കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് സര്‍വ്വേ; യുഡിഎഫിന് മുന്‍തൂക്കമെന്നും പ്രവചനം

By Web TeamFirst Published Jan 7, 2019, 1:17 PM IST
Highlights

 നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍  കേരളത്തില്‍  യുഡിഎഫ് നേട്ടം കൊയ്യുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ ഫലം പ്രവചിക്കുന്നു. ആകെയുള്ള ഇരുപത് സീറ്റില്‍ പന്ത്രണ്ടും യുഡിഎഫ് ജയിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുനത്.

ദില്ലി: ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായ സര്‍വ്വേ. ഇന്ത്യടിവി-സിഎന്‍എക്സ് 2019 അഭിപ്രായ സര്‍വ്വേയില്‍ ആണ് ഇക്കാര്യം പ്രവചിക്കുന്നത്. 

കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ വേണമെന്നിരിക്കേ എന്‍ഡിഎയിലെ എല്ലാ ഘടകക്ഷികള്‍ക്കും കൂടി 257 സീറ്റുകള്‍ ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനും 15 സീറ്റ് കുറവാണിത്. ഡിസംബര്‍ 15നും 25നും ഇടയില്‍ രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലായി നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. 

അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍  കേരളത്തില്‍  യുഡിഎഫ് നേട്ടം കൊയ്യുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ ഫലം പ്രവചിക്കുന്നു.
ആകെയുള്ള ഇരുപത് സീറ്റില്‍ പന്ത്രണ്ടും യുഡിഎഫ് ജയിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുനത്.

കോണ്‍ഗ്രസ് എട്ട് സീറ്റുകളും മുസ്ലീം ലീഗ് രണ്ട് സീറ്റുകളും ജയിക്കും. കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി എന്നീ യുഡിഎഫ് ഘടകക്ഷികള്‍ ഒരോ സീറ്റ് വീതം ജയിക്കും. ബിജെപി ഒരു സീറ്റും രണ്ട്  സ്വതന്ത്രര്‍ ഓരോ സീറ്റുകളും ജയിക്കും. സിപിഎമ്മിന് അഞ്ച് സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. 

2014 പൊതുതിരഞ്ഞെടുപ്പില്‍ ആകെയുള്ള ഇരുപത് സീറ്റില്‍ 12 സീറ്റില്‍ യുഡിഎഫും എട്ട് സീറ്റില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്. കോണ്‍ഗ്രസ്-8, മുസ്ലീംലീഗ്-2 (മലപ്പുറം,പൊന്നാനി)   ആര്‍എസ്പി-1(കൊല്ലം) , കേരള കോണ്‍ഗ്രസ്(എം)-1 (കോട്ടയം) എന്നിങ്ങനെയായിരുന്നു സീറ്റ് നില.  ഇതേ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും എന്ന തരത്തിലാണ് സര്‍വ്വേ പ്രവചനം. 

2014-ല്‍ യുഡിഫ് ജയിച്ച 14 സീറ്റുകളില്‍ വയനാട് സീറ്റ് എം.ഐ.ഷാനവാസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുകയാണ്. കോട്ടയത്ത് നിന്ന് ജയിച്ച ജോസ് കെ മാണി ലോക്സഭാ എംപി സ്ഥാനം രാജിവച്ച് രാജ്യസഭയിലെത്തി. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അവിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ജനവിധി തേടുമെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. വടകര എംപിയായ മുല്പള്ളിയും മാവേലിക്കര എംപിയായ കൊടിക്കുന്നതില്‍ സുരേഷും കെപിസിസി നേതൃസ്ഥാനത്തേക്ക് വന്ന സ്ഥിതിക്ക് വീണ്ടും ജനവിധി തേടുമോ എന്ന് വ്യക്തമല്ല.  

അതേസമയം 2014-ല്‍ എട്ട് സീറ്റ് നേടിയ എല്‍ഡിഎഫിനെ സംബന്ധിച്ച് ശുഭകരമായ സൂചനയല്ല എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. അ‍ഞ്ച് സീറ്റില്‍ സിപിഎം ജയിക്കുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ രണ്ട് സീറ്റില്‍ സ്വതന്ത്രര്‍ വിജയിക്കും എന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച രണ്ട് സ്വതന്ത്രരും എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ചവരാണ്. ചാലക്കുടിയില്‍ ഇന്നസെന്‍റും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും. ഇവര്‍ രണ്ടു പേരും രണ്ടാമത് ജനവിധി തേടുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. 

അതേസമയം ഇടതുമുന്നണിയില്‍ പ്രമുഖ കക്ഷിയായ സിപിഐയ്ക്ക് സര്‍വേയില്‍ സീറ്റുകള്‍ പ്രവചിക്കുന്നില്ല. 2014-ല്‍ തൃശ്ശൂരില്‍ സിപിഐയുടെ സിഎന്‍ ജയദേവനാണ് മത്സരിച്ചു ജയിച്ചത്. തൃശ്ശൂരില്‍ സിഎന്‍ ജയദേവന്‍ തന്നെ വീണ്ടും മത്സരിക്കാനാണ് എല്ലാ സാധ്യതയും. ശബരിമല വിഷയം നല്‍കിയ ഊര്‍ജത്തില്‍ തിര‍ഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ഏറ്റവും വിജയസാധ്യത കല്‍പിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍  ഇവിടെ മത്സരിക്കും എന്ന അഭ്യൂഹം ശക്തമാണ്. 
 

click me!