പനി മാറി അമിത് ഷാ എത്തിയില്ലെങ്കില്‍ ബംഗാളിലെ പദയാത്ര യോഗി നയിക്കും

By Web TeamFirst Published Jan 17, 2019, 6:40 PM IST
Highlights

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പനി മാറി തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരിക്കുന്ന പദയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കും. 

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പനി മാറി തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരിക്കുന്ന പദയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കും. ജനുവരി 20ന് മാള്‍ഡയില്‍ തുടങ്ങുന്ന യാത്രയ്ക്ക് അമിത് ഷായ്ക്ക് എത്താന്‍ സാധിക്കില്ലെന്നാണ് വിവരം.

പന്നിപ്പനി പിടിപെട്ട് എയിംസ് ആശുപത്രിയില്‍  ചികിത്സയിലാണ് അമിത് ഷാ. നെഞ്ച് വേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ  ആശുപത്രിയിലെത്തിയത്. ദില്ലി എയിംസില്‍ അമിത് ഷായുടെ ചികിത്സ പുരോഗമിക്കുകയാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണം പശ്ചിമബംഗാളില്‍ തുടങ്ങാനിരിക്കുകയായിരുന്നു അമിത് ഷാ. വിപുലമായ പരിപാടികളായിരുന്നു ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി പദ്ധതിയിട്ടത്. ജനുവരി 20ന് മഹാ റാലിയെ അഭിസംബോധന ചെയ്യുന്ന അമിത് ഷാ. അടുത്ത ദിവസം സുറി, ബിര്‍ഭും തുടങ്ങിയ രണ്ടിടങ്ങളിലെ റാലികളില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. 

ജനുവരി 22ന് കൃഷ്ണനഗര്‍, ജയ്നഗര്‍, എന്നിവിടങ്ങളിലും അമിത് ഷായ്ക്ക റാലികളുണ്ടായിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ച വരെ നീണ്ട് നില്‍ക്കുന്ന  പ്രചാരണ പരിപാടികളായിരുന്നു പദ്ധതിയിട്ടിരുന്നത്. ബംഗാളിലെ ഒരു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ക്കിടെയാണ് അസുഖ ബാധിതനായി അമിത് ഷാ ചികിത്സ തേടിയിരിക്കുന്നത്. 

തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വീറ്റില്‍ പറയുന്നു. രാത്രി ഒമ്പത് മണിയോടെയാണ് അമിത് ഷാ ചികില്‍സ തേടിയത്. നെഞ്ചുവേദനയും ശ്വാസതടസവും നേരിട്ട അമിത് ഷായെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.  

click me!