ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ ഫലം

By Web TeamFirst Published Jan 6, 2019, 7:33 PM IST
Highlights

നിവിലെ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ ഫലം.

ദില്ലി: നിലവിലെ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 272 എന്ന മന്ത്രിക സംഖ്യയിലെത്താന്‍ ബിജെപിക്ക് 15 സീറ്റിന്‍റെ കുറവുണ്ടാകുമെന്നാണ് ഇന്ത്യാ ടിവി സിഎന്‍എക്സ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 15-25 വരെയാണ്  543 ലോക്സഭാ മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയത്.  എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ ലഭിക്കുമെന്നും അതേസമയം സമാജ്‍വാദി, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടികളില്ലാതെ യുപിഎയ്ക്ക് 146 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു. 

രാജസ്ഥാന്‍ , മധ്യപ്രദേശ്, ഛത്തീസ്ഗഢ്  തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമാസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തിയാണ് സര്‍വേ നടത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആര് ഭരിക്കണമെന്നതില്‍ നിര്‍ണായകമാവുക മറ്റുള്ള പാര്‍ട്ടികളാണെന്നാണ് സര്‍വേ ഫലം പറയുന്നത്.  മറ്റുള്ളവരില്‍ എസ്പി, ബിഎസ്പി, എഐഎഡിഎംകെ, ത്രിണമൂല്‍ കോണ്‍ഗ്രസ് , ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ലെഫ്റ്റ് ഫ്രണ്ട്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ നിര്‍ണായകമാകും. 

എന്‍ഡിഎയില്‍ ബിജെപിക്കൊപ്പം, ശിവസേന, അകാലി ദള്‍, ജെഡി(യു), മിസോ നാഷണല്‍ ഫ്രണ്ട്,  അപ്ന ദള്‍, സിക്കിം, ഡെമോക്രാറ്റിക് ഫ്രണ്ട്, എല്‍ജെപി, മേഘാലയയിലെ എന്‍പിപി, പുതുച്ചേരിയിലെ ഐഎന്‍ആര്‍സി, പിഎംകെ, എന്‍ഡിപിപി തുടങ്ങിയവയാണ് സര്‍വേ പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ ടിവി- സിഎന്‍എക്സ് നടത്തിയ സര്‍വേയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കുറയുമെങ്കിലും കേവല ഭൂരിപക്ഷം (281സീറ്റ്) ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.  അന്നത്തെ സര്‍വേയില്‍ 124 സീറ്റുകളായിരുന്നു യുപിഎയ്ക്ക് പ്രവചിച്ചിരുന്നത്. 
 

click me!