ജനങ്ങളുമായി ബന്ധമുള്ളവര്‍ സ്ഥാനാര്‍ത്ഥികളാവണം, പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റില്ല: കെ.മുരളീധരൻ

By Web TeamFirst Published Feb 25, 2021, 6:57 PM IST
Highlights

സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് അടിസ്ഥാനമാവരുത്.  കഴിഞ്ഞ ലോക്സഭയിൽ എല്ലാവർക്കും വയനാട് സീറ്റ് വേണമെന്നായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥി നിർണയം പോലും താനറിഞ്ഞില്ല.

കോഴിക്കോട്: പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ.മുരളീധരൻ എംപി. കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിൽ സീറ്റ് കിട്ടുന്നില്ല. നേതാക്കളെ താങ്ങി നടക്കുന്നവര്‍ക്കാണ് സീറ്റ് കൊടുത്തത്. പക്ഷേ അവരെ ജനങ്ങൾ ജയിപ്പിക്കുന്നില്ല. 

സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് അടിസ്ഥാനമാവരുത്.  കഴിഞ്ഞ ലോക്സഭയിൽ എല്ലാവർക്കും വയനാട് സീറ്റ് വേണമെന്നായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥി നിർണയം പോലും താനറിഞ്ഞില്ല. അവസാനം ഫലം വന്നപ്പോൾ കിട്ടിയത് മൂന്ന് സീറ്റ് മാത്രമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. 

കെ കരുണാകരനൊപ്പം നിന്ന നേതാക്കളെയെല്ലാം ശരിപ്പെടുത്തുന്ന രീതിയാണ് കോൺഗ്രസിൽ ഇപ്പോഴുമുള്ളത്. താനടക്കമുള്ള ആളുകൾ അതിൻ്റെ ഇരകളാണ്. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് ഇതേക്കുറിച്ച് കൂടുതലായൊന്നും പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. മുൻമന്ത്രി പി ശങ്കരൻ്റെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.

ആവശ്യം വന്നാൽ ശബരിമലയിൽ ചെന്ന് ശരണം വിളിക്കാനും തയ്യാറായ ആളാണ് മുഖ്യമന്ത്രി. കേസ് പിൻവലിച്ചത് കൊണ്ട് മാത്രം വിശ്വാസികളുടെ മനസിലെ മുറിവുണക്കാനാവില്ല. സ്ത്രീകളെ കയറ്റി ആചാരങ്ങളെ വെല്ലുവിളിച്ചുണ്ടാക്കിയ മുറിവ് വിശ്വാസികളുടെ ഉള്ളിലുണ്ട് അതൊരിക്കലും ഉണങ്ങില്ല. ശോഭ സുരേന്ദ്രൻ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്ത സംഭവം ഗൗരവമായി എടുക്കേണ്ട. ബിജെപിയിൽ ഒരു സ്ഥാനവുമില്ലാത്തയാൾ പറഞ്ഞ കാര്യം കാര്യമായെടുക്കണ്ടതില്ല.  26-ാം തവണയും ലാവ്ലിൻ കേസ് മാറ്റി വച്ചത് സിപിഎം - ബിജെപി കൂട്ടുക്കെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാഹുൽ ഗാന്ധിയെ ബിജെപിയുടെ ഏജൻ്റ് എന്ന് വിജയരാഘവൻ വിളിച്ചു. 

ആ ഏജൻ്റിൻ്റെ പാർട്ടിയുമായി മറ്റ്  സംസ്ഥാനങ്ങളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നതെന്തിനാണ് ? നയമില്ലാത്ത പാർട്ടിയുടെ നയമില്ലാത്ത നേതാവാണ് വിജയരാഘവൻ. കോൺഗ്രസിനെ തോൽപിക്കാൻ കേരളത്തിൽ സിപിഎം ബിജെപിയുമായി സന്ധിയുണ്ടാക്കുന്നു. രാഹുൽ ഗാന്ധിക്ക് എ വിജയരാഘവൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. യെച്ചൂരിയോടു പോലും കാണിക്കാത്ത സ്നേഹമാണ് പിണറായിക്ക് മോഡിയോടുള്ളത്. 

click me!