ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപി നേതാവായ അച്ഛനെതിരെ മത്സരിക്കും

By Web TeamFirst Published Mar 15, 2019, 1:29 PM IST
Highlights

പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

ഡെറാഡൂണ്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്ക് തിരിച്ചടിയായി ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വെച്ച് മനീഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.

പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ മനീഷ് തയ്യാറായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മനീഷ് ബിജെപി അംഗം അല്ലെന്നായിരുന്നു വാര്‍ത്തയെക്കുറിച്ച് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പ്രതികരിച്ചത്. ഒരു ബിജെപി നേതാവും കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നില്ലെന്ന് ഭട്ട് പറഞ്ഞു. ബിസിനസുകാരനായ മനീഷ് വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

click me!