പാകിസ്ഥാന്‍ വെടിവെച്ചാല്‍ ഇന്ത്യ ഷെല്‍ വര്‍ഷിക്കുമെന്ന് അമിത് ഷാ

By Web TeamFirst Published May 2, 2019, 7:48 PM IST
Highlights

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും വലിയ വ്യത്യാസമുണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു. 

ഭോപ്പാല്‍: മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഒരു വെടിയുണ്ട പായിച്ചാല്‍ ഇന്ത്യ ഷെല്ലുകൊണ്ട് തിരിച്ചടിക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ. മധ്യപ്രദേശിലെ നീമുച്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും വലിയ വ്യത്യാസമുണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു. 

പാക് ഭീകരര്‍ ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്തപ്പോഴും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഒന്നും മിണ്ടിയിട്ടില്ല. അതേസമയം, പുല്‍വാമയില്‍ ആക്രമണം നടത്തിയപ്പോള്‍ ബാലാകോട്ട് മിന്നലാക്രമണം നടത്തിയാണ് നമ്മള്‍ തിരിച്ചടിച്ചത്. മോദി 56 ഇഞ്ച് നെഞ്ചളവുള്ള മനുഷ്യനാണ്. ഭീകരരുടെ താവളം ആക്രമിക്കാന്‍ ഉത്തരവ് നല്‍കിയത് മോദിയാണ്. ബാലാകോട്ട് മിന്നാലാക്രമണത്തില്‍ രാജ്യം മൊത്തം സന്തോഷിച്ചപ്പോള്‍ പാകിസ്ഥാനൊപ്പം രാഹുല്‍ ഗാന്ധിയും ദു:ഖിച്ചെന്ന് അദ്ദേഹം ആരോപിച്ചു. 

നിങ്ങള്‍(രാഹുല്‍ ഗാന്ധി, കമല്‍നാഥ്) ഭീകരരുമായി സംസാരിച്ചോളൂ. ഞങ്ങള്‍ക്ക് കുഴപ്പമില്ല. പക്ഷേ പാകിസ്ഥാന്‍ ഒരു വെടിവെച്ചാല്‍ ഞങ്ങള്‍ ഷെല്‍ വര്‍ഷിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ്, മായാവതി എന്നിവരെയും അമിത് ഷാ വിമര്‍ശിച്ചു. 

click me!