്തോളം അത് പാലിക്കാൻ കഴിയാതെ വരും. എത്ര പുരോഗമന നിലപാട് സ്വീകരിച്ചാലും ഇതിനപ്പുറം പോകാൻ രാഷ്ട്രീയ കക്ഷികൾക്കാവില്ല, ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.

സ്ത്രീ പ്രാധിനിധ്യം  ഉറപ്പാക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ വിവേകത്തിന് വിട്ടുകൊടുക്കാതെ നിയമം മൂലം നിർബന്ധമാക്കണമെന്നും സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. എങ്കിൽ മാത്രമേ ശരിയായ അർത്ഥത്തിൽ നിയമ നിർമ്മാണ സഭകളിലെ സ്ത്രീ പ്രാധിനിധ്യം ഉറപ്പാവുകയുള്ളൂവെന്നും അദ്ദേഹം ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

click me!