മധ്യപ്രദേശില്‍ ഫലപ്രഖ്യാപനം വൈകുന്നു: ജാഗ്രതയോടെ ബിജെപിയും കോണ്‍ഗ്രസും

By Web TeamFirst Published Dec 11, 2018, 3:29 PM IST
Highlights

116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമെന്നിരിക്കേ നിലവിലെ സാഹചര്യത്തില്‍ ബിഎസ്പിയേയോ മറ്റു ചെറുകക്ഷികളെയോ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ ലീഡ് നില നിരന്തരം മാറിമറിയുന്നത് നേതാക്കളേയുംപ്രവര്‍ത്തകരേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്. 

ഭോപ്പാല്‍: രാജസ്ഥാനിലും ചത്തീസ്ഗഢിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് മൂന്ന് മണിയായിട്ടും മധ്യപ്രദേശില്‍ പൂര്‍ത്തിയായിട്ടില്ല. 

മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമാക്കുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികളും നേതാക്കളും കടക്കുകയും ചെയ്തെങ്കിലും കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുകയാണ് മധ്യപ്രദേശിന്‍റെ ഭാവി ഭരണം. 

മധ്യപ്രദേശിലെ 230- സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവിലെ നില അനുസരിച്ച് 106 സീറ്റില്‍ ബിജെപിയും 113 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മായാവതിയുടെ ബിഎസ്പി നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ള കക്ഷികള്‍ ഏഴോളം സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. 

116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമെന്നിരിക്കേ നിലവിലെ സാഹചര്യത്തില്‍ ബിഎസ്പിയേയോ മറ്റു ചെറുകക്ഷികളെയോ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ ലീഡ് നില നിരന്തരം മാറിമറിയുന്നത് നേതാക്കളേയുംപ്രവര്‍ത്തകരേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്. 

നേരിയ സാധ്യത ലഭിച്ചാല്‍ പോലും കേന്ദ്രഭരണത്തിന്‍റെ പിന്‍ബലത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും എന്നതിനാല്‍ അതീവജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നത്. സംസ്ഥാന നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യസിന്ധ്യ, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവരുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ട്. 

click me!