' ഇരട്ടവോട്ട് ആരോപണം നനഞ്ഞ പടക്കം പോലെ ആയി'; ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകംപള്ളി

By Web TeamFirst Published Mar 27, 2021, 11:04 AM IST
Highlights

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി വാർത്ത സമ്മേളനം നടത്തി ധാർമികത പറഞ്ഞ ആളാണ്. ഇവർ ചെയ്ത പ്രവർത്തിക്ക് ഇവർ തന്നെ അനുഭവിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇരട്ട വോട്ട് വ്യാപകമാണെന്ന  രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായെന്ന്  കടകംപള്ളി സുരേന്ദ്രന്‍. ഇരട്ടവോട്ട് ആരോപിച്ച് യുഡിഎഫും കോൺഗ്രസും കോടതി നടപടികളടക്കമായി മുന്നോട്ട് പോകുന്നതിനിടെയാണ് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെ ചെന്നിത്തലയ്ക്കെതിരെ എല്‍ഡിഎഫ് വലിയ വിമര്‍ശനവുമായി രംഗത്തെത്തി.

രമേശ് ചെന്നിത്തലയുടെ ആരോപണം  നനഞ്ഞ പടക്കം പോലെയായി, അടിസ്ഥാനരഹിതമായി  ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്നും  കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കള്ളവോട്ട് ഉണ്ടാക്കിയവർക്കെ ഇത്ര കൃത്യം ആയി എണ്ണം പറയാൻ പറ്റൂ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി വാർത്ത സമ്മേളനം നടത്തി ധാർമികത പറഞ്ഞ ആളാണ്. ഇവർ ചെയ്ത പ്രവർത്തിക്ക് ഇവർ തന്നെ അനുഭവിക്കണം എന്നും കടകംപള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170 നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാർഡിന് അപേക്ഷ നൽകിയപ്പോൾ പഴയ നമ്പർ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം.

click me!