വടകര വേണ്ട: തിരുവനന്തപുരമോ കോട്ടയമോ ചോദിക്കാന്‍ ജനതാദളില്‍ ധാരണ

By Web TeamFirst Published Feb 17, 2019, 9:57 AM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പിൽ ജയസാധ്യത കൂടുതലുളള വടകര സീറ്റെന്ന ആവശ്യമായിരുന്നു ജനതാദളിൽ ഭൂരിഭാഗം അംഗങ്ങളും നേരത്തെ ഉന്നയിച്ചത്.

പാലക്കാട്: ലോക്സഭ തെര‍ഞ്ഞെടുപ്പിൽ തിരുവനന്തപുരം,കോട്ടയം സീറ്റുകളിലൊരെണ്ണമാവശ്യപ്പെടാൻ ജനതാദളിൽ ധാരണയായി. പാലക്കാട്ടെത്തിയ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിലാണ് സീറ്റിനെക്കുറിച്ച് ധാരണയായത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേതൃമാറ്റം തത്ക്കാലം വേണ്ടെന്നാണ് തീരുമാനം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ജയസാധ്യത കൂടുതലുളള വടകര സീറ്റെന്ന ആവശ്യമായിരുന്നു ജനതാദളിൽ ഭൂരിഭാഗം അംഗങ്ങളും നേരത്തെ ഉന്നയിച്ചത്. താത്പര്യമുളള നാലുസീറ്റുകളുടെ കൂട്ടത്തിൽ വടകരയും ഉൾപ്പെടുത്തി  ഇടതുമുന്നണിയോഗത്തിൽ ജനതാദൾ പട്ടികയും നൽകി.  എന്നാൽ വടകരക്ക് പകരം കോട്ടയമോ തിരുവനന്തപുരമോ വേണമെന്നാണ് സംസ്ഥാന നേതൃത്വം പാർട്ടിക്കുളളിൽ ധാരണയിലെത്തിയത്. 

തിരുവനന്തപുരം നൽകാൻ ഇടതുമുന്നണി തയ്യാറായില്ലെങ്കിൽ പത്തനംതിട്ടയോ കോട്ടയമോ ചോദിക്കാനും ധാരണയായി. സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി ദേവഗൗഡയുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് സംബന്ധിച്ച് ചർച്ചയായത്. തിരുവനന്തപുരത്ത് നീലലോഹിതദാസൻ നാടാർ, കോട്ടയത്ത് മാത്യു ടി തോമസ്, പത്തനംതിട്ടയെങ്കിൽ ജോർജ്ജ് തോമസ് എന്നിവരുടെ പേരാണ് പാർട്ടി പരിഗണിക്കുന്നത്. 

അതേസമയം നേതൃമാറ്റത്തെക്കുറിച്ച് തത്ക്കാലം തീരുമാനമെടുക്കേണ്ടെന്നാണ് സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ നിലവിലുളള നേതൃത്വം തുടരട്ടെയെന്ന് കെ കൃഷ്ണൻകുട്ടിയെ അനുകൂലിക്കുന്നവർ നിലപാടെടുത്തു. മന്ത്രിമാറ്റത്തിന് ശേഷം മാത്യു ടി തോമസിന് പാർട്ടി പ്രസിഡന്റ് സ്ഥാനം നൽകണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം .

എന്നാൽ  നേതൃമാറ്റം വന്നാൽ സമവായത്തിന്റെ  പേരിൽ  മുതിർന്ന നേതാവ് സി കെ നാണുവിനെ സംസ്ഥാന പ്രസിഡന്റാക്കിയാൽ മതിയെന്നാണ് കൃഷ്ണൻകുട്ടിപക്ഷം മുന്നോട്ട് വച്ച ഉപാധി. ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയിട്ടും  മുഴുവൻ സംസ്ഥാന നേതാക്കളെ ഉൾപ്പെടുത്തി യോഗം ചേരാത്തതിലും ഒരുക്കങ്ങൾ വിലയിരുത്താത്തതിലും  മാത്യു ടി തോമസിനെ അനുകൂലിക്കുന്ന വിഭാഗം കടുത്ത അമർഷം രേഖപ്പെടുത്തിയെന്നാണ് വിവരം.

click me!