ബിജെപിയുടെ ചരിത്ര വിജയം; പാക് മാധ്യമങ്ങളുടെ പ്രതികരണങ്ങളിങ്ങനെ

By Web TeamFirst Published May 24, 2019, 9:34 AM IST
Highlights

തെരഞ്ഞെടുപ്പ് ഫലം വലിയ പ്രാധാന്യത്തോടെയാണ് ദ് ഡോണ്‍ അടക്കമുള്ള പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദില്ലി: ബിജെപി ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ വീക്ഷിച്ചത് അതിസൂക്ഷ്‌മതയോടെയും പ്രധാന്യത്തോടെയും. തെരഞ്ഞെടുപ്പ് ഫലം വലിയ പ്രാധാന്യത്തോടെയാണ് ദ് ഡോണ്‍ അടക്കമുള്ള പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദ് ഡോണ്‍ അവരുടെ വെബ്‌സൈറ്റില്‍ വോട്ടെണ്ണലിനെ കുറിച്ചുള്ള തല്‍സമയ വിവരങ്ങള്‍ നല്‍കിയിരുന്നു. പ്രമുഖ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ട്രെന്‍ഡും നേതാക്കളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തി വിപുലമായിരുന്നു ഡോണിന്‍റെ കവറേജ്. 'ഇന്ത്യ വീണ്ടും വിജയിച്ചു' എന്ന നരേന്ദ്ര മോദിയുടെ വാക്കുകളോടെ ബിജെപി ചരിത്ര ജയം സ്വന്തമാക്കി എന്നായിരുന്നു ഡോണിന്‍റെ തലക്കെട്ട്. എന്നാല്‍ കാര്യമായ പുകഴ്‌ത്തലുകള്‍ ഡോണിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ച് ഓര്‍പ്പിക്കുന്നു ‍‍‍‍ദ് ഡോണ്‍. 

പ്രതിപക്ഷത്തെ അപ്രസക്തമാക്കി കൂറ്റന്‍ ജയം മോദി നേടി എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് എക്‌സ്‌പ്രസ് ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന ലോക നേതാക്കളുടെ പ്രതികരണങ്ങളും ഇരു മാധ്യമങ്ങളും പ്രധാന്യത്തോടെ നല്‍കി. എന്നാല്‍ ജിയോ ടി പ്രാഥമിക വിവരങ്ങള്‍ മാത്രം നല്‍കി ലളിതമായാണ് ഇന്ത്യന്‍ വോട്ടെണ്ണലിനെ സമീപിച്ചത്. ആരി ന്യൂസ്, ദ് നേഷന്‍, ദ് ന്യൂസ് തുടങ്ങിയ പാക്കിസ്ഥാന്‍ മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് വിപുലമായി വോട്ടെണ്ണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി കൂടുതല്‍ സമാധാന ചര്‍ച്ചകളും കശ്‌മീര്‍ പ്രശ്‌നപരിഹാരവും സാധ്യമായേക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. 

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് നയതന്ത്രബന്ധം കൂടുതല്‍ വഷളായിരുന്നു. ജെയ്‌ഷേ ഇ മുഹമ്മദ് ചാവേര്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭീകരര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പിന്നാലെ 26-ാം തിയതി ബലാക്കോട്ടിലെ ജെയ്‌ഷേ ട്രെയിനിംഗ് ക്യാമ്പില്‍ മിന്നലാക്രമണം നടത്തി ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കി. 27-ാംതിയതി ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയെങ്കിലും നയതന്ത്ര സമ്മര്‍ദ്ധം മൂലം വിട്ടയച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി തുടരുകയായിരുന്നു.

click me!